സഹകരണസംഘത്തിന്റെ ലാഭവിഹിതവും ദുരിതാശ്വാസത്തിന് നല്കാന് നിര്‍ദ്ദേശം
സഹകരണസംഘത്തിന്റെ ലാഭവിഹിതവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍. സംഘങ്ങളുടെ പൊതുനന്മാഫണ്ട് ഇതിനായി ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനൊപ്പം സഹകരണ ജീവനക്കാരുടെ രണ്ടുദിവസത്തേത് മുതല്‍ ഒരുമാസത്തെവരെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെയാണ് സംഘത്തിലെ അംഗങ്ങള്‍ക്ക് നല്കുന്ന ലാഭവിഹിതം കൂടി നല്കാന് നിര്‍ദ്ദേശിച്ചത്. ഇതോടെ പ്രളയാനന്തര കേരളത്തെ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് സഹകരണ മേഖലയാകും.
ദുരന്തത്തിനിരയായവരെ സഹായിക്കാനായി സഹകരണ വകുപ്പ് ‘കെയര്‍ കേരള’ എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വീട് നിര്‍മ്മിച്ച് നല്കല്, പലിശരഹിത വായ്പ, കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്പ, എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കെയര്‍ കേരള പദ്ധതി. ‘കെയര്‍ ഹോം’ എന്നുപേരിട്ട പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1500 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ 40 കോടി രൂപയാണ് സംഘങ്ങളുടെ വിഹിതം. ബാക്കി സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍നിന്നാണ് എടുക്കുന്നത്. ഇതിലേക്കാണ് ഇപ്പോള്‍ സംഘങ്ങളുടെ ലാഭവിഹിതം കൂടി നല്കാന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കെയര്‍ കേരള പദ്ധതിക്ക് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളുടെയും സഹകാരികളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് സര്‍ക്കുലറില്‍ രജിസ്ട്രാര്‍ ആവശ്യപ്പെടുന്നു. ഈ പദ്ധതി വിജയത്തിലെത്തിക്കുന്നതിന് എല്ലാ സഹകരണ സംഘങ്ങളും വ്യക്തിഗത അംഗങ്ങള്‍ക്ക് നല്കുന്ന ലാഭവിഹിതം കെയര്‍ ഹോം എന്ന പദ്ധതിക്കായി നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒടുവില്‍ അംഗീകരിച്ച ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം നിശ്ചയിക്കേണ്ടത്. ഇത് പൊതുയോഗത്തിന്റെ അംഗീകാരത്തോടെ സഹകരണസംഘം രജിസ്ട്രാറുടെ പേരില്‍ സംസ്ഥാന സഹകരണ സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് (നമ്പര്‍-001101023000278) സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം.