ആയഞ്ചേരി പാടങ്ങളില്‍പച്ചപ്പ് തിരിച്ചുവരുന്നു
യു.പി. അബ്ദുള്‍ മജീദ്
2020 ഏപ്രില്‍ ലക്കം
പ്രമുഖ സഹകാരികള്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയ കോഴിക്കോട് ജില്ലാ കാര്‍ഷികോല്‍പ്പാദന സഹകരണ
വിപണന സംഘം നെല്ലും വാഴയും പച്ചക്കറിയുംഉല്‍പ്പാദിപ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് ചുവടു വെയ്ക്കുകയാണ്. ആയഞ്ചേരിയിലെ തരിശുനിലത്ത് കൃഷി ചെയ്ത സംഘം 50,000 കിലോ നെല്ലാണ് സര്‍ക്കാരിനു കൈമാറിയത്
‘ കോഴിക്കോട് ജില്ലയില്‍ തരിശായിക്കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ, ജില്ലയിലെ ജനങ്ങള്‍ക്കാവശ്യമായ അരി ഉല്‍പ്പാദിപ്പിച്ച് സര്‍ക്കാറിനെ ഏല്‍പ്പിക്കാം ‘ – പറയുന്നത് കോഴിക്കോട് ജില്ലാ കാര്‍ഷികോല്‍പ്പാദന സഹകരണ വിപണന സംഘം പ്രസിഡന്റ് ഇ. അരവിന്ദാക്ഷന്‍. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കിയ സഹകരണ സംഘം നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലും വിപണനത്തിലും സ്വയംപര്യാപ്തതയിലേക്ക് ചുവടുവെയ്ക്കുകയാണ്.
ജില്ലയില്‍ നിരവധി സഹകരണ ബാങ്കുകള്‍ കാര്‍ഷിക രംഗത്തേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രധാന പ്രവര്‍ത്തന മേഖല ബാങ്കിങ് ആയതിനാല്‍ കാര്‍ഷികോല്‍പ്പാദന രംഗത്ത് വലിയ മുതല്‍മുടക്ക് സാധ്യമാവുന്നില്ല. കാര്‍ഷിക വികസന സൊസൈറ്റികളും വിപണന സംഘങ്ങളും ഏറെയുണ്ടെങ്കിലും മൂലധനക്കുറവും പ്രവര്‍ത്തനപരിധി മൂലമുള്ള പ്രശ്‌നങ്ങളും കാരണം ഉല്‍പ്പാദന രംഗത്ത് വലിയ തോതില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. ജലസേചന സൗകര്യമുള്ള ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടം തരിശായിക്കിടക്കുമ്പോള്‍ അരിയും പച്ചക്കറിയും പഴങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച് പ്രാദേശിക മാര്‍ക്കറ്റില്‍ വിപണനം നടത്തുന്നു. കാര്‍ഷിക മേഖലയില്‍ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചിട്ടും ഉല്‍പ്പാദന-വിപണന രംഗത്ത് കുതിപ്പ് സാധ്യമാവുന്നില്ല. കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകാരികള്‍ മുന്‍കൈയെടുത്ത് ആയഞ്ചേരി കേന്ദ്രമായി 2018 ല്‍ കാര്‍ഷികോല്‍പ്പാദന വിപണന സംഘം ആരംഭിക്കാന്‍ വഴിയൊരുക്കിയ വിഷയങ്ങള്‍ ഇതൊക്കെയായിരുന്നു.
50 ഏക്കര്‍ തരിശുനിലത്തില്‍ തുടക്കം
സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വ്യക്തികള്‍ എന്നീ വിഭാഗങ്ങളിലായി അംഗങ്ങളെ ചേര്‍ത്ത് ആരംഭിച്ച കാര്‍ഷികോല്‍പ്പാദന സഹകരണ സംഘത്തിന് 15 അംഗ ഭരണ സമിതിയാണുള്ളത് . സഹകരണ സ്ഥാപനങ്ങളുടെ ഷെയറു ള്ളതിനാല്‍ മുലധന സമാഹരണം വലിയ തോതില്‍ നടത്താന്‍ സംഘത്തിന് കഴിയുന്നുണ്ട്. സംഘത്തിന് സഹകരണ വകുപ്പിന്റെ റജിസ്‌ട്രേഷന്‍ ലഭിച്ചയുടനെ കാര്‍ഷികോല്‍പ്പാദന രംഗത്ത് സജീവമായി. ഒരു കാലത്ത് കോഴിക്കോടിന്റെ നെല്ലറയായിരുന്ന ആയഞ്ചേരി പഞ്ചായത്തിലെ 50 ഏക്കര്‍ തരിശു നിലത്തായിരുന്നു തുടക്കം. രണ്ടായിരത്തോളം ഏക്കര്‍ പാടം തരിശിട്ടിരിക്കുന്ന ആയഞ്ചേരിയില്‍ വര്‍ഷങ്ങളായി കൃഷി ചെയ്യാത്ത സ്ഥലം പാകപ്പെടുത്തിയെടുക്കാന്‍ യന്ത്രങ്ങളുടെ സഹായം തുണയായി. നടീല്‍ ജോലികള്‍ക്ക് പരമ്പരാഗത തൊഴിലാളികളെ നിയോഗിച്ചു. അമ്പതോളം പേരാണ് ഇതില്‍ പങ്കാളികളായത്. കാല്‍ നൂറ്റാണ്ടിനു ശേഷം ആയഞ്ചേരി പാടത്ത് നാട്ടിപ്പാട്ടിന്റെ ഈണമുയര്‍ന്നു. നെല്‍ക്കൃഷിയുടെ തിരിച്ചുവരവ ് നാട് ആഘോഷത്തോടെയാണ് എതിരേറ്റത്. ഞാറ് പാകിയതു മുതല്‍ നെല്ല് കൊയ്‌തെടുക്കും വരെ ഗ്രാമത്തിന്റെ ശ്രദ്ധ പാടത്തേക്കായി. ധാരാളം ചെറുപ്പക്കാര്‍ കാര്‍ഷിക സംഘത്തിന്റെ ഉദ്യമത്തിന് സഹായങ്ങള്‍ നല്‍കി രംഗത്ത് വന്നു. ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗങ്ങളും പരീക്ഷിച്ചു. സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ വിഷം കലരാത്ത വളങ്ങളും കീടനാശിനികളുമാണ ് പ്രയോഗിച്ചത്. കൊയ്ത്തിനും മെതിക്കുമൊക്കെ യന്ത്രങ്ങളെത്തിച്ച ് ഉല്‍പ്പാദനച്ചെലവ ് നിയന്ത്രിച്ചു. കൊയ്ത്ത് നാടിന്റെ ഉത്സവമാക്കി മാറ്റി. 50,000 കിലോ നെല്ല് സര്‍ക്കാറിന് കൈമാറി കാര്‍ഷികോല്‍പ്പാദനസംഘം ചുവടു വെച്ചു.
എട്ടേക്കറില്‍ പച്ചക്കറിക്കൃഷി
വാളാഞ്ഞി കോളനിക്കടുത്ത് എട്ടേക്കര്‍ സ്ഥലത്ത് സംഘം ഈ സീസണില്‍ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. വെണ്ട, കയ്പ്പ, വെള്ളരി, ഇളവന്‍, പടവലം, കുമ്പളം, പയര്‍, പച്ചമുളക്, പൊട്ടിക്ക തുടങ്ങി വിപണിയില്‍ ആവശ്യക്കാരുള്ള എല്ലായിനം പച്ചക്കറികളും സംഘം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി നനയ്ക്കാന്‍ വലിയ കൂലിച്ചെലവു വരുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ ്. പച്ചക്കറിക്കൃഷിയുമായി ബന്ധപ്പെട്ട് എട്ട് തൊഴിലാളികള്‍ക്ക ് സീസണ്‍ മുഴുവന്‍ പണി കൊടുക്കാന്‍ സംഘത്തിന് കഴിയുന്നു. മാര്‍ക്കറ്റില്‍ എത്തുന്ന വിഷം പുരണ്ട പച്ചക്കറിക്ക് പകരം സുരക്ഷിത പച്ചക്കറി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വളം, കീടനാശിനി എന്നിവയുടെ ഉപയോഗത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീളത്തില്‍ പന്തല്‍ കെട്ടി വള്ളികള്‍ പടര്‍ത്തി കയ്പ്പയും പൊട്ടിക്കയുമൊക്കെ ഉല്‍പാദിപ്പിക്കുമ്പോള്‍ വെള്ളരി, കുമ്പളം തുടങ്ങിയവ തടത്തില്‍ നിന്ന് സമീപ സ്ഥലത്തേക്ക് പടര്‍ത്തിയാണ് ്ഉല്‍പ്പാദിപ്പിക്കുന്നത്. ഓരോ തടത്തിലും വെള്ളം തുള്ളിയായി വീഴുന്നു എന്നുറപ്പു വരുത്തുന്ന ജോലി തൊഴിലാളികളുടേതും സംഘം ജീവനക്കാരുടേതുമാണ്. സംഘം പ്രസിഡന്റും ഡയരക്ടര്‍മാരും തുടര്‍ച്ചയായി തോട്ടം സന്ദര്‍ശിക്കുന്നത് പോരായ്മകള്‍ അതതു സമയം നികത്താന്‍ സഹായകമാവുന്നു.
