കാരണമുണ്ടെങ്കില്‍ 20000ല്‍കവിഞ്ഞ പണമിടപാടിനു പിഴയില്ല
മതിയായകാരണങ്ങളുണ്ടെങ്കില്‍ സഹകരണസംഘങ്ങളും അംഗങ്ങളുംതമ്മിലുള്ള 20000രൂപയില്‍കൂടുതലുള്ള പണമിടപാടുകള്‍ക്കു പിഴ ചുമത്തരുതെന്നു ആദായനികുതിഅപ്പലേറ്റ് ട്രൈബ്യൂണലിന്റെ അഹമ്മദാബാദ് ബെഞ്ച് വിധിച്ചു. ശ്രീഉമിയ സഹകരണവായ്‌പാസംഘത്തിനു ചുമത്തിയ 55കോടിയോളംരൂപയുടെ പിഴ റദ്ദാക്കുകയും ചെയ്‌തു. 2016-17ലെ കണക്കാണു കേസിനാസ്‌പദം.

ആദായനികുതിനിയമം 271ഡി, 271ഇ വകുപ്പുകള്‍ പ്രകാരമാണു പിഴ. 20,000രൂപയില്‍കൂടുതല്‍ പണമായി സ്വീകരിച്ചതാണു പ്രശ്‌നം. എന്നാല്‍ 273ബി പ്രകാരം മതിയായ കാരണമുണ്ടെങ്കില്‍ പിഴ ഒഴിവാക്കാമെന്നു ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
എല്ലഇടപാടും യഥാര്‍ഥവും കണക്കുപുസ്‌തകങ്ങളില്‍ യഥാവിധി രേഖപ്പെടുത്തിയിട്ടുള്ളതും അംഗങ്ങളെഅടിസ്ഥാനമാക്കി നടന്നതുമാണെന്നു സംഘം ട്രൈബ്യൂണലില്‍ ബോധിപ്പിച്ചു. രജിസ്റ്റര്‍ ചെയ്‌ത അംഗങ്ങളുമായാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും കണക്കില്‍പെടാത്തപണമാണെന്നതിനു തെളിവൊന്നുമില്ലെന്നും നികുതിവെട്ടിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അംഗങ്ങള്‍ സംഭാവന ചെയ്യുകയും കൂട്ടായി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന പാരസ്‌പര്യതത്വത്തിലാണു സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം. അത്തരം സംഘങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വാണിജ്യലംഘനങ്ങളായി കണക്കാക്കാനാവില്ല. ഇടപാടുകള്‍ പണമായിത്തന്നെ നടത്തേണ്ടിവന്ന സാഹചര്യം സംഘം വ്യക്തമാക്കിയിട്ടുണ്ട്. 20,000രൂപയില്‍കൂടുതല്‍ തുകയുടെ ഇടപാടു പണമായിത്തന്നെ നടന്നു എന്നതുകൊണ്ടുമാത്രം അതു സ്വാഭാവികമായി പിഴ ചുമത്തപ്പെടാന്‍ കാരണമാകുന്നില്ല. ആദായം മറച്ചുവച്ചതിനാണോ വിവരങ്ങള്‍ കൃത്യമായി നല്‍കാതിരുന്നതിനാണോ പിഴയെന്ന് അസസിങ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുമില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അംഗം ടി.ആര്‍. സെന്തില്‍കുമാറും അക്കൗണ്ടന്റ് അംഗം നരേന്ദ്രപ്രസാദ് സിന്‍ഹയുമടങ്ങിയ ബെഞ്ചാണ് പിഴ റദ്ദാക്കി ഉത്തരവിട്ടത്.

