ഇ.എം.എസ്. ഗ്രന്ഥശാല: സഹകരണത്തിന്റെ ജ്ഞാന മാര്‍ഗം

[mbzauthor]

 വി.എന്‍. പ്രസന്നന്‍

നൂറ് അംഗങ്ങളും അയ്യായിരം പുസ്തകങ്ങളുമായി 1999 ല്‍ തുടങ്ങിയ കൊച്ചിയിലെ ഇ.എം.എസ്. സഹകരണ ഗ്രന്ഥാലയം ഇന്നു 14,707 അംഗങ്ങളും ഒരു ലക്ഷത്തോളം പുസ്തകങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുന്നു. ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള സഹകരണ വകുപ്പിന്റെ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്.

കേരള ബാങ്കിനു സഹകരണ രംഗത്തുള്ള അതുല്യ സമ്പത്താണ് എറണാകുളം ജില്ലാ ആസ്ഥാനമായ കാക്കനാട്ടുള്ള ഇ.എം.എസ.് സഹകരണ ഗ്രന്ഥശാല. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള നിരവധി വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളുടെ കേന്ദ്രമാണ്. വിദൂരങ്ങളില്‍ നിന്നുപോലും ഗവേഷണ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയില്‍ തങ്ങുന്നവര്‍ പുസ്തകങ്ങള്‍ക്കായി തേടിയെത്തുന്ന ഒരു ഗ്രന്ഥാലയമാണിത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥശാലയുടെ അംഗത്വപ്പട്ടികയില്‍ കേരളത്തിലെ 13 ജില്ലകളിലും നിന്നുള്ളവരും കേരളത്തിനു പുറത്തുനിന്നുള്ളവരുമുണ്ട്.

1999 ല്‍ ആരംഭിച്ച ഈ ഗ്രന്ഥാലയത്തില്‍ ഒരു ലക്ഷത്തോളം ( കൃത്യമായി പറഞ്ഞാല്‍ 92,398 ) പുസ്തകങ്ങളും 14,707 അംഗങ്ങളുമുണ്ട്. ‘സാഹിത്യവാരഫലം’ പംക്തിയിലൂടെ പ്രശസ്തനായ നിരൂപകന്‍ പ്രൊഫ. എം. കൃഷ്ണന്‍നായരുടെ അമൂല്യ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മരണശേഷം ഈ ഗ്രന്ഥശാലയ്ക്കു സ്വന്തമായി. ആ ഗ്രന്ഥശേഖരം സൂക്ഷിക്കുന്നതിനു മാത്രമായി വിശാലമായ ഒരു മുറി നീക്കിവച്ചിരിക്കുന്നു. റഫറന്‍സ് വിഭാഗത്തിലാണ് ഈ ഗ്രന്ഥശേഖരം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ സാധാരണ ഗ്രന്ഥങ്ങള്‍ പോലെ അംഗങ്ങള്‍ക്ക് ഇൗ വിഭാഗത്തിലെ പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാനാവില്ല. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജും തന്റെ വിദേശമാസികകളുടെ ശേഖരം ഈ ഗ്രന്ഥശാലയ്ക്കു നല്‍കിയിട്ടുണ്ട്. അത് ‘ടി.ജെ.എസ്. കോര്‍ണര്‍’ ആയി പ്രത്യേകം സംരക്ഷിച്ചുവരുന്നു.

എം. കൃഷ്ണന്‍ നായരുടെ ഗ്രന്ഥ ശേഖരം

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍നിന്നുള്ള സി.പി.എം. എം.എല്‍.എ.യായിരുന്ന അഡ്വ. എം.എം. മോനായി എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റായിരിക്കെയാണു പ്രൊഫ. എം. കൃഷ്ണന്‍നായരുടെ ഗ്രന്ഥശേഖരം ഇ.എം.എസ്. ഗ്രന്ഥശാലയ്ക്കു സ്വന്തമായത്. ജി. സുധാകരന്‍ ആയിരുന്നു അന്നു സഹകരണ മന്ത്രി. മന്ത്രി തന്നെയാണ് ഈ ഗ്രന്ഥശേഖരം ഏറ്റെടുക്കുന്നതു സംബന്ധിച്ച നിര്‍ദേശം വച്ചതെന്നു മോനായി പറഞ്ഞു. അന്നു താന്‍ എം.എല്‍.എ. യായിരുന്നു. തുടര്‍ന്നു കൃഷ്ണന്‍ നായരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. അവര്‍ ഗ്രന്ഥശേഖരം കൈമാറാന്‍ തയാറായി. ഏഴു ലക്ഷത്തോളം രൂപ നല്‍കിയാണു ബാങ്ക് ആ ഗ്രന്ഥശേഖരം സ്വന്തമാക്കിയത്.