ഉണ്ടാക്കിയ പച്ചക്കറികള്‍ നഷ്ടം വരാത്ത വില ഈടാക്കി വിപണനം നടത്താനുള്ള പ്രയാസമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നം തരണം ചെയ്യാന്‍ കാര്‍ഷിക ഉല്‍പ്പാദന സംഘം തുടക്കത്തിലേ ശ്രമിക്കുന്നുണ്ട്. പ്രാദേശികമായുള്ള ആവശ്യക്കാര്‍ക്ക് വിളവെടുത്ത ഉടനെ പച്ചക്കറി കിട്ടുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘത്തിന് സ്വന്തമായി വാഹന സൗകര്യമുള്ളതിനാല്‍ വിളവെടുത്ത് അധികം വൈകാതെ വടകരയില്‍ പച്ചക്കറികള്‍ എത്തിച്ചു നല്‍കാന്‍ കഴിയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയില്‍ പച്ചക്കറികള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന രീതിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വിവാഹങ്ങള്‍, ആഘാഷങ്ങള്‍ തുടങ്ങിയവക്ക് ആവശ്യമായ ഇനങ്ങള്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് എത്തിച്ചു കൊടുക്കുന്നു.
പച്ചക്കറി വിപണന കേന്ദ്രം
വടകര ജില്ലാ ആശുപത്രിക്കടുത്ത് സംഘം പച്ചക്കറി വിപണന കേന്ദ്രം അരംഭിച്ചത് മാര്‍ച്ച് 14 നാണ്. സ്ഥലം എം.എല്‍.എ. സി.കെ.നാണു വായിരുന്നു ഉദ്ഘാടകന്‍. തുടക്കത്തില്‍ത്തന്നെ നല്ല പിന്തുണയാണ് വിപണിക്ക്് നാട്ടുകാര്‍ നല്‍കുന്നത്. സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ ഉല്‍പ്പന്നങ്ങളും ഇവിടെ വിപണനം നടത്തും. വീടുകളില്‍ ആവശ്യത്തില്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുക എന്നതാണ് സംഘം ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാപാരാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്തുകയും ഉല്‍പ്പന്നം വിപണിയിലെത്തിച്ച് ന്യായമായ വിലക്ക് വില്‍ക്കുകയും ചെയ്താല്‍ പച്ചക്കറി വിപണിയിലെ അയല്‍ സംസ്ഥാനക്കാരുടെ മേധാവിത്വം കുറയ്ക്കാനാവും. വീടുകള്‍തോറും പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് മാത്രം തീര്‍ക്കാവുന്ന പ്രശ്‌നമല്ല സംസ്ഥാനത്തിന്റേത് എന്ന് തിരിച്ചറിയണമെന്ന് സംഘം ഭാരവാഹികള്‍ പറയുന്നു.
