മികച്ച സഹകരണ സംഘങ്ങള്‍ക്ക് സഹകരണവകുപ്പിന്റെ പുരസ്‌കാരം
സംസ്ഥാനത്ത് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് സഹകരണ വകുപ്പ് പുരസ്‌കാരം നല്‍കുന്നു. 2017-18 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒമ്പത് വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്‌കാരം, 2019 ജുലായ് മാസത്തില്‍ നടക്കുന്ന സഹകരണ ദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘം, വനിതാ സഹകരണ സംഘം, പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘം, ആശുപത്രി-വിദ്യാഭ്യാസ സഹകരണ സംഘം, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം-പലവക സംഘം എന്നീ വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. താലൂക്ക്-ജില്ലാ-സംസ്ഥാനം എന്നിങ്ങനെ മൂന്നുഘട്ടമായുള്ള പരിശോധനയിലൂടെയാണ് മികച്ച സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്.
താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ജൂണ്‍ 15നകം അപേക്ഷ നല്‍കണം. ഈ അപേക്ഷ ഫോം താലൂക്ക്തലത്തില്‍ പരിശോധിച്ച് മാര്‍ക്കുകള്‍ രേഖപ്പെടുത്തി പട്ടിക തയ്യാറാക്കണം. ഓരോ വിഭാഗത്തിലും അഞ്ചുസംഘങ്ങളെ നിശ്ചയിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്. ഇതിനായി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറും അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്), സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായ അഞ്ചംഗം കമ്മിറ്റി രൂപവത്കരിക്കും. ഈ കമ്മിറ്റിയുടെ ശുപാര്‍ശയും തീരുമാനത്തിന്റെ പകര്‍പ്പും സഹിതമുള്ള പട്ടികയാണ് ജില്ലാതലത്തിലേക്ക് സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 20നകം താലൂക്കില്‍നിന്ന് സംഘങ്ങളുടെ ചുരുക്കപ്പട്ടിക നല്‍കണം.
താലൂക്ക് തലത്തില്‍നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് ജില്ലാതലത്തിലുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കണം. ഓരോ വിഭാഗത്തിലും മികച്ച അഞ്ച് സംഘങ്ങളുടെ പട്ടികയാണ് ജില്ലയില്‍നിന്നും നല്‍കേണ്ടത്. ഇത് ജൂണ്‍ 25നകം നല്‍കണം. ഡെപ്യൂട്ടി രജിസ്ട്രാര്‍(ഭരണം) കണ്‍വീനറും ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍, ജില്ലയിലെ മൂന്ന് പ്രമുഖ സഹകാരികള്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ജില്ലാതല പരിശോധന നടത്തേണ്ടത്.
ജില്ലാതലത്തിലെ മികച്ച സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേകം പുരസ്‌കാരം നല്‍കുന്നുണ്ട്. ഓരോ വിഭാഗത്തിലെയും ജില്ലയിലെ മികച്ച സംഘങ്ങളെ തിരഞ്ഞെടുക്കേണ്ട ചുമതലയും ജില്ലാസമിതിക്കാണ്. ജില്ലാസഹകരണ ബാങ്കുകളുടെ അപേക്ഷ നേരിട്ട് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലേക്കാണ് നല്‍കേണ്ടത്. ഇതില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറും ജില്ലാബാങ്കുകളുടെ കണ്‍കറന്റ് ഓഡിറ്ററും സാക്ഷ്യപ്പെടുത്തണം.
[mbzshare]