പ്രതിസന്ധികളെ അതിജീവിച്ച് കാലഘട്ടത്തിനൊപ്പം നെല്ലറയുടെ നാട്ടിൽ വിജയക്കൊടി പാറിച്ച് പാലക്കാട് ജില്ലാ സഹകരണ ബാങ്ക്…
കേരളത്തിൻറെ നെല്ലറയുടെ സാമ്പത്തിക അടിത്തറയായ സഹകരണ സ്ഥാപനം അഭിമാനകരമായ നേട്ടത്തിന്റെ ഒരു പടവ് കൂടി കടന്നിരിക്കുന്നു. 2017‐18 വർഷം സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച മൂന്നാമത്തെ ജില്ലാസഹകരണ ബാങ്കായി പാലക്കാട് ജില്ലാസഹകരണ ബാങ്കിനെ (പിഡിസിബി) തെരഞ്ഞെടുത്തത് ഈ ജില്ലയിലെ സഹകാരി സമൂഹത്തിനാകെയുള്ള അംഗീകാരമാണ്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന് ബാങ്കിന്റെ മുൻ അഡ്മിനിസ്ട്രേറ്റർ എം. കെ.ബാബു, ജനറൽ മാനേജർ ജിൽസ് മോൻ ജോസ്, മുൻ ജനറൽ മാനേജർ എ സുനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ടി. അനിത എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നിക്ഷേപ സമാഹരണത്തിൽ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള പുരസ്കാരത്തിന് പിഡിസിബി അർഹമാകുന്നത് ഇതാദ്യമായാണ്.
7024 കോടി രൂപയുടെ ബിസിനസ് നടത്തിയാണ് പിഡിസി ബാങ്ക് ഈ ചരിത്രനേട്ടം കൈവരിച്ചത്. 4566 കോടി രൂപയുടെനിക്ഷേപവും 2458 കോടി രൂപയുടെ വായ്പാബാക്കിയും ബാങ്കിനുണ്ട്. 5.17 കോടിരൂപയുടെ ലാഭമുണ്ടാക്കി. നിക്ഷേപത്തിൽ മുൻവർഷത്തേക്കാൾ 446 കോടി രൂപയുടെയും വായ്പാബാക്കിനിൽപ്പിൽ 621 കോടി രൂപയുടെയും വർദ്ധനവും ഉണ്ടാക്കി. വ്യക്തിഗത വായ്പയിലെ വർധന 19.58 കോടി രൂപയാണ്.
ബാങ്കിന്റെ വായ്പാ- നിക്ഷേപ അനുപാതം 46.36 ശതമാനത്തിൽ നിന്ന് 53.84 ശതമാനമായി ഉയർന്നു. ഓഹരി മൂലധനം 58.49 കോടിയിൽ നിന്ന് 63.47 കോടിയിലേക്ക് എത്തി. സംഘങ്ങളിൽ നിന്ന് 6.43 കോടി രൂപ പിരിഞ്ഞുകിട്ടി. കുടിശ്ശിക നിവാരണത്തിനു ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. 2018 മാർച്ച് 31നു അറ്റ നിഷ്ക്രിയ ആസ്തി (NPA) 6.65 ശതമാനമാണ്.
അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധത:
പാലക്കാടിന്റെ കാർഷിക സ്വപ്നങ്ങൾക്ക് ഒപ്പം ചേർന്ന് നിൽക്കാൻ ജില്ലാ ബാങ്കിനായിട്ടുണ്ട്.
മൊത്തം വായ്പാ നീക്കിയിരുപ്പിൽ 621.81 കോടി രൂപ കാർഷിക വായ്പയാണ് എന്നതും എടുത്തുപറയേണ്ടതാണ്. കാർഷികസമൂഹത്തോടുള്ള ബാങ്കിന്റെ അചഞ്ചലമായ പ്രതിബദ്ധതക്ക് തെളിവാണ് ഈ കണക്കുകൾ. സംഘങ്ങൾക്ക് നൽകിയ കാർഷിക വായ്പയിൽ വൻ കുതിച്ചുചാട്ടംതന്നെ ഉണ്ടക്കാനായി. ഹ്രസ്വ‐മധ്യ‐ദീർഘകാല വിള വായ്പകൾക്ക് പുറമെ കിസാൻ ക്യാഷ് ക്രെഡിറ്റ് വായ്പയും നെല്ല് സംഭരണ വായ്പയും ഉൾപ്പെടെ 558.16 കോടി രൂപയുടെ കാർഷിക വായ്പ വിതരണം ചെയ്തു. മുൻ വർഷത്തിൽനിന്ന് 451 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 63.64 കോടി രൂപയുടെ വ്യക്തിഗത കാർഷിക വായ്പയും ഈ കാലയളവിൽ നൽകിയിട്ടുണ്ട്.
