പുതുനിയമനം: വെരിഫിക്കേഷന്‍ മാനദണ്ഡങ്ങളായി
സഹകരണസംഘങ്ങളിലും ബാങ്കുകളിലും ജോലി കിട്ടുന്നവരെ സ്ഥിരപ്പെടുത്തുന്നതില്‍ പാലിക്കേണ്ട പൊലീസ് വെരിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു(സര്‍ക്കുലര്‍ 46/2025). സഹകരണസനിയമത്തിലെ എണ്‍പതാംവകുപ്പിനും ഉപവകുപ്പുകള്‍ക്കും വിധേയമായി താല്‍കാലികമായിരിക്കും നിയമനമെന്ന് ചട്ടം 182 ഉപചട്ടം (7) ല്‍ ഉണ്ട്. ആറുമാസത്തിനകം കിട്ടുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിയമനം ക്രമീകരിക്കണോ റദ്ദാക്കണോ എന്നു നിശ്ചയിക്കുക. മാനദണ്ഡങ്ങള്‍ ചുവടെ.

- ജോലിക്കു ചേരുന്ന അന്നുതന്നെ സ്വഭാവപരിശോധനക്കും മുന്‍കാലപരിശോധനക്കുംവേണ്ട വിവരങ്ങള്‍ നിശ്ചിതഫോംIലും ഫോംIIലും നിയമനാധികാരിക്കു നല്‍കണം.
- അന്വേഷണത്തിയതിക്കു മുമ്പുള്ള മൂന്നുവര്‍ഷം സ്ഥിരമായി താമസിച്ച ജില്ലയിലെയും ആറുമാസത്തില്‍കൂടുതല്‍ താമസിച്ച മറ്റിടങ്ങളിലെയും പൊലീസ് സൂപ്രണ്ട്/കമ്മീഷണര്‍മാര്‍ക്ക് ജോലിക്കുചേര്‍ന്നു രണ്ടാഴ്‌ചക്കകം കവറിങ് ലെറ്ററോടെ നിയമനാധികാരി സാക്ഷ്യപ്പെടുത്തല്‍ ഫോം III അയക്കണം. അന്വേഷണതിയതിക്കുമുമ്പുള്ള മൂന്നുകൊല്ലം കേരളത്തിനുപുറത്തുള്ള സംസ്ഥാനങ്ങളില്‍ ആറുമാസത്തിലേറെ താസമസിച്ചിട്ടുണ്ടെങ്കില്‍ സ്വഭാവവും മുന്‍കാലചരിത്രവും പരിശോധിക്കാന്‍ നിയമനഅതോറിട്ടി അതാത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ജില്ലകളിലെ വെരിഫയിങ് അതോറിട്ടികളെ ബന്ധപ്പെടണം.
- വിദ്യാഭ്യാസത്തിനായി ആറുമാസത്തിലേറെ കേരളത്തിനു പുറത്തു താമസിച്ചവര്‍ പഠിച്ച സ്ഥാപനത്തിന്റെ മേധാവിയില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.
- ഓരോ വെരിഫിക്കേഷന്‍ കേസിനും ആയിരംരൂപ 0055-00-103-ഫീസ്, ഫൈന്‍സ് ആന്റ് ഫോര്‍ഫീച്ചേഴ്‌സ് എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ അടക്കണം.
- വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ നിശ്ചിതസമയത്തിനകം നിയമനം ക്രമപ്പെടുത്താം.
- ജോലിക്കുചേര്‍ന്ന് ആറുമാസത്തിനകം സ്ഥിരീകരണം പൂര്‍ത്തിയാക്കണം.
- റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ നിയമനാധികാരി നിയമനം അസ്ഥിരപ്പെടുത്താന്‍ താല്‍കാലിക തീരുമാനമെടുക്കുകയും വിശദീകരണമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ന്യായമായ അവസരം കൊടുക്കുകയും വേണം. തുടര്‍ന്ന് അന്തിമതീരുമാനം എടുക്കാം.