25 ഏക്കറിലാണ് വാഴക്കൃഷി നടത്തുന്നത്. കാര്‍ഷിക വിളകളില്‍ റിസ്‌ക്കുള്ള ഇനമാണ് ഏത്തവാഴക്കൃഷി. കാലാവസ്ഥ, രോഗങ്ങള്‍, വിപണിയിലെ അനിശ്ചിതത്വം തുടങ്ങി കാര്‍ഷിക മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ഒത്തുകൂടുന്ന കൃഷിയാണിത്. കഴിഞ്ഞ സീസണില്‍ കിലോക്ക് നാല്‍പ്പതും അമ്പതും രൂപ ലഭിച്ചിരുന്ന നേന്ത്രക്കായക്ക് 20 രൂപ കിട്ടാന്‍ കര്‍ഷകരിപ്പോള്‍ അലയുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാഴക്കുലകള്‍ പ്രവഹിക്കുന്നത് വിളവെടുപ്പ ്‌സീസണ്‍ അടുക്കുമ്പോള്‍ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഒരു നേന്ത്രക്കുല ഉല്‍പ്പാദിപ്പിക്കാന്‍ 200 രൂപയിലധികം സംഘത്തിന് ചെലവു വരുന്നുണ്ട്. വേനല്‍ കടുത്തതോടെ ജലസേചനത്തിനുള്ള ചെലവ് കൂടും. ഗുണമേ•യുള്ള നേന്ത്രക്കായ മാര്‍ക്കറ്റിലെത്തിച്ചാല്‍ മികച്ച വില തരാന്‍ ഉപഭോക്താക്കള്‍ മടിക്കാറില്ല. ഈ വിശ്വാസമാണ് സംഘം കൃഷിയിറക്കിയ പതിനായിരത്തോളം വാഴകളുടെ വിളവെടുപ്പിന ് പ്രതീക്ഷ നല്‍കുന്നത്. നഷ്ടം വരുമെന്ന് കരുതി ഇത്തരം കൃഷികളില്‍ നിന്ന് പി•ാറാനും സംഘം തയാറല്ല. വിപണിയില്‍ കടന്നുകയറുകയും പൊരുതി പിടിച്ചുനില്‍ക്കുകയും ചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുകതന്നെ ചെയ്യുമെന്നാണ് സംഘത്തിന്റെ നിലപാട്.
ഭൂവുടമകളുടെ വിലപേശല്‍ തന്ത്രം
100 ഏക്കര്‍ സ്ഥലം സ്വന്തമാക്കി എല്ലാ കൃഷികളും അവിടെ കേന്ദ്രീകരിച്ച് നടത്തുക എന്നതാണ് സംഘത്തിന്റെ സ്വപ്ന പദ്ധതി. അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മാസം, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംഘത്തിന് പദ്ധതികളുണ്ട്.
ഭൂമി തരിശിടുന്നതിനെതിരെ ബോധവത്ക്കരണം നടത്താന്‍ സംഘത്തിന് കഴിഞ്ഞെങ്കിലും തരിശുഭൂമികള്‍ ഏറ്റെടുത്ത് സഹകരണ സംഘങ്ങളേയും സ്വാശ്രയ സംഘങ്ങളേയും ഏല്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് കാര്‍ഷിക ഉല്‍പ്പാദന സംഘങ്ങള്‍ക്ക് തിരിച്ചടിയാണ്. ഭൂവുടമകളുടെ സംഘടിതമായ വിലപേശലും എതിര്‍പ്പുകളും കൃഷിയിറക്കുന്നതിനു തടസ്സമാവുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന ് പാട്ടം ചോദിച്ചവര്‍ ഇത്തവണ മൂന്നിലൊന്ന് ആവശ്യപ്പെട്ടിരിക്കുകയാണു്. 25 വര്‍ഷത്തോളം വെറുതെ കിടന്ന ഭൂമിയില്‍ സംഘം കൃഷിയിറക്കിയപ്പോഴാണ് വരുമാന സാധ്യത ഉടമകള്‍ക്ക്് ബോധ്യമായത്. ചെറുകിട ഭൂഉടമകള്‍ ന്യായമായ പാട്ടത്തിനു നല്‍കാന്‍ തയാറാവുമ്പോഴും വന്‍കിടക്കാര്‍ സഹകരിക്കാത്തതിനാല്‍ ഒരു പ്രദേശത്തെ പാടം ഒന്നിച്ച ്എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ആയഞ്ചേരിയിലെ വാടകമുറിയിലെ ഓഫീസിലിരിക്കാതെ പുലര്‍ച്ചെ മുതല്‍ പച്ചക്കറിപ്പാടത്തും വാഴത്തോട്ടത്തിലും ഓടിനടക്കുന്ന മൂന്നു പേരാണ് കാര്‍ഷികോല്‍പ്പാദന സംഘത്തിന്റെ കരുത്ത്. ആക്ടിങ് സെക്രട്ടറി കെ.കെ. അര്‍ജുന്‍, ജീവനക്കാരായ കെ.