ചെങ്കല്‍പ്പണയില്‍ കുരുത്ത സഹകരണ സംഘം
എ.ജെ. ലെന്‍സി
(2021 ജനുവരി ലക്കം)
‘കല്‍ക്കോ’ പറക്കുന്നു വിദേശത്തേക്ക്
ചെങ്കല്‍ മേഖലയിലെ ചൂഷണത്തിനെതിരെ ഉടലെടുത്ത തൊഴിലാളി സംഘടനയാണ് കണ്ണൂരിലെ കല്‍ക്കോ. ഇന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് മുതല്‍ വിവാഹ സല്‍ക്കാരം വരെ എന്തിനും ഏതിനും കല്‍ക്കോ എന്ന ബ്രാന്‍ഡ് ജനങ്ങള്‍ക്കിടയില്‍ പതിഞ്ഞു കഴിഞ്ഞു.
ചെത്തിമിനുക്കിയ ചെങ്കല്ലു പോലെയാണ് ഇപ്പോള്‍ ‘കല്‍ക്കോ ‘. പ്രവര്‍ത്തനങ്ങളിലും ദീര്‍ഘവീക്ഷണത്തിലും അതേ കൃത്യത. അതേ പൂര്‍ണത. 43 വര്‍ഷം മുമ്പ് കണ്ണൂരിലെ ധര്‍മശാലയില്‍ ഉടലെടുക്കുമ്പോള്‍ കല്‍ക്കോ എന്ന പ്രസ്ഥാനത്തിന് അത്രക്കങ്ങോട്ട് മിനുപ്പും ഭംഗിയുമുണ്ടായിരുന്നില്ല. അരികും മൂലയും പൊട്ടിയ കല്ലുപോലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ടിരുന്ന കുറച്ചു തൊഴിലാളികള്‍ ചേര്‍ന്നുണ്ടാക്കിയ സഹകരണ സംഘമാണ് കല്‍ക്കോ. അഥവാ കണ്ണൂര്‍ കല്ലുകൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം. ചെങ്കല്‍ മേഖലയിലെ കടുത്ത ചൂഷണങ്ങള്‍ക്കെതിരെ അണിചേരുകയായിരുന്നു അന്നത്തെ മുഖ്യ ലക്ഷ്യം. 1977 ല്‍ സംഘം രൂപം കൊള്ളുമ്പോള്‍ 70 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സ്ഥാപക പ്രസിഡന്റ് പി. വാസുദേവന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ശക്തമാക്കി. തൊഴിലാളിക്കരുത്തില്‍ സംഘം കെട്ടുറപ്പ് നേടി. ഇന്നിപ്പോള്‍ ഇരുനൂറിലധികം അംഗങ്ങളുണ്ട്. 80 സ്ഥിരം തൊഴിലാളികളുമുണ്ട്.
ആവശ്യക്കാര്‍ കൂടി ; നല്‍കാനാവുന്നില്ല
കാലം മാറി. കല്ല് ചെത്തി മിനുക്കാന്‍ യന്ത്രം വന്നപ്പോള്‍ അതിനൊത്ത് സംഘവും ഉയര്‍ന്നു. യന്ത്രം ഉപയോഗിച്ച് ഒന്നാം തരം വെട്ടുകല്ല് രൂപപ്പെടുത്താന്‍ ഇവിടുത്തെ തൊഴിലാളികള്‍ വൈദഗ്ദ്ധ്യം നേടി. ഉന്നത നിലവാരമുള്ള വെട്ടുകല്ലുകളാണ് ഇവിടെ നിന്നു ചെത്തിയെടുത്ത് വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ചെങ്കല്ലിനു ആവശ്യക്കാര്‍ ഏറെയുണ്ട്. എന്നാല്‍, മതിയായ കല്ലുകള്‍ ഇവര്‍ക്കിന്നു നല്‍കാനാവുന്നില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സര്‍ക്കാറുകളുടെ നിയന്ത്രണങ്ങളും ഇടപെടലുകളുമാണ് തടസ്സമായത്. ക്വാറിയുടെ പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിച്ചു. നോട്ടു നിരോധനവും ജി.എസ്.ടി.യും റോയല്‍റ്റിയും വന്നതോടെ ഇരട്ട പ്രഹരമായി. എന്നാല്‍, കല്‍ക്കോ തളര്‍ന്നില്ല. ചെങ്കല്‍പ്പണകള്‍ക്കപ്പുറത്തേക്ക് സംഘത്തിന്റെ പരിധി വളര്‍ത്തി.