1923 മാര്‍ച്ച് മൂന്നിനു ജനിച്ച എം. കൃഷ്ണന്‍നായര്‍ 2006 ഫെബ്രുവരി 23 നാണ് അന്തരിച്ചത്. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം നിരൂപകനും പ്രഭാഷകനുമായിരുന്നു. ബി.ഡി. ഗോയെങ്ക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ‘സാഹിത്യവാരഫലം’ പംക്തി സമാഹാരരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആധുനിക മലയാള കവിത’, ‘വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ’, ‘സൗന്ദര്യത്തിന്റെ സന്നിധിയില്‍’ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. എല്ലാ വര്‍ഷവും ഇ.എം.എസ്. ഗ്രന്ഥശാലയില്‍ എം. കൃഷ്ണന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കാറുണ്ട്.

ടി.ജെ.എസ്. ജോര്‍ജിന്റെ വിദേശമാസികാ ശേഖരം

എം. കൃഷ്ണന്‍ നായരുടെ ഗ്രന്ഥശേഖരം ഇ.എം.എസ്. ഗ്രന്ഥശാലയ്ക്കു സ്വന്തമായ ശേഷമാണു മാധ്യമപ്രവര്‍ത്തകനും ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന്റെ എഡിറ്റോറിയല്‍ ഉപദേഷ്ടാവും പത്മഭൂഷണ്‍ ജേതാവുമായ ടി.ജെ.എസ.് ജോര്‍ജ് തന്റെ വിദേശമാസികകളുടെ ശേഖരം സംഭാവന ചെയ്തതെന്നു മോനായി പറഞ്ഞു. ( വി.കെ. കൃഷ്ണമേനോന്‍, ലീ ക്വാന്‍ യീ, നര്‍ഗീസ്, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയവരുടെ ജീവചരിത്രങ്ങളടക്കം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണു ടി.ജെ.എസ്. ജോര്‍ജ് ). കാര്‍ട്ടൂണിസ്റ്റും ഗ്രന്ഥകാരനുമായ മോനായി 1987 മുതല്‍ 2008 വരെ 21 വര്‍ഷം എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.

1636 റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്്. ഇ.എം.എസ്സിന്റെ സ്മാരകമായ ഗ്രന്ഥശാലയില്‍ ഗാന്ധിയന്‍ പഠനത്തിനും ഇ.എം.എസ്. പഠനത്തിനും പ്രത്യേക വിഭാഗമുണ്ട്. ഇ.എം.എസ്സിന്റെ സമ്പൂര്‍ണ കൃതികളുടെ 100 വാള്യങ്ങളും ഇവിടെ ലഭ്യമാണ്. ആറു മലയാള പത്രങ്ങളും ആറ് ഇംഗ്ലീഷ് പത്രങ്ങളുമടക്കം 12 പത്രങ്ങള്‍, തൊണ്ണൂറോളം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയും വരുത്തുന്നു. ഇന്ത്യയിലെയും വിദേശങ്ങളിലെയും 6984 ഗ്രന്ഥശാലകളുമായി കമ്പ്യൂട്ടര്‍ ബന്ധമുള്ള ‘ഡെല്‍നെറ്റ്’ ( Developing Library Networks – DELNET ) ആണു മറ്റൊരു സംവിധാനം. ഡല്‍ഹി കേന്ദ്രമാക്കിയുള്ള വലിയൊരു ഡാറ്റാബേസ് ശൃംഖലയാണിത്. വിവിധ ഗ്രന്ഥശാലകളിലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും മറ്റുമുള്ള വിവരങ്ങള്‍ ഇ മെയിലില്‍ ലഭിക്കാനും യഥാസമയം തിരികെ അയച്ചുനല്‍കണമെന്ന വ്യവസ്ഥയോടെ അവിടങ്ങളില്‍നിന്നു പുസ്തകങ്ങള്‍ തപാലില്‍ ലഭിക്കാനും ഇതില്‍ സൗകര്യമുണ്ട്. കോവിഡ് കാലത്തിനു മുമ്പുവരെ ഗവേഷകരും മറ്റുമായി ഇരുപത്തഞ്ചോളം പേര്‍ ഈ സൗകര്യങ്ങള്‍ ഗൗരവമായി പ്രയോജനപ്പെടുത്തിയിരുന്നു.

