പ്രാഥമിക സഹകരണസംഘങ്ങളെ കൂച്ചുവിലങ്ങിടാൻ ആർബിഐ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർ.ബി.ഐ നടത്തുന്നു.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവരശേഖരണം ആർബിഐ നടത്തുന്നു. ഭാവിയിൽ കൂടുതൽ കൂച്ചുവിലങ്ങ് ഇടുക എന്ന ദുരുദ്ദേശം ആണ് ഇതിനു പിന്നിലുള്ളതെന്ന് മുതിർന്ന ഉദ്യോഗസ്ഥരും സഹകാരികളും വിലയിരുത്തുന്നു. 2018- 19, 2019- 20 വർഷങ്ങളിലെ കണക്കുകളാണ് ആർബിഐ ശേഖരിക്കുന്നത്.
ഓരോ താലൂക്കിലും എത്ര സൊസൈറ്റികൾ ഉണ്ട്, ഓരോ സൊസൈറ്റിക്കും എത്ര ബ്രാഞ്ചുകൾ ഉണ്ട്, ഓരോ സൊസൈറ്റിക്ക് കീഴിൽ എത്ര നിക്ഷേപമുണ്ട്, എത്ര നിക്ഷേപകർ ഉണ്ട്, എത്ര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ട് എന്നീ വിവരങ്ങളാണ് ആർബിഐ ശേഖരിക്കുന്നത്.
വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് ജോയിന്റ് രജിസ്ട്രാർമാർക്കും അസിസ്റ്റന്റ് രജിസ്ട്രാർമാർക്കും സർക്കുലർ നൽകിയിരിക്കുന്നത് അഡീഷണൽ രജിസ്ട്രാർ ( പ്ലാനിങ്) ആണ്. 21.8.20(ഇന്ന് )നകം വിവരങ്ങൾ കൈമാറണമെന്നാണ് നിർദ്ദേശം. “പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകളുടെയും” പ്രാഥമിക സഹകരണ സംഘങ്ങളുടെയും വിവരങ്ങൾ അടിയന്തരമായി നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇത്തരം ഒരു വാക്ക് സർക്കുലറിലൂടെ ഉപയോഗിച്ചതിനെ ഉദ്യോഗസ്ഥർ നിശിതമായാണ് കളിയാക്കി അടക്കം പറയുന്നത്. മേഖലയുമായി ബന്ധം ഇല്ലാത്തവരാണോ സർക്കുലർ തയ്യാറാക്കുന്നത് എന്ന് ഇവർ ചോദിക്കുന്നു. സഹകരണ നിയമത്തിലോ ചട്ടത്തിലോ ‘പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്ക്’ എന്ന ഒരു പദമോ സ്ഥാപനമോ ഇല്ല.