മുണ്ടക്കൈ ടൗണ്‍ഷിപ്പ്: പ്രധാനവാര്‍പ്പുഘട്ടത്തിലേക്കു യുഎല്‍സിസിഎസ്
മുണ്ടക്കൈ ചൂരല്‍മല പ്രകൃതിദുരന്തത്തിനിരയായവര്‍ക്കായി സര്‍ക്കാര്‍ കല്‍പ്പറ്റ നഗരത്തില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ചെവ്വാഴ്‌ച മുതല്‍ ദിവസവും 10 വീടുകളുടെ പ്രധാനവാര്‍പ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) തീരുമാനിച്ചു. എല്ലാ വീടിന്റെയും പ്രധാനവാര്‍പ്പ് 25നകം പൂര്‍ത്തിയാക്കും. 60 വീടു വാര്‍ത്തു. ആദ്യസോണില്‍ 43, മൂന്നാംസോണില്‍ 6, അഞ്ചാംസോണില്‍ 11 എന്നിങ്ങനെയാണിത്. 88 വീടിനു പില്ലറായി. വാര്‍പ്പുകഴിഞ്ഞ എഴുവീടിനു കട്ടകെട്ടലും കഴിഞ്ഞു. ഇവയില്‍ തേപ്പും പ്ലമ്പിങ്ങും ടൈല്‍പാകലും ആദ്യഘട്ടപെയിന്റിങ്ങും നടക്കുന്നു. ആയിരിത്തിയിരുന്നോറോളം തൊഴിലാളികളാണു പണിയെടുക്കുന്നത്. ടൗണ്‍ഷിപ്പിലെങ്ങും ഒരേസമയം പണി നടക്കുന്നു.

ഒരാഴ്‌ചമുമ്പ് 296 വീടിന് അടിത്തറക്കുവേണ്ട അടിസ്ഥാനകോണ്‍ക്രീറ്റിങ്ങും 270വീടിനു ഫൂട്ടിങ് കോണ്‍ക്രീറ്റിങ്ങും, 242 വീടിന് പ്ലിന്ത്‌ഘടനയുടെ സ്ഥിരതക്കുള്ള സറ്റമ്പ് കാസ്റ്റിങ്‌ും, 173 വീടിനു പ്ലിന്ത് ബീമിനു താഴെ ഇഷ്ടികകെട്ടലും, 129 വീടിന്റെ പ്ലിന്തുജോലിയും 84 വീടിന്റെ ഷിയര്‍ഭിത്തിയും 34 വീടിന്റെ ബീമും സ്ലാബും പൂര്‍ത്തിയായതായി യുഎല്‍സിസിഎസ് അറിയിച്ചിരുന്നു. ആധുനികയന്തോപകരണങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടു വേഗത്തിലും ഗുണമേന്‍മയിലും നിര്‍മിക്കാന്‍ കഴിയുന്നതായും അറിയിച്ചു.

