അന്തരിച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്
അന്തരിച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ അവകാശികള്‍ക്കു നല്‍കാന്‍ കേരളസ്‌റ്റേറ്റ് ഹാന്റ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് (ഹാന്റക്‌സ്) ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ് എന്‍. നഗരേഷിന്റെതാണ് ഉത്തരവ്. 1974മെയ് ഒന്നിനു ജോലിക്കു ചേര്‍ന്ന് 2010 മെയ് 31നു വിരമിച്ച ഒരു ജീവനക്കാരന്റെ ആനുകൂല്യങ്ങളാണു നിഷേധിക്കപ്പെട്ടത്. ക്രിമിനല്‍ കേസുണ്ടെന്നാണു കാരണം പറഞ്ഞത്. 2023 സെപ്‌റ്റംബര്‍ 15നു ജീവനക്കാരന്‍ അന്തരിച്ചു. അതിന് ഒരുമാസംമുമ്പ്, 2023 ഓഗസ്റ്റ് 18ന് കൊല്ലം ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതേവിട്ടിരുന്നു. ക്രിമിനല്‍കേസ് വ്യാജമായി ആരോപിച്ചതാണെന്ന് അവകാശികള്‍ ഹര്‍ജിയില്‍ പറയുന്നു. ആനുകൂല്യങ്ങള്‍ക്കായി രണ്ടുതവണ അപേക്ഷിച്ചിട്ടും കിട്ടാതിരുന്നതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. അന്തരിച്ചയാള്‍മൂലം വന്‍നഷ്ടമുണ്ടായെന്നാണു ഹാന്റക്‌സിന്റെ വാദം. സംഘത്തിനു സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും

എന്നാല്‍ വിരമിക്കുമ്പോള്‍ ജീവനക്കാരനെതിരെ കുറ്റപത്രമോ അച്ചടക്കനടപടിയോ ഇല്ലായിരുന്നെന്നു കോടതി നിരീക്ഷിച്ചു. വിരമിച്ച്, തൊഴിലുടമാ-ജീവനക്കാരന്‍ബന്ധം ഇല്ലാതായശേഷം നടപടിയെടുക്കാനാവില്ല. അല്ലെങ്കില്‍ സര്‍വീസിലിരിക്കെ നടപടി ആരംഭിക്കണമായിരുന്നു. വിരമിച്ചയാള്‍ ജീവിച്ചിരിപ്പില്ല. ആരോപിക്കപ്പെട്ട ക്രിമിനല്‍കുറ്റങ്ങളില്‍നിന്നു വെറുതേവിടപ്പെടുകയും ചെയ്‌തു. അതുകൊണ്ട് ആനുകൂല്യങ്ങള്‍ പിടിച്ചുവെക്കുന്നതു നിയമവിരുദ്ധമാണ്. 2010ല്‍ വിരമിച്ച അന്തരിച്ചജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനു ന്യായീകരണമില്ല. ആനുകൂല്യങ്ങളുടെ പകുതി മൂന്നുമാസത്തിനകവും ബാക്കി അടുത്തമൂന്നുമാസത്തിനകവും നല്‍കാന്‍ കോടതി ഉത്തരവായി.

