അധ്യാപകര്‍ക്ക് അഭിമാനമായി മലപ്പുറത്തെ മാസ്റ്റ്

[mbzauthor]

 

– യു.പി. അബ്ദുള്‍ മജീദ്

ഇത്തവണ മികച്ചസഹകരണ സംഘത്തിനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ
മലപ്പുറം എയ്ഡഡ്‌സ്‌കൂള്‍ ടീച്ചേഴ്‌സ്‌സഹകരണ സംഘം1975 ലാണ് ആരംഭിച്ചത്.
ഇപ്പോള്‍ 157 കോടി രൂപ നിക്ഷേപവും11,022 അംഗങ്ങളുമുള്ള ഈ ക്ലാസ് വണ്‍
സൂപ്പര്‍ഗ്രേഡ് സംഘത്തിനു സ്വന്തമായി വര്‍ക്കിങ്‌വിമന്‍സ് ഹോസ്റ്റലുണ്ട്.
പാക്കേജ് ടൂര്‍മേഖലയിലും സംഘം സജീവമാണ്.

 

അക്ഷരങ്ങളുടെയും അറിവിന്റേയും ലോകത്ത് ആത്മസമര്‍പ്പണം നടത്തുന്ന അധ്യാപകര്‍ സഹകരണ രംഗത്തേക്കു ചുവടു വെച്ചപ്പോള്‍ രൂപം കൊണ്ടതു നാടിന്റെ വികസന മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്ന കൂട്ടായ്മ. മഹാമാരിയുടെ കാലത്തു ജനങ്ങള്‍ക്കും സര്‍ക്കാറിനും താങ്ങായി മാറിയ സംഘശക്തി. മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള ഇത്തവണത്തെ സഹകരണ വകുപ്പ് അവാര്‍ഡ് ( മൂന്നാം സ്ഥാനം ) നേടിയ മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം മലപ്പുറത്തിനു മാത്രമല്ല കേരളത്തിലെ അധ്യാപക സമൂഹത്തിനും അഭിമാനത്തിനു വക നല്‍കുന്നു.

കാല്‍പ്പന്തു കളിക്കാരുടേയും കാളപൂട്ടു കമ്പക്കാരുടേയും നാടാണു മലപ്പുറം. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ രക്തം ചിന്തിയ പ്രദേശം. സ്‌നേഹത്തിന്റേയും സൗഹാര്‍ദത്തിന്റെയും പച്ചപ്പ് നഷ്ടമാവാത്ത ഗ്രാമങ്ങള്‍. സാക്ഷരതാ മുന്നേറ്റത്തിലൂടെ ലോകം ശ്രദ്ധിച്ച ജില്ല. വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യവും പൈതൃകവുമൊക്കെ സംരക്ഷിച്ചു കൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്തു കുതിച്ചുചാട്ടം നടത്തിയ ജനത. കൃഷിയും കച്ചവടവും ചെറുകിട തൊഴില്‍സംരംഭങ്ങളുമൊക്കെ തഴച്ചുവളര്‍ന്ന മലപ്പുറത്തു സഹകരണ മേഖലയില്‍ വലിയ ബാങ്കിങ് സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ ഉയര്‍ന്നു കഴിഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ച് 1975 ല്‍ തുടങ്ങിയ എയ്ഡഡ് സ്്കൂള്‍ ടീച്ചേഴസ് സഹകരണ സംഘം മാസ്റ്റ് ( ങഅടഠ ) എന്ന ചുരുക്കപ്പേരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അധ്യാപക സഹകരണ സംഘങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

ശക്തമായ സാമ്പത്തികാടിത്തറ

അധ്യാപകര്‍ക്കു പണം നിക്ഷേപിക്കാനും വായ്പയെടുക്കാനുമുള്ള സഹകരണ സംഘം എന്നതില്‍ക്കവിഞ്ഞ് സാമൂഹിക പ്രതിബദ്ധതയോടെ നാടിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പരിഹാര നടപടികളുമായി സജീവമായി രംഗത്തിറങ്ങുകയും ചെയ്യുന്ന സ്ഥാപനം എന്ന നിലക്കാണ് ഈ അധ്യാപക സഹകരണ സംഘം ശ്രദ്ധേയമാവുന്നത്. മഹാമാരിക്കാലത്തു ദുരിതാശ്വാസത്തിനു 55 ലക്ഷം രൂപ നല്‍കിയ സംഘം വന്‍കിട സഹകരണ ബാങ്കുകളെപ്പോലും പിന്നിലാക്കി. സ്ത്രീസുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയും കാര്‍ഷിക സഹായ പരിപാടികള്‍ ഏറ്റെടുത്തും വിദ്യാഭ്യാസ പ്രോത്സാഹനത്തിനു പണം ചെലവഴിച്ചും മാസ്റ്റ്് മാതൃകയായി. തിരൂര്‍ വിദ്യാഭ്യാസ ഉപ ജില്ലയൊഴികെ മലപ്പുറം റവന്യൂ ജില്ല പൂര്‍ണമായി സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലാണ്. 157 കോടി രൂപ നിക്ഷേപവും 86 കോടി രൂപ വായ്പയുമുള്ള മാസ്റ്റിനെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് വിഭാഗത്തിലാണു സഹകരണ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11,022 അംഗങ്ങളുള്ള സംഘത്തിന്റെ ഓഹരി മൂലധനം 1.27 കോടി രൂപയും പ്രവര്‍ത്തന മൂലധനം 158.77 കോടി രൂപയുമാണ്. മലപ്പുറത്തു സ്വന്തം കെട്ടിടത്തില്‍ സംഘത്തിന്റെ ഹെഡ്ഓഫീസും മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നു. താനൂര്‍, എ.ആര്‍. നഗര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, വളാഞ്ചേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചും മഞ്ചേരി , വണ്ടൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കളക്ഷന്‍ സെന്ററുകളുമുണ്ട്. പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ചും ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കിയും മാസ്റ്റ് ഇടപാടുകാര്‍ക്കു സമയനഷ്ടം ഒഴിവാക്കുന്നു.