ജില്ലയിലെ നെൽകർഷകരുടെ ചിരകാലാഭിലാഷമായ പാഡികോ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ബാങ്കിന്റെ നേതൃത്വത്തിൽ 6.05 കോടിയുടെ കൺസോർഷ്യം രൂപീകരിച്ചു മുഴുവൻ തുകയും റിലീസ് ചെയ്യാനായി. ഇതിൽ 4.57 ലക്ഷം രൂപ ജില്ലാ ബാങ്ക് വിഹിതമാണ്. സംഘങ്ങൾ വഴി ആറുമാസം കാലാവധിയിൽ പലിശ രഹിത കെ സി സി വായ്പയും നൽകുന്നുണ്ട്. 40.75 കോടി രൂപ വായ്പ ഇത്തരത്തിൽ നൽകിയതായി ജനറൽ മാനേജർ ജിൽസ്മോൻ ജോസ് പറഞ്ഞു.
മഹിളമിത്ര വായ്പാ പദ്ധതി, പലിശരഹിത കെസിസി വായ്പ, മൊബൈൽ ബാങ്കിങ്, സ്റ്റുഡന്റ് റുപേ കാർഡ് വിതരണം തുടങ്ങി വിവിധ പദ്ധതികളും സേവനങ്ങളും ബാങ്ക് ഏറ്റെടുത്തു നടത്തുന്നു. കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന് 200 കോടിയുടെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുടെ സൈബർ പാർക്ക് നിർമാണത്തിനായുള്ള കൺസോർഷ്യത്തിൽ പിഡിസി ബാങ്കും പങ്കാളിയാണ്.
ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയുടെ വികസനത്തിനും ശാക്തീകരണത്തിനും വിവിധ പദ്ധതികൾ ബാങ്ക് ഏറ്റെടുത്തു നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ മഹിളമിത്ര ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. ഗ്രാമങ്ങളെ ദത്തെടുക്കുന്ന സാഗി പദ്ധതി പ്രകാരം മുൻ എംപി എം ബി രാജേഷ് ദത്തെടുത്ത അട്ടപ്പാടി ബ്ലോക്കിലെ പുതൂർ, ഷോളയൂർ, അഗളി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് 10000 രൂപ വീതം ഒരു വർഷത്തേക്ക് വായ്പ നൽകുന്ന പദ്ധതിയിൽ തിരിച്ചടവ് 100% ആണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 15000 രൂപയായി വായ്പാ പരിധി ഉയർത്തി നൽകും. വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ഈ വായ്പ ഏറെ സഹായകരമായിട്ടുണ്ട്. അഗളിയിലും ഷോളയൂരിലും മഹിളമിത്ര വായ്പ ഉപയോഗിച്ച് നടത്തുന്ന ക്യാന്റീനുകളും ഹോട്ടലുകളും പലഹാര യൂണിറ്റുകളും കൃഷിയിടങ്ങളുമുണ്ട്.
പുതിയ കാലത്തിനൊപ്പം:
സാമ്പത്തിക ഇടപാടുകൾ സ്വന്തം മൊബൈൽഫോണിലേക്ക് കേന്ദ്രീകരിക്കുന്ന പുതിയകാലത്ത് അതിനൊപ്പം മുന്നേറാൻ ഊർജിതമായ പ്രവർത്തനമാണ് പിഡിസി ബാങ്ക് നടത്തുന്നത്. പുതിയ തലമുറയെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെയാകെ സാമ്പത്തിക ഇടപാടുകളുടെ മുഖ്യധാരയിൽ എത്തിക്കാനും പിഡിസി ബാങ്ക് ശ്രദ്ധിക്കുന്നു. ജില്ലയുടെ കാർഷിക‐ആദിവാസി മേഖലയിൽ സാമ്പത്തിക സാക്ഷരതാ ക്ലാസുകൾ ഫലപ്രദമായി ബാങ്ക് നടപ്പാക്കുന്നുണ്ട്. അഗളിയിൽ നടത്തുന്ന ക്ലാസ്സുകളിൽ ഇരുന്നൂറോളം ഇടപാടുകാർ പങ്കെടുക്കാറുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗം വ്യാപിപ്പിക്കാനും ഇതുവഴി സാധിച്ചു. ബാങ്കിന്റെ എടിഎം വഴി യഥേഷ്ടം ഇടപാട് നടത്താം. സ്റ്റുഡന്റ് അക്കൗണ്ടുകൾക്ക് റുപേ കാർഡുകൾ ഉടൻ തന്നെ വിതരണം ചെയ്യുന്നു.