പി. അക്ഷയ് കുമാര്‍, നിമ്യ സത്യന്‍ എന്നിവരാണ്് കൃഷി ചെയ്യാനും പരിപാലിക്കാനും വിളവെടുക്കാനും വിപണിയിലെത്തിക്കാനുമുള്ള ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒപ്പം കുറെ തൊഴിലളികളും. റിട്ട. കൃഷി ഓഫീസര്‍ കെ.ശ്രീധരനാണ് സംഘത്തിന്റെ കൃഷി ഉപദേശകന്‍. സഹകരണ രംഗത്ത് കഴിവ് തെളിയിച്ച പരിചയസമ്പന്നരുടെ ഒരു നിര തന്നെയുണ്ട് സംഘത്തിന്റെ ഭരണ സമിതിയില്‍. കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ സംരംഭങ്ങള്‍ തുടങ്ങിയ വടകര നടക്കുതാഴ സഹകരണ ബാങ്കിന്റെ പ്രസിഡന്റും കോഴിക്കോട് എന്‍.എം.ഡി.സി. ഡയരക്ടറുമായ ഇ. അരവിന്ദാക്ഷനാണ് സംഘത്തിന്റെ പ്രസിഡന്റ്. വടകര നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അരവിന്ദാക്ഷനാണ് സംഘത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. സംഘത്തിന്റെ കൃഷിസ്ഥലത്ത് പതിവ് സന്ദര്‍ശകനായ പ്രസിഡന്റ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ഇ.പി. കുഞ്ഞിക്കൃഷ്ണനാണ് വൈസ് പ്രസിഡന്റ് . ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍, മുന്‍ എം.എല്‍.എ. കെ.കെ.ലതിക, കെ. കുഞ്ഞമ്മദ്കുട്ടി, പി.കെ. ബാലന്‍മാസ്റ്റര്‍, കെ. ശ്രീധരന്‍ , യു.വി. കുമാരന്‍, പി. പവിത്രന്‍, രാഘവന്‍ മാണിക്കോത്ത്,വി.പി. കൃഷ്ണന്‍, വി. ദിനേശന്‍, കെ.എം. കുഞ്ഞിരാമന്‍, കെ. ശോഭ , എം.പത്മജ എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ.എം കുഞ്ഞിരാമന്‍ ഓണററി സെക്രട്ടറി പദവി കൂടി വഹിക്കുന്നു.
കൃഷി ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയാല്‍ ഉല്‍പ്പാദന രംഗത്ത് വലിയ വര്‍ദ്ധനവുണ്ടാക്കാനാവുമെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു. കാര്‍ഷിക യന്ത്രവല്‍ക്കരണം വഴി ഉല്‍പ്പാദനച്ചെലവ ് കുറച്ച് വിപണിയില്‍ മത്സരിക്കാന്‍ സഹകരണ സംഘങ്ങളെ പ്രാപ്തരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ആസൂത്രണത്തിലൂടെ പദ്ധതി തയാറാക്കുമ്പോള്‍ സഹകരണ മേഖലക്ക് പരിഗണന നല്‍കിയാല്‍ ഉല്‍പ്പാദന രംഗത്ത് നേട്ടമുണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിഭൂമി തരിശിടരുത്
കൃഷി നഷ്ടമായതുകൊണ്ട് കൃഷിഭൂമി വെറുതെയിടുന്നു എന്ന നിലപാട ് തിരുത്താന്‍ ഭൂമി കൈവശമുള്ളവര്‍ തയാറാവണമെന്നാണ് കാര്‍ഷിക ഉല്‍പ്പാദന സംഘത്തിന്റെ അഭ്യര്‍ഥന. ലാഭത്തില്‍ കൃഷി നടത്താന്‍ താല്‍പ്പര്യമുള്ളവരെ ഭൂമി ഏല്‍പ്പിച്ച് ലാഭവിഹിതം വാങ്ങാന്‍ ഉടമകള്‍ തയാറായാല്‍ അത് സമൂഹത്തിന് നേട്ടമാവും.
കാര്‍ഷികോല്‍പ്പാദന വിപണന സംഘത്തിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയില്‍ നെല്ല്, പച്ചക്കറി ഉല്‍പ്പാദനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചുകഴിഞ്ഞു. കൃഷി ചെയ്യാത്ത നെല്‍പ്പാടങ്ങള്‍ കണ്ടെത്തി ഉടമകളെ നിര്‍ബന്ധിച്ച്് കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷക കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും വിട്ടുകൊടുക്കാന്‍ നടപടി ഉടനെ വേണം. കൃഷിയോഗ്യമായ ഭൂമി തരിശിടുന്നത് തടയാനും കണ്ടു കെട്ടാനും നിയമനിര്‍മാണം അനിവാര്യമായിരിക്കുന്നു.