ദുര്‍ബലവിഭാഗങ്ങളുടെ അക്കൗണ്ട് മരവിച്ചാല്‍ സുഗമമായി ആക്ടിവേറ്റ് ചെയ്യണം: ആര്.ബി.ഐ.
ദുര്‍ബലവിഭാഗങ്ങളുടെ പ്രവര്‍ത്തനമില്ലാത്തതും മരവിച്ചതുമായ അക്കൗണ്ടുകള്‍ സുഗമമായും തടസ്സമില്ലാതെയും ആക്ടിവേറ്റ് ചെയ്യാന്‍ സൗകര്യമേര്പ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോടു നിര്‍ദേശിച്ചു. പ്രവര്‍ത്തനമില്ലാത്തതും മരവിച്ചതുമായ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തരനടപടികള്‍ വേണമെന്നാണു നിര്‍ദേശം. ഇതിനായി മൊബൈലിലൂടെയും ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും മാതൃശാഖകളല്ലാത്ത ശാഖകളിലൂടെയും വീഡിയോവഴിയുള്ള തിരിച്ചറിയല്‍ പ്രക്രിയയിലൂടെയുമൊക്കെ കെ.വൈ.സി. അപ്ഡേറ്റ് ചെയ്യാം. വിവിധ കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു പണം നല്കുന്നതിനായുള്ള അക്കൗണ്ടുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തില്‍ വേര്‍തിരിച്ചു പാലിക്കണമെന്നു നിര്‍ദേശമുണ്ട്. അവയിലേക്കു തുക എത്താന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിത്. പക്ഷേ, പല കാരണത്താലും ഈ അക്കൗണ്ടുകള്‍ പലതും മരവിച്ചതായി കണ്ടെത്തി. അപ്ഡേഷനും കാലാകാലം നടത്തേണ്ട കൈ.വൈ.സി അപ്ഡേഷനും പോലുള്ള കാര്യങ്ങള്‍ മാറ്റിവയ്ക്കപ്പെട്ടുപോകുന്നതു കൊണ്ടാണിതു സംഭവിക്കുന്നത്. ഈ അക്കൗണ്ടുകള്‍ മിക്കതും ദുര്ബലവിഭാഗങ്ങളുടെതാണ്. അത്തരം അക്കൗണ്ടുകള്‍ അനുഭാവപൂര്‍വം ആക്ടിവേറ്റ് ചെയ്യണമെന്നാണു നിര്‍ദേശം. ഇതിനായി പ്രത്യേക കാംപെയ്നുകള്‍ സംഘടിപ്പിക്കണം. ആധാര്അധിഷ്ഠിതസേവനങ്ങള് നല്കുന്ന ബാങ്ക്ശാഖകളിലൂടെ ആധാര്‍ അപ്ഡേഷന് സുഗമമാക്കാന്‍ നടപടികളെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ക്കു സക്രിയമേല്നോട്ടം വഹിക്കണമെന്നു സംസ്ഥാനതലബാങ്കേഴ്സ് കമ്മറ്റികളോടും നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനരഹിതവും മരവിച്ചതുമായ അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാനുള്ള പ്രത്യേകനടപടികള്‍ ഉപഭോക്തൃസേവനസമിതികള് നിരീക്ഷിക്കണം. ബാങ്കുകള്‍ ഓരോമൂന്നുമാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡാക്ഷ് പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട സീനിയര്‍ സൂപ്പര്‍വൈസറി മാനേജര്‍ക്കു സമര്‍പ്പിക്കണം. ഡിസംബര്‍ 31നു തുടങ്ങുന്ന ത്രൈമാസപാദം മുതല്‍ ഇതു തുടങ്ങണം.
ഉപഭോക്താവിന്റെ ഭാഗത്തുനിന്നും ഒരുവര്‍ഷത്തിലേറെയായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകള്‍ നിരീക്ഷിക്കണമെന്നും, സ്കോളര്‍ഷിപ്പ് തുക ലഭിക്കാനും, സര്‍ക്കാര്‍ പദ്ധതികളുടെ നേരിട്ടു ബാങ്കു വഴി കൈമാറുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനും (ഡി.ബി.ടി) ഇലക്ട്രോണിക് ആനുകൂല്യക്കൈമാറ്റത്തിനും (ഇ.ബി.ടി) ഉള്ള അക്കൗണ്ടുകള്‍ അവ പ്രവര്‍ത്തിക്കാതായാലും കോര്‍ബാങ്കിങ് സംവിധാനത്തില്‍ വേര്‍തിരിച്ചു സംരക്ഷിക്കണമെന്നും, ഈ അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും ഉപഭോക്താക്കളെ കണ്ടെത്താന്‍ നടപടികളെടുക്കണമെന്നും 2024 ജനുവരി ഒന്നിലെ ആര്.ബി.ഐ.യുടെ ഒരു സര്‍ക്കുലര്‍ പ്രകാരം ബാങ്കുകള്‍ക്കു ചുമതലയുണ്ട്. ഇതിനായി ബോധവല്‍ക്കരണവും സാമ്പത്തിക സാക്ഷരതാപ്രവര്ത്തനങളും നടത്തുകയും ശാഖകളിലും വെബ്സൈറ്റിലും ആക്ടിവേഷനെക്കുറിച്ചുള്ള വിവിരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ, ആര്.ബി.ഐ.യുടെ മേല്നോട്ടവിഭാഗം പലബാങ്കിലും പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകളും അവകാശപ്പെടാത്തനിക്ഷേപങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണു പുതിയ നിര്‍ദേശം. ഏറെ നാളായി പ്രവര്ത്തനമില്ലാതിരിക്കുന്നതും അപ്ഡേഷനും കെ.വൈ.സി അപ്ഡേഷനും നടക്കാതിരിക്കുന്നതുമാണു കാരണമായി പറയുന്നത്. അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ ബാങ്കുകളെ സമീപിച്ച ഉപഭോക്താക്കള്‍ക്ക് പല അസൗകര്യങ്ങളുമുണ്ടായി. അപ്ഡേഷനും കെ.വൈ.സി.യുടെ കാലാകാലമുള്ള അപ്ഡേഷനും നിരവധി ബാങ്കുകളില്‍ വ്യാപകമായി മാറ്റിവയ്ക്കപ്പെട്ടതായും കണ്ടെത്തി. ഇതു ബാങ്കുകളുടെ ആഭ്യന്തരനയപ്രകാരം അവയില്‍ തുടര്‍ഇടപാടുകള്‍ തടസ്സപ്പെടുന്ന വിധം മരവിക്കുന്നതില്‍ കലാശിച്ചതും പുതിയ സര്‍ക്കുലറിനു കാരണമാണ്.