അഗളിയിൽ ഒരു മൊബൈൽ യൂണിറ്റും പ്രവർത്തിക്കുന്നു. അകലെയുള്ള ആദിവാസി ഊരുകളിലേക്ക് ബാങ്കിന്റെ മൊബൈൽ ബസ് എത്തി ബാങ്കിങ് സേവനം ലഭ്യമാക്കുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ച് ബാങ്കിലെത്താനുള്ള പ്രയാസം ഇത്തരത്തിൽ പരിഹരിക്കപ്പെടുന്നത് അവിടത്തെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണ്.
പ്രതിസന്ധികളെ അതിജീവിച്ച നേട്ടം:
നോട്ട് നിരോധനം ബാങ്കിന്റെ ബിസിനസിനെ സാരമായി ബാധിക്കുമെന്ന് ഭയന്ന സമയത്താണ് ഈ വലിയ നേട്ടമുണ്ടാക്കാനായത് എന്നത് പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. നിശ്ചയദാർഢ്യത്തോടെ സ്വീകരിച്ച നടപടികളും സഹകാരികളുടെയും പൊതുസമൂഹത്തിന്റെയാകെയും പിന്തുണയുമാണ് പ്രതിസന്ധിഘട്ടത്തിലും കരുത്തോടെ മുന്നേറാൻ ഊർജമായത്. നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങൾക്കുപുറമേ പ്രളയത്തിന്റെ നാശനഷ്ടങ്ങൾ, കൃഷിനാശം തുടങ്ങിയ നിരവധി അപ്രതീക്ഷിത വെല്ലുവിളികൾ തരണംചെയ്ത കാലയളവാണ് കടന്നുപോയത്. ജീവനക്കാരുടെയും ഇടപാടുകാരുടെയും കൂട്ടായ്മയിലൂടെയാണ് ഈ പ്രതിബന്ധങ്ങൾക്കെല്ലാം പരിഹാരം കാണാനായത്.
വളർച്ചയുടെ ദശകങ്ങൾ:
മലബാർ കോ ഓപ്പറേറ്റീവ് സെൻട്രൽബാങ്ക് എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് പാലക്കാട് ജില്ലയുടെ രൂപീകരത്തോടെ 1963ൽ പാലക്കാട് സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കായി മാറി. 1985ൽ ആണ് പാലക്കാട്ജില്ലാ സഹകരണ ബാങ്ക് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചത്. ആ നിലയിൽ 34വർഷത്തെ മികച്ച സേവന കാലയളവാണ് കടന്നുപോകുന്നത്. നിലവിൽ 95 പ്രൈമറികാർഷിക ക്രെഡിറ്റ് സഹകരണ സംഘങ്ങൾ, 5 അർബൻ സഹകരണ ബാങ്കുകൾ, 33 കൈത്തറി‐നെയ്ത്ത് സംഘങ്ങൾ, 162 ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ ഉൾപ്പെടെ 603 സംഘങ്ങൾ പിഡിസിബിയിൽ അംഗങ്ങളാണ്.
നിലവിൽ 44 ശാഖകളും ഒരു മൊബൈൽ യൂണിറ്റും ഉള്ള ബാങ്കിൽ 363 ജീവനക്കാരുണ്ട്. പുരസ്കാരം നേടിയ കാലയളവിൽ 363 ജീവനക്കാരുണ്ടായിരുന്നു. ജീവനക്കാർക്കായി പൂനെ, ലക്നൗ, തിരുവനന്തപുരം, ബാംഗ്ലൂർ എന്നവിടങ്ങളിൽ വെച്ച് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2017 ഏപ്രിൽ 11 മുതൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണചുമതയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
[mbzshare]