50കോടിയില്‍പരം വിറ്റുവരവുള്ള സംഘങ്ങള്‍ ടിഡിഎസ് പിടിക്കണമെന്ന ഉത്തരവിനു സ്റ്റേ
50കോടിയില്‍പരം രൂപ വിറ്റുവരവുള്ള സഹകരണസ്ഥാപനങ്ങള്‍ ടിഡിഎസ് പിടിക്കാന്‍ ബാധ്യസ്ഥമാണെന്ന സിംഗിള്‍ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖും ജസ്‌റ്റിസ് ഹരിശങ്കര്‍ വി മേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു സ്‌റ്റേ അനുവദിച്ചത്. ഒക്ടടോബര്‍ 25നായിരുന്നു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അതിനെ ചോദ്യം ചെയ്‌തുകൊണ്ടു നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. 1961ലെ ആദായനികുതിവകുപ്പിലെ 194എ(3) വകുപ്പിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രോവിസോയെ ചോദ്യം ചെയ്‌തുള്ളതാണു ഹര്‍ജികള്‍. ഇരുഭാഗത്തിന്റെയും വാദം കേട്ട ഡിവിഷന്‍ബെഞ്ച് സമാനറിട്ട് അപ്പീലുകളെല്ലാംകൂടി പരിഗണിക്കുന്നതിനായി കേസ് ഡിസംബര്‍ 17ലേക്കു മാറ്റി. റിട്ട് അപ്പീലുകളിലെ വാദവും സിംഗിള്‍ജഡ്‌ജിയുടെ വിധിയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിട്ട് അപ്പീലുകള്‍ പരിഗണനക്കായി സ്വീകരിച്ചു. അപ്പീലുകളിലെ അന്തിമവിധിക്കു വിധേയമായി ആദായനികുതിനിയമത്തിലെ 194എ(3) വകുപ്പിനോടു ചേര്‍ക്കപ്പെട്ട പ്രോവിസോ പ്രകാരമുള്ള ഡിഡക്ഷന്‍ താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാനും നിര്‍ദേശിച്ചു. റിട്ട് അപ്പീലുകള്‍ അന്തിമമായി തിരസ്‌കരിക്കപ്പെടുകയാണെങ്കില്‍ ബാധകമാക്കപ്പെട്ട പേമെന്റുകള്‍ ബന്ധപ്പെട്ടവര്‍ ഫയല്‍ ചെയ്യുന്ന റിട്ടേണുകളില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന നിരീക്ഷണവും സ്‌റ്റേ ഉത്തരവിലുണ്ട്.

സിംഗിള്‍ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ കേരളബാങ്ക് ടിഡിഎസ് പിടിക്കുന്നതുസംബന്ധിച്ചു സഹകരണസ്ഥാപനങ്ങള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. ആദായനികുതിവകുപ്പില്‍നിന്നു േേനാണ്‍ ഡിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിച്ചാല്‍ മാത്രമേ ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെടൂ എന്നാണു കേരളബാങ്ക് സംഘങ്ങളെ അറിയിച്ചത്. ഒക്ടോബര്‍ 25മുതല്‍ ടിഡിഎസ് ഈടാക്കുമെന്നും കേരളബാങ്ക് വ്യക്തമാക്കിയിരുന്നു.

