കരുതലും കരുണയും: ആടുഗ്രാമവുമായി വടക്കഞ്ചേരി ബാങ്ക്
അനില്‍ വള്ളിക്കാട്
സമൂഹത്തില്‍ സേവന മനോഭാവം വളര്‍ത്താന്‍ വടക്കഞ്ചേരി സഹകരണ ബാങ്ക് തുടക്കമിട്ടതാണ് ആടുഗ്രാമം പദ്ധതി. പുതുമയുള്ള ഈ പദ്ധതിവഴി ബാങ്ക് ലക്ഷ്യമിടുന്നത് രണ്ടു കാര്യങ്ങളാണ്. സാധാരണക്കാര്‍ക്ക് ഒരു വരുമാനം. ഈ വരുമാനത്തില്‍ നിന്ന് നല്‍കുന്ന സംഭാവനയിലൂടെ കിടപ്പുരോഗികള്‍ക്ക് സാന്ത്വനം.
നിക്ഷേപത്തിന്റെയും വായ്പയുടെയും പതിവുരീതിക്കപ്പുറം കരുതലിനും കരുണയ്ക്കും പുതിയ സ്‌നേഹസുഗന്ധം പകരുകയാണ്, വടക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്. ആടുവളര്‍ത്തലിലൂടെ സാധാരണക്കാരുടെ കുടുംബ ഭദ്രതയും അതിന്റെ ലാഭത്തില്‍നിന്നു സ്വമേധയാ നല്‍കുന്ന സംഭാവനയിലൂടെ കിടപ്പുരോഗികള്‍ക്കുള്ള സാന്ത്വന പരിചരണവും ലക്ഷ്യമിട്ടുള്ള ‘ ആടുഗ്രാമം ‘ പദ്ധതി ബാങ്കിന്റെ സേവന സവിശേഷതയായി മാറുന്നു. വടക്കഞ്ചേരിയിലെ ജീവനം ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്കുള്ള സാമ്പത്തിക സഹായം ചെയ്യുന്നത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയാണ്.
പത്ത് പെണ്ണാടുകളും ഒരു ആണാടും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഇങ്ങനെ പത്ത് യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓരോ ആടു വീതം സൗജന്യമായി വളര്‍ത്താന്‍ നല്‍കും. ഇതില്‍ ആദ്യമുണ്ടാകുന്ന കുഞ്ഞിനെ ട്രസ്റ്റിന് നല്‍കണം. ഈ കുഞ്ഞിനെ വീണ്ടും ആവശ്യക്കാര്‍ക്ക് നല്‍കും. ആദ്യ യൂണിറ്റിലെ ആടുകളെ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. മികച്ച ഇനം മലബാറി ആടുകളെയാണ് നല്‍കിയിരിക്കുന്നത്. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവു വരും.
ആടുവളര്‍ത്തലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നു ചെറിയ വിഹിതം സേവനസന്നദ്ധതയോടെ ട്രസ്റ്റിലേക്ക് സംഭാവന നല്‍കാം. ഈ തുക വിനിയോഗിക്കുന്നത് വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണ്. കിടപ്പുരോഗികളുടെ സാന്ത്വന പരിചരണത്തിനൊപ്പം അത്യാവശ്യം വേണ്ട മരുന്ന്, കിടക്ക തുടങ്ങിയവയും ട്രസ്റ്റ് നല്‍കുന്നുണ്ട്. ‘ വരുമാന വര്‍ധന ആഗ്രഹിക്കുന്നതിനൊപ്പം സേവനാഭിമുഖ്യം പുലര്‍ത്തുന്ന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് കരുതുന്നു. അതിലൂടെ ധാരാളം രോഗികള്‍ക്ക് പരിചരണവും ചികിത്സയും ഉറപ്പാക്കാനും സാധിക്കും’ – ബാങ്ക് പ്രസിഡന്റ് റെജി.കെ.മാത്യു പറഞ്ഞു.