ഇടപാടുകാരുടെ അടുത്ത് നേരിട്ട്

മാസ്റ്റ് ഓണ്‍ വീല്‍സ് എന്ന പേരില്‍ ഇടപാടുകാരുടെ അടുത്തു നേരിട്ടുചെല്ലുന്ന ഒരു പദ്ധതിയും സംഘം നടപ്പാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കിങ് ഇടപാടുകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ജീവനക്കാര്‍ സംഘത്തിന്റെ വാഹനത്തില്‍ നേരിട്ടെത്തും. സ്‌കൂളുകളിലും മറ്റും ഈ സേവനം ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാവും. റിക്കറിങ്, സേവിങ്‌സ്, ഫിക്‌സഡ് ഇനങ്ങളിലായി നിക്ഷേപങ്ങള്‍ സമാഹരിക്കുന്ന സംഘം അത് ഏറ്റവും കുറഞ്ഞ പലിശക്കു വായ്പ കൊടുക്കുന്നതു വലിയ സാങ്കേതിക നൂലാമാലകളില്ലാതെയാണ്. സ്വന്തം ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നര ലക്ഷം രൂപ വായ്പ നല്‍കുന്നുണ്ട്. വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭൂപണയവായ്പ, അടിയന്തര വായ്പ തുടങ്ങി കുറഞ്ഞ പലിശക്കു പത്തിലധികം ഇനങ്ങളില്‍ മാസ്റ്റ് വായ്പ നല്‍കുന്നുണ്ട്. വായ്പാ തിരിച്ചടവിന്റെ കാര്യത്തിലും അധ്യാപക സഹകരണ സംഘം മികച്ച നിലവാരത്തിലാണ്. സംഘത്തിന്റെ ഏറ്റവും വലിയ ധനാഗമ മാര്‍ഗം ഗ്രൂപ്പ് നിക്ഷേപ പദ്ധതിയാണ്. 5.58 കോടി രൂപ സലയുള്ള 90 ഗ്രൂപ്പു നിക്ഷേപ പദ്ധതികള്‍ സംഘത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നു.

സ്ത്രീസുരക്ഷയിലും മുന്‍പന്തിയില്‍

മലപ്പുറം കോട്ടപ്പടിയില്‍ സംഘം നടത്തുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ സേവനരംഗത്തു മികച്ച മാതൃകയാണ്. ജില്ലാ ആസ്ഥാനമായതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിരവധി ഓഫീസുകള്‍ കേന്ദ്രീകരിച്ച കുന്നുമ്മല്‍, കോട്ടപ്പടി എന്നിവിടങ്ങളില്‍ വനിതാജീവനക്കാര്‍ താമസസൗകര്യത്തിനു വളരെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്‌നത്തിനു പരിഹാരമായാണു സംഘം മാസ്റ്റ് ഹെര്‍ നെസ്റ്റ് ( ങമേെ വലൃ ചലേെ ) എന്ന പേരില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിച്ചത്. 20 പേര്‍ക്കു താമസവും ഭക്ഷണവും നല്‍കാനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്. നഗര പ്രദേശമായി വളര്‍ന്ന കോട്ടപ്പടിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ താമസത്തിനും ഭക്ഷണത്തിനും വലിയ തുക ഈടാക്കുമ്പോള്‍ സംഘം താമസക്കാരില്‍നിന്നു പ്രതിമാസം 4000 രൂപയാണു വാങ്ങുന്നത്. രണ്ട് പേര്‍ക്കു തൊഴില്‍ നല്‍കാനും ഹോസ്റ്റല്‍ നടത്തിപ്പുവഴി സംഘത്തിനു കഴിയുന്നുണ്ട്. സ്വന്തമായി കെട്ടിട സൗകര്യമൊരുക്കി കൂടുതല്‍ പേര്‍ക്കു ഹോസ്റ്റല്‍ പ്രവേശനം നല്‍കാനുള്ള ശ്രമത്തിലാണു മാസ്റ്റ്.

