ബാങ്കുകളിലെ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം കൂടുതൽ ജനകീയമാക്കാൻ റിസർവ് ബാങ്ക് തീരുമാനം: എൻ.ഇ.എഫ്.ടി സംവിധാനം 24 മണിക്കൂർ.
എൻ.ഇ.എഫ്.ടി സംവിധാനം 24 മണിക്കൂർ ആക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു.ഓൺലൈൻ ഫണ്ട് കൈമാറ്റങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന്റെ ഭാഗമായാണിത്. വരുന്ന ഡിസംബർ മുതൽ 24മണിക്കൂർ സേവനം ലഭിക്കുമെന്ന് ആർ.ബി.ഐ പ്രഖ്യാപിച്ചു.
നിലവിൽ, ചില്ലറ പണം അടക്കൽ സംവിധാനമായി പ്രവർത്തിക്കുന്ന എൻ.ഇ.എഫ്.ടി പെയ്മെന്റ് സംവിധാനം ആഴ്ചയിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് ഏഴ് വരെ മാത്രമായിരുന്നു. തന്നെയുമല്ല 2,4 ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ലഭ്യമല്ലായിരുന്നു. ഇതാണ് എല്ലാ ദിവസവും ഏതുസമയവും ചെയ്യാവുന്ന രീതിയിലേക്ക് ഡിസംബർ മുതൽ മാറ്റുന്നത്. 2021 ആകുന്നതോടെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാൻ സാധിക്കുമെന്നും റിസർവ്ബാങ്ക് കരുതുന്നു.
തന്നെയുമല്ല എൻ.ഇ.എഫ്.ടി , ആർ.ടി.ജി.എസ് എന്നിവയ്ക്ക് നേരത്തെ ചുമത്തിയിരുന്ന ചാർജുകൾ ജൂലൈ ഒന്നുമുതൽ റിസർവ്ബാങ്ക് ഒഴിവാക്കിയിരുന്നു.
ഇതേപോലെ ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(ബി.ബി.പി.എസ് ) വഴി വൈദ്യുതി,ഗ്യാസ്, ടെലികോം, വാട്ടർ, ബില്ലുകൾ അടയ്ക്കാം. ബി.ബി.പി.എസ് വഴി സ്കൂൾ /സർവകലാശാല ഫീസ്, മുൻസിപ്പൽ/ പഞ്ചായത്ത് ടാക്സ്, തുടങ്ങിയ സേവനങ്ങളും ലഭിക്കും. റിസർവ് ബാങ്കിന്റെ കൂടുതൽ നിർദ്ദേശങ്ങളും സേവനങ്ങളും സെപ്റ്റംബർ അവസാനത്തോടെ പുറത്തുവരുമെന്നാണ് അറിയുന്നത്.
[mbzshare]