കൈപിടിച്ച് കുടിയേറ്റം
പാലക്കാടിന്റെയും തൃശ്ശൂരിന്റെയും അതിര്‍ത്തിഗ്രാമമായ വടക്കഞ്ചേരിയില്‍ 1957 ല്‍ പരസ്പര സഹായ സംഘമായി തുടങ്ങിയ സ്ഥാപനമാണിത്. അന്ന് നാട്ടിലെ കര്‍ഷക പ്രമാണിമാരുടെ ഒത്തുചേരലിലൂടെയാണ് ബാങ്ക് പിറവിയെടുക്കുന്നത്. വിള അടിസ്ഥാനമാക്കിയുള്ള വായ്പാ സഹായം കര്‍ഷകര്‍ക്ക് നല്‍കുക എന്നതായിരുന്നു ആദ്യകാലങ്ങളിലെ മുഖ്യ പ്രവര്‍ത്തനം. അറുപതുകളില്‍ ചെറിയ തോതില്‍ തുടങ്ങിയ കുടിയേറ്റം എഴുപതുകളുടെ തുടക്കത്തില്‍ ഈ മലയോര ഗ്രാമത്തില്‍ സജീവമായി. കപ്പ, വാഴ, ഇഞ്ചി തുടങ്ങിയവയായിരുന്നു ആദ്യകാലങ്ങളിലെ കുടിയേറ്റക്കൃഷി. എണ്‍പതുകളില്‍ അത് റബ്ബറിന് വഴിമാറി. അതോടെ റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനത്തിന് ബാങ്ക് മുന്നിട്ടിറങ്ങി. പാലായിലെ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിച്ച് ഇടനിലക്കാരില്ലാതെ റബ്ബര്‍ വിപണനം നടത്തി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി. റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പാ സൗകര്യവും ഏര്‍പ്പെടുത്തി.
കിതപ്പിലെ കുതിപ്പ്
പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദം കഴിഞ്ഞ് മലയോരത്തിന്റെ കര്‍ഷകമനസ്സിടിച്ച് റബ്ബര്‍വില താഴോട്ടു വീണപ്പോള്‍ വടക്കഞ്ചേരി ബാങ്കും ഒരുവേള ക്ഷീണിതമായി. എങ്കിലും, അവിടവിടെ അപ്പോഴും തുടര്‍ന്നുവന്നിരുന്ന നെല്ലുള്‍പ്പടെയുള്ള പരമ്പരാഗത കാര്‍ഷിക വിളകള്‍ ബാങ്കിന് പച്ചപ്പിന്റെ പ്രതീക്ഷ പകര്‍ന്നു.
വടക്കഞ്ചേരിക്കു പുറമെ ബാങ്കിന്റെ പ്രവര്‍ത്തനമേഖലയായുള്ള വണ്ടാഴി പഞ്ചായത്തില്‍ കൂടുതലും നെല്‍ക്കൃഷിയാണ്. റബ്ബറിന്റെ വിലയിടിഞ്ഞത് വടക്കഞ്ചേരി പഞ്ചായത്തില്‍ നെല്ലും വാഴക്കൃഷിയും വ്യപകമാകാന്‍ ഇടയാക്കുകയും ചെയ്തു. മംഗലം അണക്കെട്ട് കൈയയഞ്ഞ് നനയ്ക്കുന്നതുകൊണ്ട് ഏതു കാര്‍ഷികവിള പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ഈ പ്രദേശത്തിനാകുന്നുണ്ട്. അത് ബാങ്കിന്റെ കുതിപ്പിനുള്ള ഊര്‍ജമാണ്.
വായ്പയിലൂടെ വളര്‍ച്ച
സാധാരണ കാര്‍ഷിക വായ്പകളിലൂടെ ബാങ്കിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അടിമുടി ഉടച്ചു വാര്‍ത്തുകൊണ്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. 2015 ല്‍ നിലവില്‍വന്ന ഇപ്പോഴത്തെ ഭരണസമിതി ഘട്ടം ഘട്ടമായി വായ്പത്തോത് ഉയര്‍ത്തി. അഞ്ചു ലക്ഷം രൂപയുണ്ടായിരുന്നത് 35 ലക്ഷം വരെയായാണ് ഉയര്‍ത്തിയത്. ഭവന, വാഹന വായ്പകള്‍ നടപ്പാക്കി. 15 വരെ വനിതാ അംഗങ്ങളുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം വായ്പ നല്‍കുന്ന പദ്ധതി തുടങ്ങി. പതിനൊന്നു ശതമാനം പലിശ നിരക്കില്‍ ഇതിനകം മൂന്നു കോടിയോളം രൂപ ഇങ്ങനെ നല്‍കി. ലളിതവും ആകര്‍ഷകവുമായ വ്യവസ്ഥകളില്‍ നടത്തുന്ന ചിട്ടി മധ്യവര്‍ഗത്തിനും വ്യാപാരി സമൂഹത്തിനും ഏറെ സഹായകരമാകുന്നുണ്ട്.