കാഴ്ചശക്തി വെല്ലുവിളി നേരിടുന്നവര്‍ക്കായി 318 ബ്രെയിലി ഗ്രന്ഥങ്ങളുള്ള ഒരു വിഭാഗം ഇവിടെയുണ്ട്. കാഴ്ച വെല്ലുവിളിയുള്ളവരും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി 48 അംഗങ്ങള്‍ ഈ വിഭാഗം ഗ്രന്ഥശാലയ്ക്കുണ്ട്. ഇവരില്‍ പലര്‍ക്കും ആരുടെയെങ്കിലും സഹായമില്ലാതെ ഗ്രന്ഥശാലയിലേക്കു എത്തുക ശ്രമകരമാണ്. അതിനാല്‍ ഇവിടെ വന്നു താമസിച്ച് രാത്രി വരെ ഗ്രന്ഥശാല ഉപയോഗിച്ചശേഷം മടങ്ങുന്ന രീതിയാണ് അവര്‍ അവലംബിക്കുന്നത്. കാഴ്ച വെല്ലുവിളിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘ഫെയ്ത്ത് ഇന്ത്യ’, ആലുവയിലെ കീഴ്മാടുള്ള വിദ്യാലയം എന്നിവ ഇതിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടര്‍വത്കൃതമായ കേള്‍വി വായനാസൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ബ്രെയിലി പുസ്തകങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറഞ്ഞിട്ടുണ്ട്.

സാറാ ടെക്സ്റ്റ് റീഡര്‍

കാഴ്ച വെല്ലുവിളിയുള്ളവര്‍ക്കായി ‘സാറാ ടെക്‌സ്റ്റ് റീഡര്‍’ ലഭ്യമാണ്. 2007 ലാണ് ഇത് ഇറക്കുമതി ചെയ്തത്. ടെക്സ്റ്റ് സ്‌കാന്‍ ചെയ്തശേഷം ഉള്ളടക്കം വായിച്ചുകേള്‍പ്പിക്കുന്ന രീതിയാണിതില്‍. മലയാളം വായിച്ചുകേള്‍ക്കാനുള്ള സൗകര്യമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെ ഒമ്പതു വിദേശ ഭാഷകളിലുള്ള രചനകള്‍ കേള്‍ക്കാം. ധാരാളം ശബ്ദരേഖകള്‍ ഇതില്‍ ശേഖരിക്കാം. ഇതില്‍നിന്നു ശബ്ദരേഖകള്‍ സി.ഡി.യിലേക്കു മാറ്റി കൊണ്ടുപോകാനും കഴിയും. പരിമിതമായ തോതിലെങ്കിലും കാഴ്ചശക്തിയുള്ളവര്‍ക്കായി ദൃശ്യങ്ങളും മറ്റും വളരെ വലുതാക്കി സ്‌ക്രീനില്‍ കാണിക്കുന്ന ‘പ്രിസ്മ സി.സി.ടി.വി’ എന്ന ഉപകരണവുമുണ്ട്. കാഴ്ച വെല്ലുവിളിയുള്ളവര്‍ക്കു ടൈപ്പ് ചെയ്യുന്നതിനു പകരം ശബ്ദസഹായത്തോടെ കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന ‘ജാസ്'( Jaws) എന്ന സോഫ്റ്റ്‌വെയറും അല്‍പം കാഴ്ചയുള്ളവര്‍ക്കു സ്‌ക്രീനില്‍ കാര്യങ്ങള്‍ വലുതായിക്കാണാന്‍ ഉതകുന്ന ‘മാജിക് മാഗ്നിഫിക്കേഷന്‍’ എന്ന സോഫ്റ്റ്‌വെയറും ഘടിപ്പിച്ച കമ്പ്യൂട്ടറുകള്‍ ഇവിടെയുണ്ട്. ഇത്തരം സൗകര്യങ്ങള്‍ പല സ്മാര്‍ട് ഫോണുകളിലും ഇപ്പോള്‍ ലഭ്യമാണെങ്കിലും നേരത്തേ ഈ ഗ്രന്ഥശാല തന്നെയായിരുന്നു ഇവയ്ക്കു പ്രധാനമായി ആശ്രയം. ആ നില മാറിയെങ്കിലും ഇവയുടെ സേവനം പലരും ഉപയോഗിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങളുള്ള ഫോണുകളുള്ളവരുടെ കാര്യത്തിലും ഡെമോണ്‍സ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി ഇവ പ്രയോജനപ്പെടുത്തിവരുന്നുണ്ട്. കോളജുകളുടെയും സര്‍വകലാശാലകളുടെയും സ്‌പെഷ്യല്‍ ലൈബ്രറികളുടെയും ഭാഗമായി ഇപ്പോള്‍ ഈ സംവിധാനങ്ങള്‍ പലേടത്തുമുണ്ടെങ്കിലും ഒരു പൊതുഗ്രന്ഥശാലയുടെ ഭാഗമായി ഈ സൗകര്യങ്ങളുള്ളതു കേരളത്തില്‍ ഇവിടെ മാത്രമാണ്.