ഇന്നു വിവിധ മേഖലകളിലായി നിരവധി സ്ഥാപനങ്ങളുമായി വളര്‍ന്നുവരികയാണ് ഈ സംഘം. റസ്‌റ്റോറന്റ്, ഫിഷ് സ്റ്റാള്‍, കാറ്ററിങ്് സര്‍വ്വീസ്, ഇവന്റ് മാനേജ്‌മെന്റ്, ടൂര്‍ -ആയുര്‍വേദ പാക്കേജുകള്‍, കശുമാവ് കൃഷി തുടങ്ങിയ മേഖലകളിലെല്ലാം കല്‍ക്കോ എന്ന പേര് പതിഞ്ഞുകഴിഞ്ഞു. ബില്‍ഡിങ് നിര്‍മാണ രംഗത്തേക്കും പി.ഡബ്ല്യു.ഡി. വര്‍ക്കുകളിലേക്കും കല്‍ക്കോ എന്ന ബ്രാന്‍ഡിനെ വളര്‍ത്താനുള്ള തയാറെടുപ്പിലാണ്. പി.ഡബ്ല്യ.ഡി. കോണ്‍ട്രാക്ട് ലൈസന്‍സ് ഈയിടെ കല്‍ക്കോയ്ക്ക് ലഭിച്ചു. കരാര്‍ പ്രവൃത്തികള്‍ കൂടി ആരംഭിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ്, റൂഫിങ് മെറ്റീരിയല്‍സ്, സിമന്റ്, കമ്പി , ജില്ലി എന്നിവ ലഭ്യമാകുന്ന കല്‍ക്കോ നീതി ബില്‍ഡിങ് മെറ്റീരിയല്‍സ് ധര്‍മശാല കേന്ദ്രീകരിച്ച് ആരംഭിക്കാനൊരുങ്ങുകയാണ്. കല്‍ക്കോയുടെ മിനിഹാള്‍ ധര്‍മശാലയിലുണ്ട്. മിതമായ വാടക നിരക്കില്‍ എ.സി.-നോണ്‍ എ.സി. സൗകര്യത്തോടെ ആന്തൂര്‍ നഗരസഭാ കാര്യാലയത്തിനു സമീപമാണ് മിനിഹാളിന്റെ പ്രവര്‍ത്തനം.
പ്രതിസന്ധി മറികടക്കാന്‍ വൈവിധ്യവല്‍ക്കരണം
ചെങ്കല്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധികളെ മറികടക്കാനാണ് വൈവിധ്യവല്‍ക്കരണത്തിന്റെ പാത സംഘം തിരഞ്ഞെടുത്തത്. സിമന്റ്കട്ട നിര്‍മിച്ചുകൊണ്ടായിരുന്നു ചുവടുമാറ്റം. എന്നാല്‍, സിമന്റ് കട്ടയ്ക്ക് വലിയ ജി.എസ്.ടി. ഏര്‍പ്പെടുത്തിയതും അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലകൂടിയതും ഈ ബിസിനസ്സിനു വിലങ്ങുതടിയായി. തുടര്‍ന്നാണ് സഹകരണ സംഘം വേറെ മേഖലകളിലേക്ക് തിരിഞ്ഞത്. ചെങ്കല്‍പ്പണയില്‍ നിന്നു മറ്റു മേഖലകളിലേക്ക് നീങ്ങിയപ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സംഘത്തിന്റെ കീഴിലുള്ളവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും വരുമാന വര്‍ധനവും ഉറപ്പുവരുത്തുക. ഇന്നു കല്‍ക്കോ ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴില്‍ പ്രധാനപ്പെട്ട വ്യവസായ സഹകരണ സംഘമായി മാറി. വളര്‍ച്ചയുടെ ഓരോ പടവും ചെത്തിമിനുക്കി കല്‍ക്കോ പതിയെ നാടിന്റെ ബ്രാന്‍ഡായി മാറി.
ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ചെങ്കല്ലുകള്‍ നല്‍കണം, ഒപ്പം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും കൊടുക്കണം എന്ന ലക്ഷ്യത്തില്‍ മുന്നോട്ട് കുതിച്ചിരുന്ന കല്‍ക്കോയ്ക്ക് തിരിച്ചടിയായത് ജി.എസ്.ടി. യും റോയല്‍റ്റിയുമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം, പി.എഫ്., ഇ.എസ്.ഐ. എന്നിവ നല്‍കുന്നുണ്ട്. ഈ വര്‍ഷം വരെ 20 ശതമാനം ബോണസും 21 ശതമാനം എക്‌സ്‌ഗ്രേഷ്യയും നല്‍കി. 20 ലക്ഷത്തിലധികം വിറ്റുവരവുള്ളവര്‍ അഞ്ച് ശതമാനം വരെ ജി.എസ്.ടി. അടക്കണം. അത് ചെറുകിട സ്വകാര്യ മേഖലയെ ബാധിക്കില്ല. ഇതിനാല്‍ അവര്‍ക്ക് കല്ല് വില കുറച്ച് വിറ്റ് വിപണി പിടിക്കാന്‍ കഴിയും. എന്നാല്‍, സഹകരണ സംഘത്തിനു ജി.എസ്.ടി. അധിക ബാധ്യതയാണ്. 24 സെന്റില്‍ കല്ലു കൊത്തണമെങ്കില്‍ ഒരു ലക്ഷത്തിനുമേല്‍ റോയല്‍റ്റിയും കെട്ടണം. അതിനാല്‍ കുറഞ്ഞ നിരക്കില്‍ കല്ല് കൊടുക്കാന്‍ കഴിയില്ല.
കല്‍ക്കോ എന്നാല്‍ നാടിന്റെ രുചി
കല്‍ക്കോ എന്ന ബ്രാന്‍ഡിനു പ്രദേശത്തെ ഭക്ഷണ പ്രിയരുടെ മനസ്സില്‍ ഇപ്പോള്‍ രുചിയെന്നാണര്‍ഥം. രണ്ട് ഹോട്ടലുകളാണ് സംഘത്തിനു കീഴിലുള്ളത്. ധര്‍മശാലയില്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപമുള്ള കല്‍ക്കോ റസ്‌റ്റോറന്റ് നേരത്തെത്തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. പിന്നീട് കൂടുതല്‍ സൗകര്യങ്ങളോടെ ബക്കളത്ത് അതിന്റെ ശാഖ ആരംഭിച്ചു. സകല മേഖലയും പ്രതിസന്ധിയിലായ കോവിഡ്കാലത്ത് നിരവധി കല്ല്യാണച്ചടങ്ങുകള്‍ക്കും മറ്റും കല്‍ക്കോയ്ക്ക് കാറ്ററിങ് സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞു. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രകാരം റസ്‌റ്റോറന്റുകളില്‍ നിന്നു ഭക്ഷണം എത്തിച്ചു നല്‍കാറുണ്ട്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പാകം ചെയ്യാന്‍ ഇവര്‍ക്ക് പാചകവിദ്ഗധരുണ്ട്. വിവാഹം, വിശേഷ ദിവസങ്ങള്‍, സല്‍ക്കാരം എന്നിവയ്ക്കും ചുരുങ്ങിയ ചെലവില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നു. ചടങ്ങുകള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാന്‍ കല്‍ക്കോ തൊഴിലാളികളെ നല്‍കുന്നുണ്ട്.
മീന്‍ പച്ചയായും പാചകം ചെയ്തും
മത്സ്യ , മാംസങ്ങള്‍ ലഭിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ ബക്കളത്തും ധര്‍മശാലയിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുഴമത്സ്യങ്ങളും കടല്‍ മത്സ്യങ്ങളും ഇവിടെ കിട്ടും. ചിക്കന്‍, മട്ടന്‍, ബീഫ് ഇറച്ചികളുടെ വില്‍പ്പനയുമുണ്ട്. ഓര്‍ഡര്‍ അനുസരിച്ച്് നിശ്ചിത പരിധിക്കുള്ളില്‍ എത്തിച്ചു നല്‍കും. മലബാര്‍ ഫാര്‍മേഴ്‌സിന്റെ മാംസവും ഇവിടെ വില്‍ക്കുന്നുണ്ട്. ജയിംസ് മാത്യു എം.എല്‍.എയുടെ സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധര്‍മശാല റസ്റ്റോറന്റിനോട് ചേര്‍ന്നു ഫിഷ് സ്റ്റാള്‍ ആരംഭിച്ചത്. മീനുകള്‍ വൃത്തിയാക്കിയും ഇവിടെ ലഭിക്കും. കറിവെച്ചും ഫ്രൈ ചെയ്തും നല്‍കും.
