ലയനപൂര്‍വറാങ്കുലിസ്റ്റുകളിലെ അര്‍ഹര്‍ക്ക്‌ അഡൈ്വസ്‌ അയച്ചുതുടങ്ങി

Moonamvazhi

ജില്ലാസഹകരണബാങ്കുകളുടെ കാലത്ത്‌ റാങ്കുലിസ്റ്റില്‍ വന്നെങ്കിലും കേരളബാങ്ക്‌ വന്നതോടെ നിയമനം കിട്ടാതായവരുടെ ഹര്‍ജികളിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അഡൈ്വസ്‌ മെമ്മോ അയച്ചുതുടങ്ങി. മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നാലുവീതം ഒഴിവുകളിലേക്ക്‌ അഡൈ്വസ്‌ അയച്ചു. മലപ്പുറം ജില്ലാസഹകരണബാങ്കിലെ പാര്‍ട്ട്‌ ഒന്ന്‌ നേരിട്ടുള്ള നിയമനവിഭാഗത്തിലെ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ 2017 ജനുവരി 30ലെ റാങ്കുലിസ്റ്റില്‍നിന്ന്‌ 2020 ജനുവരി 30നു റിപ്പോര്‍ട്ടു ചെയ്‌ത മൂന്ന്‌്‌ ഒഴിവിലേക്ക്‌ ലിസ്‌റ്റ്‌ വന്ന്‌ ഒമ്പതുവര്‍ഷത്തിനുശേഷം ഇപ്പോള്‍ 2026 മാര്‍ച്ച്‌ 26ന്‌ പിഎസ്‌സിയുടെ അഡൈ്വസ്‌ ആയിട്ടുണ്ട്‌. മുസ്ലിം, എസ്‌ഐയുസി-എന്‍, തീയ്യ വിഭാഗങ്ങളിലെ ഓരോരുത്തര്‍ക്കാണ്‌ അഡൈ്വസ്‌ ആയത്‌. മേല്‍പറഞ്ഞ ദിവസങ്ങളില്‍തന്നെ റാങ്കുലിസ്റ്റുവരികയും ഒഴിവു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്‌ത സൊസൈറ്റി കാറ്റഗറിയില്‍ ഒരാള്‍ക്കും അഡൈ്വസ്‌ ആയിട്ടുണ്ട്‌. രണ്ടൊഴിവാണു സൊസൈറ്റി കാറ്റഗറിയില്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. ഇതില്‍ ഒ.സി. വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥിക്ക്‌ അഡൈ്വസ്‌ ആയി. എസ്‌ഐയുസി എന്‍ വിഭാഗത്തിലുള്ള ആരും റാങ്കുലിസ്‌റ്റില്‍ ഇല്ലാത്തതിനാല്‍ ആ ഒഴിവ്‌ നികത്തപ്പെടാതെ അവശേഷിക്കുകയാണ്‌.

തിരുവനന്തപുരം ജില്ലാസഹകരണബാങ്കുണ്ടായിരുന്ന കാലത്തെ റാങ്കുലിസ്റ്റിലെ നാലുപേര്‍ക്കും അഡൈ്വസ്‌ ആയിട്ടുണ്ട്‌. 020/2014, 021/2014 കാറ്റഗറി കോഡുകളിലായി 2014 മാര്‍ച്ച്‌ 14ലെയും 15ലെയും ഗസറ്റുവിജ്ഞാപനങ്ങള്‍പ്രകാരം ക്ലര്‍ക്കു/കാഷ്യര്‍ തസ്‌തികയിലേക്കു നിയമനത്തിനായി ക്ഷണിക്കപ്പെട്ട അപേക്ഷയനുസരിച്ചു തയ്യാറാക്കിയ റാങ്കുലിസ്റ്റുകളില്‍നിന്നാണിത്‌. 2017 മാര്‍ച്ച്‌ 22നാണു റാങ്കുലിസ്റ്റുകള്‍ വന്നത്‌. ഹൈക്കോടതിഉത്തരവുപ്രകാരം പുതുതായി റിപ്പോര്‍ട്ടു ചെയ്‌ത ഒഴിവുകളിലേക്കാണ്‌ അഡൈ്വസ്‌. ഈയിടെ 2026 മാര്‍ച്ച്‌ ഏഴിനാണ്‌ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 17ന്‌ അഡൈ്വസും ആയി. നേരിട്ടുള്ള വിഭാഗത്തില്‍ രണ്ടും സൊസൈറ്റി വിഭാഗത്തില്‍ രണ്ടും വീതമാണ്‌ അഡൈ്വസ്‌.

95 ഒഴിവുകള്‍ പിഎസ്‌സിയുടെ ജില്ലാ ഓഫീസുകള്‍ക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ കേരളബാങ്കിനോടു നിര്‍ദേശിച്ചുകൊണ്ടു സഹകരണസംഘം രജിസ്‌ട്രാര്‍ ഇക്കൊല്ലം ഫെബ്രുവരി നാലിന്‌ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഫ്രഷ്‌/ എന്‍ജെഡി/ ഡിഎ/എന്‍സിഎ കാറ്റഗറിയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 153 ഒഴിവുകള്‍ക്കു പുറമെയാണിത്‌. ഹൈക്കോടതിയുടെ 2025 ഡിസംബര്‍ എട്ടിലെയും 2022 ജൂലൈ 12ലെയും ഉത്തരവുകള്‍ നടപ്പാക്കാനും, കേരളബാങ്കു വരുംമുമ്പു ജില്ലാബാങ്കുകളില്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ നിയമനത്തിനുണ്ടായിരുന്ന 5:1 അനുപാതം പാലിക്കാനുമാണിതെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 57 റിട്ട്‌ അപ്പീലുകളിലെ ഹൈക്കോടതി നിര്‍ദേശം ഇതോടെ നടപ്പാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.

