സാമൂഹിക സുരക്ഷാപെന്‍ഷന്‍: സംഘങ്ങള്‍ക്ക് അര ശതമാനം പലിശയ്ക്കു കേരളബാങ്കിന്റെ വായ്പ

moonamvazhi

സാമൂഹികസുരക്ഷാപെന്‍ഷനു കുറഞ്ഞനിരക്കില്‍ പണലഭ്യത ഉറപ്പാക്കാന്‍ കേരളബാങ്ക് തീരുമാനിച്ചു. ഇതുപ്രകാരം, സാമൂഹികസുരക്ഷാപെന്‍ഷന്‍കമ്പനിയില്‍ നിക്ഷേപം നടത്താന്‍ പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്കും (പാക്‌സ്) മറ്റുസംഘങ്ങള്‍ക്കും അര ശതമാനം പലിശയ്ക്കു നിക്ഷേപവായ്പയും ഓവര്‍ഡ്രാഫ്റ്റും അനുവദിക്കും.

സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സാമൂഹികസുരക്ഷാപെന്‍ഷനു ഫണ്ട് പൂള്‍ ചെയ്യാനും ഇതിനായി കുറഞ്ഞനിരക്കില്‍ ഫണ്ട് ലഭ്യമാക്കാനും ധാരണയായിരുന്നു. ഇതെത്തുടര്‍ന്നാണു നിലവിലുള്ള രണ്ടു ശതമാനത്തില്‍നിന്ന് അര ശതമാനത്തിലേക്കു പലിശ കുറയ്ക്കാന്‍ തീരുമാനിച്ചത്. സാമൂഹികസുരക്ഷാപെന്‍ഷന്‍ ലിമിറ്റഡിലേക്കു ഫണ്ട് നല്‍കുന്ന പാക്‌സുകള്‍ക്കും സംഘങ്ങള്‍ക്കുംമാത്രമായിരിക്കും നിരക്കിളവ്. അതും ഫണ്ട് പൂളിങ് നടത്തുന്ന കാലത്തേക്കുമാത്രം. ഫണ്ട് പൂളിങ്ങിനല്ലാതെ മറ്റൊന്നിനും ഇതു കിട്ടില്ല. സംഘത്തിന്റെ അപേക്ഷയും സ്ഥിരനിക്ഷേപരേഖകളും കിട്ടിയാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു യഥാസമയം നിക്ഷേപവായ്പയോ ഒ.ഡി.യോ ലഭ്യമാക്കുന്നകാര്യം അതത് വായ്പപ്രോസസിങ് കേന്ദ്രം (സി.പി.സി) തലവര്‍ ഉറപ്പാക്കണം. ഫണ്ട് പൂളിങ് വൈകാതിരിക്കാനാണിത്. സാമൂഹികസുരക്ഷാപെന്‍ഷന്‍കാര്യത്തിനുമാത്രമേ നിരക്കിളവ് അനുവദിക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കേണ്ടതും സി.പി.സി.തലവരാണ്. കേരളബാങ്ക് ചീഫ്ജനറല്‍മാനേജര്‍ ഇതിനുള്ള നിര്‍ദേശം എല്ലാ റീജിയണല്‍മാനേജര്‍മാര്‍ക്കും സി.പി.സി. ഹെഡുമാര്‍ക്കും ശാഖാമാനേജര്‍മാര്‍ക്കും നല്‍കി.