സഹകരണത്തില്‍ ആരാകും: പുതിയ മന്ത്രിയെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങള്‍

[mbzauthor]

പുതുമുഖങ്ങളെ അണി നിരത്തുന്നതാവും രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ എന്നുറപ്പായതോടെ പുതിയ സഹകരണമന്ത്രി ആരാവും എന്നാണ് സഹകാരികള്‍ ഉറ്റു നോക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തുണ്ടാകാനിടയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സഹകരണ വകുപ്പില്‍ തുടങ്ങിവെച്ച ഒട്ടേറെ കാര്യങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമുള്ള ഘട്ടമാണ് ഇപ്പോഴുള്ളത്. അതിനാല്‍, പുതുമുഖമാണ് സഹകരണ വകുപ്പിന്റെ മന്ത്രിസ്ഥാനത്ത് എത്തുന്നതെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്.

കേരളബാങ്കിനെ കേരളത്തിന്റെ സ്വന്തം ബാങ്കാക്കി മാറ്റിയെടുക്കുകയെന്നതാണ് പ്രധാനം. ഇതിന് ഒട്ടേറെ കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ട്. മലപ്പുറത്തെ കേരളബാങ്കിനൊപ്പം ചേര്‍ക്കണം. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിയമയുദ്ധങ്ങള്‍ വിജയിച്ചുകയറേണ്ടതുണ്ട്. കോര്‍ബാങ്കിങ്, പ്രവാസി നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണം. കേരളബാങ്കിന് സര്‍ക്കാര്‍ സഹായമില്ലാതെ നില്‍ക്കാനാകുന്ന സഹകരണ ബാങ്കായി മാറ്റുകയെന്നതാണ് ഇതിനുവേണ്ടത്.

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനുമായി തയ്യാറാക്കിയ പദ്ധതി തുടങ്ങിയടത്ത് നില്‍ക്കുകയാണ്. കോപ് മാര്‍ട്ട് ശൃംഖല വ്യാപിപ്പിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. ഇത് ഫലപ്രാപ്തിയിലെത്തിക്കാന്‍ ആസൂത്രണത്തിലെ പിഴവ് അടക്കം തിരുത്തി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. സഹകരണ മേഖലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് നടപ്പാക്കേണ്ട പദ്ധതിയാണിത്. അതിന് മന്ത്രിയ്ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് ഏറെ വലുതാണ്. ഉദ്യോഗസ്ഥ തലത്തിലെ ആസൂത്രണത്തിലുണ്ടായ പിഴവാണ് കോപ് മാര്‍ട്ട് പദ്ധതിയെ ഏകോപനമില്ലാത്ത ഒന്നാക്കി മാറ്റിയത്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി സഹകരണ മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റം എന്താകുമെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ബാങ്ക് എന്ന പേര് നഷ്ടമാകുമെന്ന ആശങ്ക നിലവിലുണ്ട്. അതുണ്ടാവില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പുതലത്തിലുണ്ടായ വിലയിരുത്തല്‍. അക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാടാണ് നിര്‍ണായകമാകുക. കേരളബാങ്ക് ചെയര്‍മാനടക്കം അയോഗ്യത വരുന്ന സ്ഥിതിയുണ്ടാകാനിടയുണ്ട്. അതിനെ എങ്ങനെ മറികടക്കുമെന്നതും പ്രധാനമാണ്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ സോഫ്റ്റ് വെയറുകളുടെ ഗുണനിലവാരം പരിശോധിക്കുകപോലും ചെയ്യാതെ മാറ്റണമെന്ന രീതിയിലാണ് ഈ പദ്ധതിയുള്ളത്. ഇതിനെതിരെയും വിമര്‍ശനമുണ്ട്. സോഫ്റ്റ് വെയറുകളുടെ ഏകോപനമുണ്ടാക്കി എല്ലാബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിക്കണമെന്നതാണ് ഇടതുപക്ഷത്തുള്ള സഹകാരികള്‍ അടക്കം മുന്നോട്ടുവെക്കുന്നത്. സാസ് മാതൃക ബാങ്കുകള്‍ക്ക് ആശാസ്യമല്ലെന്നതും സഹകാരികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിലും പുതിയ സഹകരണ മന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്.

[mbzshare]

Leave a Reply

Your email address will not be published.