എ.ടി.എം കാർഡ് – സാങ്കേതിക തടസ്സങ്ങൾ പണം ഇടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്ന് ആർ.ബി.ഐ.
ബാങ്കുകളിൽനിന്ന് എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ സാങ്കേതിക തകരാർ മൂലം നേരിടുന്ന തടസ്സങ്ങൾ പണം ഇടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇനിമുതൽ ഇവയ്ക്കൊന്നും പ്രത്യേക ചാർജും ഈടാക്കില്ല.
എ.ടി.എം വഴി പണം എടുക്കാൻ ശ്രമിക്കുമ്പോൾ ടെക്നിക്കൽ എറർ എന്ന് കാണിക്കുന്നത് ഉൾപ്പെടെയുള്ള ധനേതര സേവനങ്ങൾ പണമിടപാടിന്റെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്ന് ആർ.ബി.ഐ പറഞ്ഞു. എ.ടി.എം ഉപയോഗിക്കുമ്പോൾ പിൻ നമ്പർ തെറ്റി പോവുക, നോട്ടുകൾ ലഭിക്കാതിരിക്കുക, അതാത് ബാങ്കുകളുടെ എ.ടി.എമ്മിൽ നടത്തുന്ന ബാലൻസ് അന്വേഷണം, നികുതിയായി പണം അടക്കൽ, പണം കൈമാറ്റം, ചെക്ക് ബുക്ക് അപേക്ഷ എന്നിവ പണമിടപാട് പരിധിയിൽ വരില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 14.8.2019 നു ഇറങ്ങിയ ഉത്തരവിൽ പറയുന്നു.