നിക്ഷേപത്തിലും വായ്പയിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ബാങ്ക് സെക്രട്ടറി ടി.കെ. സുഭാഷ് പറഞ്ഞു. 76 കോടി രൂപയാണ് നിക്ഷേപം. വായ്പ 42 കോടിയും. തിരിച്ചടവ് കുടിശ്ശിക പത്തു ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ കഴിയുന്നതാണ് ബാങ്കിന്റെ മറ്റൊരു വിജയം. പതിനായിരം ‘എ’ ക്ലാസ് അംഗങ്ങളുള്‍പ്പടെ 16,000 അംഗങ്ങളുള്ള ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 80 കോടി രൂപയാണ്. ആലത്തൂര്‍ താലൂക്കിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത സഹകരണ ബാങ്കാണിത്. ഇപ്പോള്‍ എല്ലാവിധ ആധുനിക പണമിടപാട് സംവിധാനങ്ങളും ഈ ബാങ്കിലുണ്ട്. നിക്ഷേപ സമാഹരണ മികവിന് സഹകരണ വകുപ്പിന്റെ താലൂക്ക്തല പുരസ്‌കാരങ്ങള്‍ പല തവണ ബാങ്കിന് ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം പുതുമുഖ സഹകാരികളാണ് പുതിയ ഭരണ സമിതിയിലുള്ളത്. ഇവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും പെട്ടെന്ന് നടപ്പാക്കാനുള്ള കഴിവുമാണ് ബാങ്കിന്റെ വിജയവേഗത്തിന് കാരണമാകുന്നതെന്ന് സെക്രട്ടറി പറഞ്ഞു.
കാരുണ്യത്തിന്റെ പച്ചപ്പ്
പൊതുമേഖലയിലേതുള്‍പ്പടെ പതിനഞ്ചോളം ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ചെറുപട്ടണമായി വടക്കഞ്ചേരി മാറിക്കഴിഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വേറെയും. ഇവക്കിടയില്‍ ധനക്കരുത്ത് നേടുന്നത് സഹകരണത്തിന്റെ സ്‌നേഹസ്പര്‍ശം പകര്‍ന്നുകൊണ്ടാണ്.
പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കിഴക്കഞ്ചേരി സഹകരണ ബാങ്കുമായി ചേര്‍ന്ന് ഒരു വീട് നിര്‍മിച്ചു നല്‍കി. കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും വലിയ വിഭാഗമായി വരുന്ന വടക്കഞ്ചേരിയില്‍ അവര്‍ക്ക് ജീവിതാശ്വാസം പകരുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെ സേവനവഴിയിലുണ്ട്. എല്ലാ വര്‍ഷവും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നേത്രപരിശോധനാ ക്യാമ്പുകള്‍ പ്രത്യേകമായി നടത്തി. ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിലൂടെ കുറഞ്ഞ വിലയ്ക്ക് മരുന്ന് നല്‍കുന്നുണ്ട്. ‘എ’ ക്ലാസ് അംഗങ്ങള്‍ക്ക് ചികിത്സാസഹായം ഏര്‍പ്പെടുത്തി. ശരാശരി അഞ്ചു ലക്ഷം രൂപ വരെ ഒരു വര്‍ഷം ഇതിനായി ചെലവിടുന്നുണ്ട്. മികച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി വരുന്നു. വിജ്ഞാനപ്രദമായ കാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.
സാധാരണ പണമിടപാടുകള്‍ക്കു പുറമെ ജനങ്ങള്‍ക്ക് ഉപകാരപ്രദവും ബാങ്കിന് വരുമാന സാധ്യതയുമുള്ള മറ്റു വികസന വഴികള്‍ കണ്ടെത്തണമെന്നാണ് ഭരണ സമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് റെജി.കെ.മാത്യു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പെട്രോള്‍ പമ്പും നീതി മെഡിക്കല്‍ ലാബും തുടങ്ങാന്‍ പരിപാടിയുണ്ട്. ഇതിനാവശ്യമായ സ്ഥലസൗകര്യം സ്വന്തമായുണ്ട്. അറുപതു വയസ്സ് കഴിഞ്ഞ ‘എ’ ക്ലാസ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട് – പ്രസിഡന്റ് പറഞ്ഞു.
ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുള്ള ബാങ്കിന് വണ്ടാഴിയില്‍ ശാഖയുണ്ട്. 15 ജീവനക്കാരാണ് ബാങ്കിനുള്ളത്. കെ.എം. ശശീന്ദ്രന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ പി. സുദേവന്‍, അസീസ് മാസ്റ്റര്‍, കെ. മോഹന്‍ദാസ്, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, വി.വി. ജോസഫ്, സി. സുബ്രമണ്യന്‍, ചെല്ലമ്മ, ജി. ആനന്ദവല്ലി, എ. പാത്തുമുത്തു എന്നിവര്‍ അംഗങ്ങളാണ്.
[mbzshare]