കുടുംബശ്രീക്ക് 197 കോടിയുടെ കൃഷിനാശം; സഹായത്തിന് തമിഴ്‌നാട് കമ്പനി

[email protected]

സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചതായി കണക്ക്. 25,056 വനിതാ കൃഷി സംഘങ്ങള്‍ക്കാണ് ഇതിന്റെ നഷ്ടമുണ്ടായത്. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴ്‌നാട്ടില്‍നിന്ന് ഒരു കമ്പനി തയ്യാറായി.

തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്‌ളെമന്റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് കൈമാറി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ എന്നിവര്‍ കമ്പനി പ്രതിനിധികളുമായി കാര്യങ്ങള്‍ വിശദീകരിച്ചു.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ് കുടുംബശ്രീയുടെ കൃഷികളിലേറെയും. നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന് ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്‌ളാസുകള്‍ നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News