പ്രാഥമിക സംഘങ്ങളില്‍ നിന്നു തുക സമാഹരിച്ചോ കണ്‍സോര്‍ഷ്യം ഉണ്ടാക്കിയോ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരിച്ചുകൊടുക്കണം- എം. പുരുഷോത്തമന്‍

[mbzauthor]

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നിന്നു തുക സമാഹരിച്ചോ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിനു കീഴില്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു നിക്ഷേപം തിരിച്ചുകൊടുക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നു മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി എം. പുരുഷോത്തമന്‍ സഹകരണ മന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാനും കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്കു പരിരക്ഷ നല്‍കാനും സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിനു കീഴില്‍ ഒരു പ്രത്യേക കോര്‍പ്പസ് ഫണ്ട് രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശമാണു പുരുഷോത്തമന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘവും നിക്ഷേപത്തിന്റെ 0.1 ശതമാനം ( ഒരു കോടി രൂപയുടെ നിക്ഷേപത്തിനു പതിനായിരം രൂപ എന്ന തോതില്‍ ) നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിലേക്കു ഒരു പ്രത്യേക കോര്‍പ്പസ് ഫണ്ടിനായി നിക്ഷേപം നടത്തണമെന്നു നിവേദനത്തില്‍ നിര്‍ദേശിക്കുന്നു. സ്റ്റാറ്റിയൂട്ടറി നിക്ഷേപം എന്ന നിലയില്‍ എല്ലാ സംഘങ്ങളും ഈ തുക നിക്ഷേപിക്കണം. ഈ നിക്ഷേപത്തിനു അഞ്ചു ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നല്‍കണം. ഗാരണ്ടി ഫണ്ട് ബോര്‍ഡിലേക്കുള്ള പ്രീമിയം അടയ്ക്കുന്നതോടൊപ്പം നിക്ഷേപത്തിന്റെ വര്‍ധനയ്ക്കനുസരിച്ചുള്ള തുകയും ഓരോ വര്‍ഷം നിക്ഷേപിക്കണം. ഇങ്ങനെ കിട്ടുന്ന ഫണ്ട് കൈകാര്യം ചെയ്യാനും പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കാനും സംസ്ഥാന / ജില്ലാ തലത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപവത്കരിക്കാനായി നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിനു കീഴില്‍ ഫണ്ട് മാനേജരെ പ്രത്യേകം നിയമിക്കണം. കണ്‍സോര്‍ഷ്യം രൂപവത്കരിക്കേണ്ടിവന്നാല്‍ അതിന്റെ പൂര്‍ണ ചുമതലയും നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കണം.

ഇങ്ങനെ കിട്ടുന്ന ഫണ്ടില്‍ നിന്നു സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി അടിയന്തര ഘട്ടങ്ങളില്‍ നിക്ഷേപം മടക്കിക്കൊടുക്കാനായി നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് പത്തു വര്‍ഷത്തെ കാലാവധിയില്‍ പ്രത്യേക വായ്പ അനുവദിക്കണമെന്നു നിവേദനത്തില്‍ നിര്‍ദേശിക്കുന്നു. പ്രതിസന്ധിയിലായ സംഘങ്ങള്‍ക്കു പരമാവധി 30 ദിവസത്തിനകം വായ്പ നല്‍കാനാവണം. ഈ വായ്പയ്ക്കു പത്തു ശതമാനംവരെ പലിശ ഈടാക്കാം. പ്രതിസന്ധിയിലായ സംഘങ്ങളെ സഹായിക്കാന്‍ സംസ്ഥാന / ജില്ലാ തലത്തില്‍ പ്രാഥമിക സംഘങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക കണ്‍സോര്‍ഷ്യങ്ങള്‍ രൂപവത്കരിക്കാനുള്ള ചുമതല നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കണം. കണ്‍സോര്‍ഷ്യങ്ങളുടെ മേല്‍നോട്ടവും തുകയുടെ വിനിയോഗം സംബന്ധിച്ച നടപടികളും ഫണ്ട് മാനേജരുടെ ചുമതലയായിരിക്കണം – പുരുഷോത്തമന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.