ചെന്നൈ എക്‌സ്‌പ്രസ്സിനു കൊല്ലങ്കോട്ട്‌ സ്‌റ്റോപ്പ്‌: റെയില്‍വേമന്ത്രിയെ സി.എന്‍. വിജയകൃഷ്‌ണന്‍ അനുമോദിച്ചു

Moonamvazhi

ചെന്നൈ എക്‌സ്‌പ്രസ്‌ ട്രെയിനിനു കൊല്ലങ്കോട്ട്‌ സ്‌റ്റോപ്പ്‌ അനുവദിച്ചതിനു റെയില്‍വേമന്ത്രി അശ്വനിവൈഷ്‌ണവിനെയും റെയില്‍വേഅധികൃതരെയും കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്‌ണന്‍ അനുമോദിച്ചു. ഇക്കാര്യത്തിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

കൊല്ലങ്കോട്‌, നെന്‍മാറ, പല്ലശ്ശന, എലവഞ്ചേരി, കൊടുവായൂര്‍, വടവന്നൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്കു പളനി, മധുര, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളിലും പാലക്കാട്‌ നഗരത്തിലും എത്താന്‍ ഈ ട്രെയിന്‍ ഏറെ പ്രയോജനപ്പെടും.

ഈ ആവശ്യമുന്നയിച്ചു വിജയകൃഷ്‌ണന്‍ മന്ത്രിക്കു നിവേദനങ്ങള്‍ നല്‍കുകയും പാലക്കാട്‌ ഡിവിഷന്‍ മാനേജരെ നേരില്‍കാണുകയും ചെയ്‌തിരുന്നു. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടരും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ആള്‍ഇന്ത്യ റെയില്‍ യൂണിയന്‍ അസോസിയേഷന്‍ വര്‍ക്കിങ്‌ ചെയര്‍മാനുമായ ചാക്കുണ്ണി മുഖേന ചെന്നൈ, പാലക്കാട്‌ ഡിവിഷന്‍ മാനേര്‍മാര്‍ക്കും റെയില്‍വേബോര്‍ഡ്‌ ചെയര്‍മാനുമാനും നിവേദനം നല്‍കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ 10 പഞ്ചായത്തുകളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശമാണു കൊല്ലങ്കോടെന്നു വിജയകൃഷ്‌ണന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെമ്പാടുംനിന്നുമാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കൊല്ലങ്കോടിന്റെ വിസ്‌മയിപ്പിക്കുന്ന പ്രകൃതിഭംഗി ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്‌. നെല്ലിയാമ്പതി ഹില്‍ടോപ്പും ഓറഞ്ചുതോട്ടങ്ങളും കൂടാതെ ചിങ്ങഞ്ചിറ കറുപ്പുസ്വാമിപ്രകൃതിക്ഷേത്രവും കാച്ചാന്‍കുറിശ്ശിക്ഷേത്രവും വന്‍മല ബാലമുരുകക്ഷേത്രവും അടക്കമുള്ള ക്ഷേത്രങ്ങളുമൊക്കെ ആകര്‍ഷകങ്ങളാണ്‌. പോത്തുണ്ടിഡാമും കാഞ്ഞിരപ്പുഴ ഡാമും മീങ്കരഡാമും ചുള്ളിയാര്‍ ഡാമും അടക്കമുള്ള ഡാംസൈറ്റുകളും മനോഹരങ്ങള്‍തന്നെ. വനങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ട ഈ പ്രദേശങ്ങളൊക്കെ അത്യാകര്‍ഷകമായ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനുകളാണ്‌. നെല്ലായമ്പതിക്കുന്നുകള്‍, സീതക്കുണ്ട്‌ വ്യൂപോയിന്റ്‌, മാമ്പറ പീക്ക്‌, കൊല്ലങ്കോട്‌ കൊട്ടാരം എന്നിവയും തഴച്ച ഹരിതാഭയുള്ള പ്രദേശങ്ങളാണ്‌. മീന്‍വള്ളം വെള്ളച്ചാട്ടവും കാഞ്ഞിരപ്പുഴ വെള്ളച്ചാട്ടവും ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളും കാണാം. കൊല്ലങ്കോടിന്റെ സ്വാഭാവികപ്രകൃതിഭംഗിയുടെയും ശാന്തമായ അന്തരീക്ഷത്തിന്റെയും ദൃശ്യസൗന്ദര്യം പകര്‍ന്നുനല്‍കുന്നവയാണ്‌ ഈ വെള്ളച്ചാട്ടങ്ങള്‍. പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യം വര്‍ധിക്കുമെന്നു മാത്രമല്ല, ഈ മേഖലയുടെ ടൂറിസംവികസനത്തിനു വലിയ സഹായമായിരിക്കും സ്റ്റോപ്പെന്നു നിവേദനത്തില്‍ പറഞ്ഞു. റെയില്‍വേക്ക്‌ ഇതു നഷ്ടമായിരിക്കില്ലെന്നു മാത്രമല്ല, ലാഭമായിരിക്കുമെന്നും ഇവിടെ സ്റ്റോപ്പിനായി ട്രെയിന്‍സമയങ്ങളില്‍ കാര്യമായ വ്യത്യാസം വരുത്തേണ്ടിവരില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാലക്കാട്‌-പൊള്ളാച്ചി-മധുര-രാമേശ്വരം വഴി ഒരു വന്ദേഭാരത്‌ ട്രെയിന്‍ അനുവദിക്കണമെന്ന നിവേദനവും വിജയകൃഷ്‌ണന്‍ നല്‍കിയിട്ടുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 866 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!