വിനോദയാത്രാ സംഘാടനം

സംഘത്തിന്റെ ബാങ്കിങ്ങിതര മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം മാസ്റ്റ് ഹോളിഡെയ്‌സ് ( ങമേെ ഒീഹശറമ്യ െ) എന്ന പേരിലുള്ള ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രമാണ്. കോവിഡ് കാലത്തു ടൂറിസം രംഗം അല്‍പ്പം പിന്നോട്ടു പോയെങ്കിലും അതിനു മുമ്പ് ഈ രംഗത്തു നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ പ്രൊഫഷണല്‍ രീതിയില്‍ത്തന്നെ മാസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ടൂറിസം മേഖലയിലെ സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപ്പെടുന്നതു സ്‌കൂളുകള്‍ക്കാണ്. വിദ്യാര്‍ഥികളുടെ പഠനയാത്രകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘം ഏര്‍പ്പെടുത്തുന്നുണ്ട്. രാജ്യത്തെ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂട്ടിയിണക്കി സംഘം സംഘടിപ്പിക്കുന്ന യാത്രകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ നിരവധിയാണ്. ഫാമിലി ടൂറുകളുടെ സംഘാടനത്തിലും സംഘം മികവ് പുലര്‍ത്തുന്നുണ്ട്. യാത്ര പോവുന്നവര്‍ക്കു വാഹനം, താമസം, ഭക്ഷണം, ഗൈഡ്‌സേവനം തുടങ്ങിയവയെല്ലാം സംഘം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുന്നു. യാത്രാടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോവിഡ ്പ്രതിസന്ധി നീങ്ങുന്നതോടെ ടൂറിസം രംഗത്തു കൂടുതല്‍ ഊന്നല്‍ നല്‍കാനാണു തീരുമാനം.

സേവന മേഖലയില്‍

28 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം അംഗങ്ങള്‍ക്കു 20 ശതമാനം ലാഭവിഹിതം നല്‍കുന്നതിനു പുറമെ പൊതുന•-ക്കായി വലിയ തുക ചെലവഴിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കെയര്‍ ഹോം പദ്ധതി, വാക്്‌സിന്‍ ചലഞ്ച് എന്നിവക്കാണു മാസ്റ്റിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവുമായി അരക്കോടിയിലധികം രൂപ നല്‍കിയത്. കോവിഡ് കാലത്ത് 2000 മാസ്‌ക്കുകളാണു വിതരണം ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കു 5000 ബോട്ടില്‍ വെള്ളം നല്‍കി. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനും സംഘം രംഗത്തിറങ്ങി. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച കപ്പ ശേഖരിച്ചു സംഘം വിതരണം ചെയ്തു. പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനു വിത്ത്, വളം, ഗ്രോബാഗ് എന്നിവ രണ്ടു വര്‍ഷമായി വിതരണം ചെയ്യുന്നുണ്ട്. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തുന്നുണ്ട്. കുട്ടികളുടെ പഠനാവശ്യത്തിനു 30 ടെലിവിഷന്‍ സെറ്റുകള്‍ സംഘംസൗജന്യമായി നല്‍കി. പത്താം ക്ലാസ്് , പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന കുട്ടികള്‍ക്കു കാഷവാര്‍ഡ് നല്‍കാറുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്കു പ്രളയകാലത്തുമുണ്ടായിരുന്നു സംഘത്തിന്റെ കൈത്താങ്ങ്. വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, അവശ്യസാധനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിയായിരുന്നു സേവനം. സര്‍ക്കാറിന്റെ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ഫണ്ടിലേക്കു 12.45 കോടി രൂപ സംഘം നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വിവിധ സീസണുകളില്‍ ചന്തകള്‍ സംഘടിപ്പിച്ച് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും സംഘം രംഗത്തിറങ്ങാറുണ്ട്.

കെ.കെ. ഗീത സംഘം പ്രസിഡന്റും പി. അജിത്കുമാര്‍ വൈസ് പ്രസിഡന്റുമാണ്. ജി. ജയപ്രകാശ്, വി. ജോബിന്‍, ജോമോന്‍ ജോര്‍ജ്, തമ്പു ജോര്‍ജ്, വി.പി. സുമേഷ്, സി. ഷാജി, എസ്.ആര്‍. രതീഷ്, കെ. സാജന്‍, ടി. മുഹമ്മദ് മുസ്തഫ, കെ.എം. ബിന്ദു, സി. ഷക്കീല എന്നിവര്‍ ഡയരക്ടര്‍മാരാണ്. പി. ഷീനയാണു സംഘം സെക്രട്ടറി.

[mbzshare]

Leave a Reply

Your email address will not be published.