കല്‍ക്കോ ടൂര്‍ പാക്കേജ്
ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും കല്‍ക്കോ ടൂര്‍ പാക്കേജുണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് സഹായമായി കല്‍ക്കോയുടെ ടൂറിസ്റ്റ് ഗൈഡുമുണ്ട്. എ.സി., നോണ്‍ എ.സി. ബസ്സുകള്‍, നാടന്‍ ഭക്ഷണം എന്നിവയും ടൂര്‍ പാക്കേജിലുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഇതുവരെ ഇരുനൂറിലധികം യാത്രാ സേവനങ്ങള്‍ നല്‍കിക്കഴിഞ്ഞു. കണ്ണൂരിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ‘ കണ്ണൂരിനെ അറിയാന്‍ ‘ എന്ന പദ്ധതിയും കല്‍ക്കോയ്ക്കുണ്ട്. കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തെയ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂരിനെ അറിയാന്‍ പദ്ധതി. കണ്ണൂരില്‍ തെയ്യക്കാലം ആരംഭിക്കുന്നതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ തെയ്യക്കാവുകളിലേക്ക് എത്തിക്കാന്‍ പ്രത്യേക പദ്ധതിയുണ്ട്. കണ്ണൂര്‍ വിമാനത്താവളം വന്നത് കല്‍ക്കോയുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന വിനോദസഞ്ചാരികളെ കണ്ണൂരിന്റെ വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കാനും കല്‍ക്കോ മുന്നിലുണ്ട്. പ്രദേശത്തെ തൊഴിലാളികളെയും പാവപ്പെട്ടവരെയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും വിമാനത്തില്‍ കൊണ്ടുപോയി അവര്‍ക്ക് ആകാശയാത്രയുടെ അനുഭവം പകരാനും സാഹചര്യമൊരുക്കുന്നു. കപ്പല്‍, മെട്രോ ട്രെയിന്‍ യാത്രയും പാക്കേജിന്റെ ഭാഗമാണ്.
സ്വപ്‌നങ്ങള്‍ക്ക് പൂവിട്ട് കശുമാവിന്‍ കൃഷി
സ്ഥലം വിലയ്ക്ക് വാങ്ങിയും ലീസിനെടുത്തുമാണ് സംഘം ചെങ്കല്ല് കൊത്തിയെടുക്കുന്നത്. കല്ല് കൊണ്ടുപോകുന്നതിനും മണ്ണ് നീക്കുന്നതിനും സ്വന്തമായി വാഹനങ്ങളുണ്ട്. ക്വാറികളില്‍ യന്ത്രങ്ങള്‍ എത്തിയതോടെ കൈകൊണ്ട് കൊത്തിയ കല്ലുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതോടെ സംഘവും കല്ല്‌കൊത്ത് യന്ത്രം വാങ്ങി. മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് അമിത ഫീസ് ഈടാക്കാന്‍ തുടങ്ങിയതോടെ വ്യവസായം പ്രതിസന്ധിയിലായി. കല്ല് കൊത്തിയ ഒഴിഞ്ഞ ആറേക്കര്‍ സ്ഥലത്ത് കശുമാവിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സൗജന്യമായി തൈകള്‍ നല്‍കി. മുന്നൂറോളം കശുമാവിന്‍ തൈ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. കല്ലുകൊത്തി ഒഴിഞ്ഞ സ്ഥലങ്ങള്‍ പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തുന്നുമുണ്ട്.
ഇരുപത് വര്‍ഷത്തോളം സംഘത്തിന്റെ പ്രസിഡന്റായിരുന്ന പി. മുകുന്ദന്‍, മുന്‍ എം.എല്‍എ. പാച്ചേനി കുഞ്ഞിരാമന്‍, പി.എം. ഗോപാലന്‍ എന്നിവരൊക്കെ സംഘത്തിനൊപ്പം താങ്ങും തണലുമായി നിന്നവരാണ്. നിലവില്‍ സി. അശോക് കുമാര്‍ പ്രസിഡന്റും എ.ഇ. ജിതേഷ് കുമാര്‍ സെക്രട്ടറിയുമാണ്. കെ. സുധാകരന്‍, കെ. ഹരിദാസന്‍, പി. ജോണ്‍സന്‍, പി.ആര്‍. സുരേന്ദ്രന്‍, വി.പി. ഹരീന്ദ്രന്‍, കെ. കമല, അന്നമ്മ ജോസ്, പി.പി. സജി എന്നിവരാണ് മറ്റു ഡയരക്ടര്‍മാര്‍.
[mbzshare]