സര്‍ഫാസി: വസ്‌തു വിറ്റാല്‍ ആദ്യം തൊഴിലാളികളുടെ പിഎഫ് കൊടുക്കണം – സുപ്രീംകോടതി
സര്‍ഫാസി നിയമപ്രകാരം ഈടുവസ്‌തു ലേലം ചെയ്‌താലും തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്‌് കൊടുത്തിട്ടേ ബാങ്കുവായ്‌പത്തുക തിരിച്ചുപിടിക്കാവൂ എന്നു സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് ബി.ആര്‍. ഗവായും ജസറ്റിസ് കെ. വിനോദ്‌ചന്ദ്രനുമടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെതാണു വിധി.മഹാരാഷ്ട്രയിലെ ജലഗാവോണ്‍ ജില്ലാകേന്ദ്രസഹകരണബാങ്ക് നല്‍കിയ അപ്പീല്‍ഹര്‍ജിയിലാണിത്. ഈ ബാങ്കില്‍നിന്നു വായ്‌പയെടുത്ത ഒരു സഹകരണപഞ്ചസാരഫാക്ടറി അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണു കേസ്. പഞ്ചസാരഫാക്ടറിസഹകരണസംഘം സ്വത്തുക്കളും ചരക്കും ഈടു നല്‍കിയാണു വായ്‌പയെടുത്തത്. നഷ്ടംമൂലം 2000ല്‍ ഫാക്ടറി പൂട്ടി. പിറ്റേക്കൊല്ലം ബാങ്ക് സഹകരണക്കോടതിയില്‍ കേസുകൊടുത്തു. ബാങ്കിന് 302432954 രൂപ ഈടാക്കാമെന്നു വിധി വന്നു. 2002ല്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ പഞ്ചസാരവകുപ്പുകമ്മീഷണര്‍ ലിക്വിഡേറ്ററെ വച്ചു. 2006ല്‍ ബാങ്ക് സര്‍ഫാസിനിയമത്തിലെ 13(2) വകുപ്പുപ്രകാരം സംഘത്തിന്റെ സ്വത്തുക്കള്‍ കരസ്ഥമാക്കി. 2007ല്‍ തൊഴിലാളികള്‍ തങ്ങള്‍ക്കു കിട്ടാനുള്ള തുകകള്‍ക്കായി വ്യവസായക്കോടതിയില്‍ കേസുകൊടുത്തു. പക്ഷേ, വൈകിയെന്നും വൈകിയതിനു കാരണം പറഞ്ഞിട്ടില്ലെന്നും പറഞ്ഞ് അതു തള്ളി. ബാങ്ക് സംഘത്തിന്റെ വസ്‌തുക്കള്‍ വില്‍ക്കാന്‍ ലേലത്തില്‍ വച്ചു. പിഎഫിനായി തൊഴിലാളികളും യൂണിയനും ഹൈക്കോടതിയില്‍ കേസു കൊടുത്തു. ഇങ്ങനെ പല കേസുമുണ്ടായിരുന്നു. സംഘത്തിന്റെ ഒരു ഡയറക്ടറും കേസു കൊടുത്തു. ലേലം നടത്താമെന്നും തുക പ്രത്യേക അക്കൗണ്ടിലിട്ട് അതില്‍നിന്നു തൊഴിലാളികള്‍ക്കു കൊടുക്കാനുള്ള ശമ്പളവും മറ്റുബാധ്യതകളും പിഎഫ് ബാധ്യതകളും കൊടുക്കണമെന്നായിരുന്നു വിധി. ഇതിനെതിരെയാണു സുപ്രീംകോടതിയില്‍ അപ്പീല്‍.

സര്‍ഫാസി നിയമത്തിലെ 26ഇ പ്രകാരം വായ്‌പ കൊടുക്കുന്നവര്‍ക്കാണു ബാധ്യത തീര്‍ക്കുമ്പോള്‍ മുന്‍ഗണന. പക്ഷേ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആന്റ് മിസലേനിയസ് പ്രൊവിഷന്‍സ് നിയമത്തിലെ 11(2) പ്രകാരം സ്ഥാപനത്തിന്റെ സ്വത്തുക്കളില്‍നിന്നു തൊഴിലുടമ തീര്‍ക്കാനുള്ള ബാധ്യതകളുടെ കാര്യത്തില്‍ ആദ്യമുന്‍ഗണന (ഫസ്റ്റ് ചാര്‍ജ്) ഇപിഎഫ് ആന്റ് എംപി നിയമപ്രകാരം തീര്‍ക്കേണ്ട ബാധ്യതകള്‍ക്കാണ്. തൊഴിലുടമയുടെ സംഭാവനയില്‍നിന്നുള്ള തുകക്കും തൊഴിലാളികളുടെ സംഭാവനയില്‍നിന്നുള്ള തുകയ്‌ക്കും ഇതു ബാധകമാണ്. ഇപിഎഫ് ആന്റ് എംപി നിയമപ്രകാരം നല്‍കേണ്ട പലിശയും നഷ്ടപരിഹാരങ്ങളുമൊക്കെ ഇതില്‍ പെടും.