ഉദ്യാനത്തിലിരുന്നു വായിക്കാം

ഉദ്യാന ഗ്രന്ഥശാലയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പ്രധാന ഗ്രന്ഥശാലയോടു ചേര്‍ന്ന് ഒരു പാര്‍ക്കും ശാന്തമായി ഇരുന്നു വായിക്കാനുള്ള സംവിധാനങ്ങളും അതിലുണ്ട്. പുസ്തകങ്ങള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് എടുക്കുന്ന പുസ്തകം ഇവിടെയിരുന്നു വായിക്കുകയും കുടുംബാംഗങ്ങളോടും കുട്ടികളോടുമൊപ്പം പാര്‍ക്കില്‍ ഉല്ലസിക്കുകയും ചെയ്യാം. രണ്ടേക്കറില്‍പ്പരം സ്ഥലത്താണു പാര്‍ക്ക്. മുന്‍മന്ത്രി കെ.ടി. ജോര്‍ജിന്റെ സ്മാരകമാണിത്.

കുട്ടികള്‍ക്കായി മികച്ച ഒരു വിഭാഗം ഇ.എം.എസ.് ഗ്രന്ഥശാലയിലുണ്ട്. റഫറന്‍സ് ഗ്രന്ഥങ്ങളടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി 13,987 പുസ്തകങ്ങള്‍ കുട്ടികള്‍ക്കായുണ്ട്. കുട്ടികള്‍ക്കു സ്‌കൂള്‍ പ്രൊജക്ടുകളും മറ്റും തയാറാക്കാന്‍ ഏറെ സഹായകമാണിവ. റഫറന്‍സ്, വിദ്യാഭ്യാസം, പ്രൊജക്ട് തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഇതിലുണ്ട്. അവധിക്കാലത്തു കുട്ടികള്‍ക്കായി ‘ഉദ്യാനക്കളരി’ എന്ന പേരില്‍ ക്ലാസുകള്‍ നടത്തിയിരുന്നു. വ്യക്തിത്വ വികസനം, റോബോട്ടിക്‌സ്, ക്ലേ മോഡലിങ് തുടങ്ങിയവ സംബന്ധിച്ച പരിശീലനം ഈ കളരികളില്‍ ഉണ്ടായിരുന്നു. അവധിക്കാലത്തു ചിത്രകലയിലും ചെസ്സിലും റെഗുലര്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ചെസ്സിലും ചിത്രരചനയിലും അവധിക്കാലം കഴിഞ്ഞ് ആഴ്ചയില്‍ ഒരു ദിവസം വീതം തുടര്‍പഠനവും സംഘടിപ്പിച്ചിരുന്നു. ബേസിക്, അഡ്വാന്‍സ്ഡ് കോഴ്‌സുകളായാണ് ഇവ സംഘടിപ്പിച്ചത്. ബേസിക് കോഴ്‌സ് കഴിഞ്ഞു പഠനം തുടരാന്‍ ആഗ്രഹിച്ചവര്‍ക്കായി 10 മാസം ആഴ്ചയില്‍ ഒരു ദിവസം വീതം അഡ്വാന്‍സ്ഡ് കോഴ്‌സ് നടത്തി.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം.കെ. സീരി മാസ്റ്റര്‍ ഇവിടെ കുട്ടികള്‍ക്കു ചിത്രകലാ ക്ലാസ് എടുത്തിരുന്നു. അടുത്ത കാലത്തു കോവിഡാനന്തര ശാരീരികാസ്വാസ്്ഥ്യങ്ങളെത്തുടര്‍ന്ന് അന്തരിച്ച യുവചിത്രകാരന്‍ ഇബ്രാഹിം ബാദുഷയുടെ ക്ലാസുകളുമുണ്ടായിരുന്നു. (കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരളയുടെ കോ-ഓര്‍ഡിനേറ്ററും ‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ’ എന്നു പ്രശസ്തനുമായ അദ്ദേഹം 2017ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍. ടീമിന്റെ ഔദ്യോഗിക കാരിക്കേച്ചറിസ്റ്റായിരുന്നു). വൈപ്പിന്‍ എടവനക്കാട്ട് ‘ഭൂമി ആര്‍ട്‌സ്’ എന്ന ചിത്രകലാ സ്ഥാപനം നടത്തുന്ന വി.കെ. ബാബു റെഗുലര്‍ ചിത്രകലാ ക്ലാസ് കൈകാര്യം ചെയ്തു. ചെറിയ കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ തെറ്റുകള്‍ തിരുത്തിക്കൊടുക്കാന്‍ ഓണ്‍ലൈന്‍ പഠനസൗകര്യവും അദ്ദേഹം ഒരുക്കി. വളരെ നാമാത്രമായ ഫീസാണു കോഴ്‌സുകള്‍ക്ക് ഈടാക്കിയത്.

