മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ നല്‍കും

moonamvazhi

മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കിന്റെ 113-ാംവാര്‍ഷികപൊതുയോഗം ജീവനക്കാര്‍ക്ക് ആജീവനാന്തം 10,000 രൂപ പെന്‍ഷന്‍ നല്‍കുന്നപദ്ധതി അംഗീകരിച്ചു.507 ജീവനക്കാര്‍ക്കാണ് ഇതു കിട്ടുക. ഇതിനു വേണ്ട നിക്ഷേപം ബാങ്ക് വഹിക്കും. ജീവനക്കാര്‍ ഒന്നും നല്‍കേണ്ട. 2023-24ല്‍ ബാങ്കിന്റെ ബാധ്യതാശേഷമൂല്യം 4618 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 809 കോടിരൂപ കൂടുതല്‍. രാജ്യത്തെ സഹകരണബാങ്കുകളില്‍ ഏറ്റവുംഉയര്‍ന്ന ബാധ്യതാശേഷ മൂല്യമാണിത്.

2023-24ല്‍ 609 കോടി രൂപയാണ് സംസ്ഥാന സഹകരണബാങ്കിന്റെ അറ്റലാഭം. ഓഹരിയുടമകള്‍ക്കു 10 ശതമാനം ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. 16.34 ശതമാനമാണു മൂലധനപര്യാപ്ത. വായ്പാനിക്ഷേപഅനുപാതം 81.50 ശതമാനം. 2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ബിസിനസ് 57,265 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12,201 കോടി രൂപ കൂടുതല്‍. 33,681.71 കോടി രൂപ വായ്പ നല്‍കി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7231.66 കോടി രൂപ കൂടുതല്‍. നിക്ഷേപം 4969.37 കോടി രൂപ ഉയര്‍ന്ന് 23,582.92 കോടിയിലെത്തി. അറ്റനിഷ്‌ക്രിയസ്വത്ത് 1.66 ശതമാനംമാത്രം. അന്താരാഷ്ട്രസുരക്ഷാമാനദണ്ഡങ്ങള്‍ക്കുള്ള ഐ.എസ്.ഒ 27001-2013 അംഗീകാരവും ബാങ്കിനു കിട്ടി. വാര്‍ഷികപൊതുയോഗത്തില്‍ ചെയര്‍മാന്‍ വിദ്യാധര്‍ അനസ്‌കാര്‍ അധ്യക്ഷനായി.