2025 ഡിസംബര്‍ എട്ടിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നാലുറിട്ടുഹര്‍ജികളിലെ ഹര്‍ജിക്കാരുമായും കേരളബാങ്കുമായും ഡിസംബര്‍ 30നും ഇക്കൊല്ലം ജനുവരി എട്ടിനും രജിസ്‌ട്രാര്‍ സംസാരിച്ചിരുന്നു. ഇരുഭാഗത്തെയും രേഖകള്‍, ഹര്‍ജികള്‍ക്കാധാരമായ മലപ്പുറംജില്ലാബാങ്കിലും മറ്റുജില്ലാബാങ്കുകള്‍ തുടര്‍ന്നിരുന്നെങ്കില്‍ അവയിലോരോന്നിലും അനുവദിക്കപ്പെടേണ്ടിയിരുന്ന ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയുടെ എണ്ണം, അന്നത്തെ റാങ്കുലിസ്റ്റുകളുടെ കാലാവധിയില്‍ 5:1 അനുപാതത്തില്‍ പിഎസ്‌സിവഴി ഉണ്ടായിരിക്കേണ്ടിയിരുന്ന ജീവനക്കാരുടെ എണ്ണം, പിഎസ്‌സി നിയമനങ്ങള്‍ എന്നിവ പരിശോധിക്കയും ചെയ്‌തു. വിധികള്‍പ്രകാരം കണ്ടെത്തിയതും പിഎസ്‌സിക്കു റിപ്പോര്‍ട്ടു ചെയ്യേണ്ടതുമായ 95 ഒഴിവുകള്‍ ഉണ്ടെന്നാണു നിഗമനം. തിരുവനന്തപുരം 4, കൊല്ലം 25, പത്തനംതിട്ട 4, കോട്ടയം 8, ഇടുക്കി 11, എറണാകുളം 16, തൃശ്ശൂര്‍ 11, പാലക്കാട്‌ 9, മലപ്പുറം 5, വയനാട്‌ 2 എന്നിങ്ങനെയാണിത്‌.

ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലേക്ക്‌ 2014ല്‍ വിവിധജില്ലാബാങ്കുകളിലേക്ക്‌ പിഎസ്‌സി അപേക്ഷ ക്ഷണിച്ചതോടെയാണു കാര്യങ്ങളുടെ തുടക്കം. 2016-17കാലത്തു റാങ്കുലിസ്‌റ്റുകളായി. മൂന്നുകൊല്ലം തികഞ്ഞമുറയ്‌ക്ക്‌ കാലാവധി തീര്‍ന്നു. ഇതിനിടെ മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകള്‍ ലയിച്ചു കേരളബാങ്കു വന്നു. നിയമനച്ചട്ടങ്ങള്‍ മാറി. 5:1 അനുപാതം പാക്‌സുകളല്ലാത്തവയിലെ ജീവനക്കാര്‍ക്കില്ലാതായി. ഒരുവിഭാഗം റാങ്കുഹോള്‍ഡര്‍മാരുടെ ഹര്‍ജിയില്‍ 2022 ജൂലൈ 12നു ഹൈക്കോടതി അവര്‍ക്കനുകൂലമായി വിധിച്ചു. പ്രതികൂലവിധി ലഭിച്ച മറ്റൊരുവിഭാഗത്തിന്റെ അപ്പീലില്‍ അവര്‍ക്കും ഈ വിധിയുടെ ആനുകൂല്യം 2025 ഡിസംബര്‍ എട്ടിനു ഹൈക്കോടതി അനുവദിച്ചു. തുടര്‍ന്നാണു രജിസ്‌ട്രാര്‍ ചര്‍ച്ചകള്‍ നടത്തിയതും കണക്കെടുത്തതും നിര്‍ദേശം നല്‍കിയതും. 2022ജൂലൈ 12ലെ വിധിയിലും രജിസ്‌ട്രാര്‍ക്ക്‌ ഒഴിവുകള്‍ കണക്കാക്കാനുംമറ്റുമുള്ള നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കേരളബാങ്കും സര്‍ക്കാര്‍നിര്‍ദേശത്തെത്തുടര്‍ന്നു രജിസ്‌ട്രാറും അപ്പീലുകള്‍ നല്‍കുകയും നിയമയുദ്ധം നീളുകയും ചെയ്‌തു. റാങ്കുലിസ്റ്റിരിക്കെ സ്ഥാപനം ഇല്ലാതാകുകയും മറ്റൊരുസ്ഥാപനമായി മാറുകയും ചെയ്‌താല്‍ ലിസ്റ്റിന്റെ ഭാവി എന്താകും, പുതിയ സ്ഥാപനം മുന്‍സ്ഥാപനത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണോ, ഇല്ലാതായ സ്ഥാപനത്തിനുവേണ്ടി മുന്‍പു തയ്യാറാക്കിയ റാങ്കുലിസ്റ്റില്‍നിന്നു പുതിയ സ്ഥാപനത്തിലേക്കു അഡൈ്വസ്‌ ചെയ്യാന്‍ പിഎസ്‌സിക്ക്‌ അധികാരമുണ്ടോ, സാധുവായ ലിസ്റ്റില്‍നിന്നു നിയമനം ലഭിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ അവകാശം ലംഘിക്കാമോ തുടങ്ങിയ ഗൗരവമായ നിയമപ്രശ്‌നങ്ങള്‍ നിയമയുദ്ധത്തില്‍ ഉയര്‍ന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 1016 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!