വിജ്ഞാനസമൂഹസൃഷ്ടിയില്‍ അക്ഷരമ്യൂസിയം സുപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തെ വിജ്ഞാനസമൂഹമാക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കാന്‍ പോകുന്ന സ്ഥാപനമാണ് അക്ഷരമ്യൂസിയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി നിര്‍മിച്ച അക്ഷരമ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാവൈവിധ്യങ്ങള്‍ ഇല്ലാതാക്കി ഒരു ഭാഷമാത്രം സംസാരിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരായ ചെറുത്തുനില്‍പു കൂടിയാണു മ്യൂസിയം. എഴുത്തുകാര്‍ പ്രസാധകര്‍ക്കു വിധേയരാകേണ്ടവരല്ല എന്ന ബോധം സൃഷ്ടിച്ച സംഘടനയാണ് എസ്.പി.സി.എസ്. എണ്‍പതുകള്‍ക്കുശേഷം അതിനു പിന്നോട്ടടികളുണ്ടായി. അതു മാറുകയും ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാംസ്‌കാരികമ്യൂസിയം നിര്‍മിക്കുന്നതിലേക്കുവരെ പുരോഗമിക്കുകയും ചെയ്തിരിക്കുന്നു. വൈക്കംസത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷവേളയിലാണ് ഇത്തരമൊരു മ്യൂസിയം നിലവില്‍ വരുന്നതെന്നതു പ്രത്യേകം പ്രസക്തമാണ്. മലയാളത്തെ ദേശീയഅന്തര്‍ദേശീയശ്രദ്ധയിലേക്കു കൊണ്ടുവരാനും മലയാളത്തെയും മലയാളസാഹിത്യത്തെയും വിദേശങ്ങളിലേക്കും, വിദേശഭാഷകളെയും സാഹിത്യത്തെയും തിരിച്ചു മലയാളത്തിലേക്കും ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതലും വ്യാപകവുമായി പരിചയപ്പെടുത്താന്‍ എസ്.പി.സി.എസ്. പ്രയത്‌നിക്കണം. അതിനായി മ്യൂസിയം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നാട്ടകത്ത് എസ്.പി.സി.എസിന്റെ ഇന്ത്യാപ്രസ് പുരയിടത്തിലാണു മ്യൂസിയം. അക്ഷരം എന്നാണു പേര്. 15000 ചതരുശ്രഅടിയില്‍ മ്യൂസിയത്തിന്റെ ഒന്നാംഘട്ടനിര്‍മാണത്തിനായി 15 കോടിരൂപയാണു സഹകരണവകുപ്പ് വകയിരുത്തിയത്. ഭാഷയുടെ വിവിധഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന നാലുഗ്യാലറികളാണ് ഇവിടെയുള്ളത്. അക്ഷരടൂറിസം സാംസ്‌കാരികയാത്രയും പദ്ധതിയുടെ ഭാഗമാണ്.