സഹകരണ ബാങ്കിങ്ങിന്റെ നിലനില്‍പ്പ് ഭീഷണിയില്‍

Deepthi Vipin lal

സഹകരണ ബാങ്കിങ് മേഖല വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. വ്യാവസായികവത്കരണത്തിനു ശേഷം തൊഴിലാളികളിലുണ്ടാക്കിയ അരക്ഷിത ബോധമാണു സഹകരണ പ്രസ്ഥാനത്തിന്റെ പിറവിക്കു വഴിയൊരുക്കിയത്. അതിജീവനത്തിനായി കൂട്ടായ്മ രൂപവത്കരിച്ച് ജീവിതാവശ്യങ്ങള്‍ നിവൃത്തിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതു ലോകത്താകെ പടരുന്ന ഒരു ബദല്‍ സാമ്പത്തിക പ്രത്യയശാസ്ത്രമായി മാറി. വൈവിധ്യമാര്‍ന്ന മേഖലകളിലൂടെ സഹകരണ രംഗം വളര്‍ന്നു. കോര്‍പ്പറേറ്റുകളോട് മത്സരിക്കാനുള്ള ശേഷി അവയ്ക്കുണ്ടായി. കോര്‍പ്പറേറ്റുകളെ തുരത്തിയോടിക്കാന്‍ പാകത്തില്‍ ഇന്ത്യയില്‍ ‘അമൂല്‍’ മാതൃകകളുണ്ടായി. കേരളത്തില്‍ മില്‍മയും അതിനു സമാനമായ രീതിയില്‍ ഇടപെടുന്നതില്‍ വിജയം കണ്ടു. സഹകരണ വായ്പാ മേഖലയില്‍ ഇന്ത്യയില്‍ കേരളം മാതൃക സൃഷ്ടിച്ചു. കേരളത്തിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും സഹകരണ മേഖലയുമായി ബന്ധപ്പെടുന്നവരാണെന്നാണു കണക്ക്. സഹകരണ ബാങ്കിങ് ഒരു ജനകീയ ബദലായി വളര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ബാങ്കിങ് മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും അതിനനുസരിച്ച് റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും സഹകരണ ബാങ്കിങ് രംഗത്തിനു വെല്ലുവിളിയാവുകയാണ്. പെയ്മെന്റ് ബാങ്കുകള്‍ മുതല്‍ ഓണ്‍ലൈന്‍ വായ്പാ വിതരണ ഫിനാന്‍സ് സ്ഥാപനങ്ങള്‍വരെ വ്യാപകമായിക്കഴിഞ്ഞു. പഴയ തപാല്‍ ഓഫീസുകള്‍ തപാല്‍ ബാങ്കുകളായി മാറി. ഇവയെ കോര്‍ ബാങ്കിങ്ങ് സിസ്റ്റത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. എന്നാല്‍, ഇവയ്ക്കെല്ലാം ലഭിക്കുന്ന പരിഗണന സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും ലഭിക്കുന്നില്ലെന്നതാണു പ്രധാന വെല്ലുവിളി.

കേരളത്തിലെ വായ്പാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും കാഴ്ചപ്പാടിലും സമഗ്രമായ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്. കിട്ടാക്കടം പെരുകുന്നതു തടയേണ്ടതുണ്ട്. ഇതിന് ഉല്‍പ്പാദനക്ഷമമായ വായ്പകളുടെ തോതു കൂട്ടുകയാണു വേണ്ടത്. സംഘങ്ങള്‍ സംരംഭകത്വത്തിനു പ്രോത്സാഹനം നല്‍കണം. സംഘങ്ങള്‍ക്കു നേരിട്ടോ അംഗങ്ങളുടെ സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കിയോ കാര്‍ഷികോല്‍പ്പാദനത്തിലേക്കും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങളിലേക്കും കടക്കാനാവണം. ഇത്തരം വായ്പകള്‍ക്ക് ഊന്നല്‍ നല്‍കണം. ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉപ്പാക്കാന്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുമായി ധാരണയുണ്ടാക്കിയാല്‍ തിരിച്ചടവ് മുടങ്ങുന്ന പ്രശ്നമില്ലാതാകും. വായ്പാ വിതരണത്തിലെ ഈ മാറ്റത്തിനൊപ്പം സാങ്കേതികമായി മുന്നേറാനും സംഘങ്ങള്‍ക്കു കഴിയണം. സാങ്കേതിക രംഗത്തെ മുന്നേറ്റം ഏതു സേവനവും ഉറപ്പുനല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്കു സാധ്യമാകുമെന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. ‘വൈറ്റ് ലേബലിങ്’ സാധ്യത ഉപയോഗപ്പെടുത്തി സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്കു ബാങ്കിങ് സേവനം നല്‍കാന്‍ സാങ്കേതികമായി കഴിയും. ഇതിനു റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ തടസ്സമാകുന്നില്ല. കോര്‍ ബാങ്കിങ്ങിന്റെ ഭാഗമാകണമെന്നുമില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കൂട്ടായ്മയായുള്ള പ്രവര്‍ത്തനവും സഹകരണ ബാങ്കിങ് മേഖലയില്‍ ഉണ്ടായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിന്റെ ഭാവി അപകടത്തിലാകും. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഭൂരിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളിലും ‘നെഗറ്റീവ്’ വളര്‍ച്ചയാണ് ഈ കാലത്തുണ്ടായത്. കേരള ബാങ്കിന്റെ പ്രവര്‍ത്തന കാഴ്ചപ്പാടും വായ്പാ വിതരണ രീതിയും പ്രാഥമിക ബാങ്കുകളെ അവരുടെ ബിസിനസ് കറസ്പോണ്ടന്റായി മാറ്റുന്ന തരത്തിലാണ്. തിരുത്തല്‍ ഇവിടെയും ഉണ്ടായില്ലെങ്കില്‍ വീണുപോകുന്നതു നമ്മള്‍ അടിത്തറയിട്ട് വളര്‍ത്തിയെടുത്ത ജനകീയ ബാങ്കിങ് സംവിധാനമായിരിക്കും.

– എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Latest News