പല മള്‍ട്ടിസംഘവും കണക്കു കൊടുത്തില്ല
പല മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളും 2024-25ലെ വാര്‍ഷികക്കണക്കുകള്‍ തന്നിട്ടില്ലെന്നു കേന്ദ്രസഹകരണഅസിസ്റ്റന്റ് കമ്മീഷണര്‍. ഇവര്‍ വേഗം ഇവ സമര്‍പ്പിക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസ് അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ്‌സഹകരണസംഘംനിയമം 120-ാംവകുപ്പുപ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം വാര്‍ഷികറിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഒരുലക്ഷംരൂപവരെ പിഴ ചുമത്താം. നിയമലംഘനം തുടര്‍ന്നാല്‍ ഓരോദിവസവും 1000രൂപ വീതം പിഴ ചുമത്താം. യഥാസമയം സംഘം റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ബോര്‍ഡംഗങ്ങള്‍ക്ക് അഞ്ചുകൊല്ലത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നു നിയമത്തിന്റെ 43(2) വകുപ്പിലുണ്ടെന്നും കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസ് നോട്ടീസില്‍ ഓര്‍മിപ്പിച്ചു.