കുട്ടികള്‍ക്കായി ഒരു അകത്തള വിനോദകേന്ദ്രം ( Indoor Games Section ) ഇവിടെയുണ്ട്. പസിലുകള്‍, കാരംസ്, ചെസ്, കമ്പ്യൂട്ടര്‍ ഗെയിംസ്, പാവകള്‍ എന്നിവയും കുട്ടികളുടെ തിയറ്ററുമാണ് ഇവിടെയുള്ളത്. സ്‌പൈഡര്‍മാനെപ്പോലെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പാവരൂപങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. 126 റഫറന്‍സ് സി.ഡി.കള്‍ അടക്കം 2557 സി.ഡി.കളുടെ ശേഖരമുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ 120 വര്‍ഷത്തെ ലക്കങ്ങള്‍ സി.ഡി. രൂപത്തില്‍ ലഭ്യമാണ്.

തുടക്കം 5000 പുസ്തകങ്ങളുമായി

എറണാകുളം ജില്ലാ സഹകരണ ബാങ്കാണ് ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. 1999 ഒക്ടോബര്‍ 22 ന് അന്നത്തെ സി.പി.എം. ജില്ലാസെക്രട്ടറി എ.പി. വര്‍ക്കി ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. കാക്കനാട്ട് ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിലായിരുന്നു പ്രവര്‍ത്തനം. 100 അംഗങ്ങളും 5000 പുസ്തകങ്ങളുമായിട്ടായിരുന്നു തുടക്കം.

2003 ഡിസംബര്‍ 14ന് ആസ്ഥാന മന്ദിരത്തിന് അധികം അകലെയല്ലാത്ത മാവേലിപുരത്തെ പുതിയ മന്ദിരത്തിലേക്കു മാറി. പച്ചപ്പു നിറഞ്ഞ ഉദ്യാനത്തിനടുത്തു വിശാല കൊച്ചി വികസന അതോറിട്ടിയില്‍ നിന്നു വാങ്ങിയ സ്ഥലത്തുള്ള മൂന്നു നിലക്കെട്ടിടത്തിലെ പ്രവര്‍ത്തനോദ്ഘാടനം അന്നത്തെ സഹകണ മന്ത്രി എം.വി. രാഘവനാണു നിര്‍വഹിച്ചത്. വലുതും ചെറുതുമായി 11 മുറികളും രണ്ടു ഹാളുമുണ്ട്. എട്ടു മുറികള്‍ പൂര്‍ണമായി പുസ്തകങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ – ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കും ജീവനക്കാര്‍ക്കും മറ്റുമായാണു ബാക്കി മുറികള്‍. എട്ടു കമ്പ്യൂട്ടറുകളുണ്ട്. ദിവസവും ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഏഴു വരെയാണു പ്രവര്‍ത്തനം. ഞായറാഴ്ച 10 മുതല്‍ അഞ്ചു വരെയും. 2014 ലും 2017 ലും ഏറ്റവും മികച്ച സഹകരണ ഗ്രന്ഥശാലയ്ക്കുള്ള സഹകരണ വകുപ്പിന്റെ പുരസ്‌കാരം ഇൗ ഗ്രന്ഥശാലയ്ക്കു ലഭിച്ചു.

2019 അവസാനം 13 ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്ക് രൂപവത്കരിച്ചതോടെ ഈ ഗ്രന്ഥാലയം കേരള ബാങ്കിന്റെതായി.
2018 ലെ പ്രളയം ചെറിയ തോതിലും 2020 ന്റെ ആദ്യപാദം മുതല്‍ കോവിഡ് മഹാമാരി വലിയ തോതിലും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രളയം ഗ്രന്ഥശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ബാധിച്ചില്ലെങ്കിലും അംഗങ്ങളില്‍ പലരും കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍ അവരുടെ വീടുകള്‍ പ്രളയത്തിനിരയായപ്പോള്‍ നശിച്ചു. എങ്കിലും, അവയ്ക്കു പകരം പുതിയവ വാങ്ങിവെച്ചിട്ടുണ്ട്. കോവിഡ് മൂലം 2020 മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 16 വരെ ഗ്രന്ഥശാല അടച്ചിടേണ്ടിവന്നു. അതിനുശേഷം തുറന്നപ്പോഴും കോവിഡ് മൂലം കാര്യമായ നിയന്ത്രണങ്ങളോടെയാണു പ്രവര്‍ത്തനം. അംഗങ്ങള്‍ വായന കഴിഞ്ഞു മടക്കിത്തരുന്ന പുസ്തകങ്ങള്‍ നിക്ഷേപിക്കുന്നതിനായി ഒരു പെട്ടി വച്ചിരിക്കുകയാണ്. ഈ പെട്ടിയില്‍ നിക്ഷേപിക്കുന്ന പുസ്തകങ്ങള്‍ ഏഴു ദിവസം കഴിഞ്ഞുമാത്രമേ മുറികളില്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലേക്കു മാറ്റുകയുള്ളൂ. അംഗങ്ങള്‍ പുസ്തകങ്ങള്‍ എടുക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യമുള്ള പുസ്തകങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി ഗ്രന്ഥശാലയെ അറിയിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ അറിയിക്കുന്ന പുസ്തകങ്ങള്‍ എടുത്തുവയ്ക്കുകയും അംഗങ്ങള്‍ വരുമ്പോള്‍ നല്‍കുകയും ചെയ്യുന്നു. റാക്കുകളില്‍ അടുക്കിവച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്നു സ്വയം തിരഞ്ഞെടുക്കണമെന്നു നിര്‍ബന്ധമുള്ളവരെമാത്രം മാസ്‌കിനു പുറമെ കൈയില്‍ ഗ്ലൗസുകള്‍ അണിഞ്ഞൂം സാനിറ്റൈസര്‍ ഉപയോഗിച്ചും അതു ചെയ്യാന്‍ അനുവദിക്കുന്നു. വായനമുറിയിലേക്കും റഫറന്‍സ് മുറിയിലേക്കും പ്രവേശനം അനുവദിക്കുന്നില്ല. കോവിഡ് രണ്ടാംതരംഗം രൂക്ഷമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിനങ്ങളിലാകട്ടെ ഗ്രന്ഥശാല 2020ല്‍ അടച്ചിട്ടതുപോലെ അടച്ചിടുകയും ചെയ്തു.

കോവിഡിനുശേഷം വായനസംസ്‌കാരത്തിന്റെ നവീന മേഖലകളിലേക്കു പ്രവേശിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഗ്രന്ഥാലയം.

 

[mbzshare]

Leave a Reply

Your email address will not be published.