സര്‍ഫാസി നിയമപ്രകാരം കേന്ദ്രരജിസ്‌ട്രിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതിനാല്‍ ഫാക്ടറിയുടെ സ്വത്തുക്കളില്‍ തങ്ങള്‍ക്കാണു മുന്‍ഗണനയെന്നു ജലഗാവോണ്‍ ജില്ലാകേന്ദ്രസഹകരണബാങ്ക് വാദിച്ചു. സര്‍ഫാസി നിയമത്തിലെ 26ഡി, 26ഇ വകുപ്പുകള്‍ പ്രകാരം, 2020 ജനുവരി 24 മുതല്‍ സെക്യൂര്‍ഡ് വായ്‌പാദാതാവിനു കൊടുക്കാനുള്ളതു കൊടുത്തുതീര്‍ക്കാനാണു മുന്‍ഗണന. പക്ഷേ, തൊഴിലാളികള്‍ക്കു ശമ്പളവും പിഎഫും കൊടുത്തിട്ടില്ലെന്ന് അവരുടെ വക്കീല്‍ വാദിച്ചു. പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക തീര്‍ക്കാനാണ് ഫസ്റ്റ് ചാര്‍ജ്. മഹാരാഷ്ട്ര സംസ്ഥാനസഹകരണബാങ്കും അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണറും തമ്മിലുള്ള കേസില്‍ അങ്ങനെയാണു വിധി.
തൊഴിലാളികളുടെ ഹര്‍ജി വ്യവസായക്കോടതി തള്ളിയതാണെന്നു ബാങ്കിന്റെ വക്കീലും, തൊഴിലാളികള്‍ക്കു കൊടുക്കാനുള്ളതു കൊടുക്കാന്‍ വൈകിയതിന്റെ കാരണം അറിയിച്ചില്ലെന്നതിന്റെ പേരില്‍ മറ്റു കാര്യങ്ങള്‍ കണക്കിലെടുക്കാതെയാണു വ്യവസായക്കോടതി വിധി പറഞ്ഞതെന്നും തൊഴിലാളികളുടെ വക്കീലും വാദിച്ചു.മറ്റുനിയമങ്ങളില്‍ എന്തൊക്കെ പറഞ്ഞാലും വായ്‌പ കൊടുത്തയാള്‍ക്കാണു വായ്‌പത്തുക തിരിച്ചുപിടിക്കുന്നതിനു മുന്‍ഗണന എന്നാണു സര്‍ഫാസി നിയമത്തില്‍ 2020ല്‍ വന്ന മാറ്റം വ്യക്തമാക്കുന്നത്. അതേസമയം മറ്റുനിയമങ്ങളില്‍ എന്തൊക്കെ പറഞ്ഞാലും ഉടമയുടെ വസ്‌തു വില്‍ക്കുമ്പോള്‍ തൊഴിലാളികളുടെ വേതനത്തില്‍നിന്നു പിടിച്ച തുകയില്‍നിന്നു തിരിച്ചുകൊടുക്കേണ്ട തുക കൊടുക്കുന്നതിനാണു മുന്‍ഗണന (ഫസ്റ്റ് ചാര്‍ജ്) എന്നാണു ഇപിഎഫ് ആന്റ് എംപി നിയമം വ്യക്തമാക്കുന്നത്.
എന്നാല്‍ സര്‍ഫാസി നിയമത്തിലേതു നോണ്‍ ഒബ്‌സ്‌റ്റാന്റി വ്യവസ്ഥയാണ്. ഇതിന് അതിനുംമുമ്പേ പാസ്സാക്കപ്പെട്ട ഒരു സാമൂഹികക്ഷേമനിയമത്തിലെ ഫസ്റ്റ് ചാര്‍ജ് വ്യവസ്ഥയെക്കാള്‍ പ്രാബല്യമുണ്ടോ എന്നതാണു പ്രശ്‌നം. ഫസ്റ്റ് ചാര്‍ജിനാണു നോണ്‍ഒബ്‌സ്‌റ്റാന്റി വ്യവസ്ഥയെക്കാള്‍ പ്രാബല്യം എന്നു സുപ്രീംകോടതി വിലയിരുത്തി. ഫസ്റ്റ് ചാര്‍ജ് വ്യവസ്ഥ സ്റ്റാറ്റിയൂട്ടറി ആയി കൊണ്ടുവന്നതാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കേസില്‍ ആ നിഗമനം മുമ്പുണ്ടായിട്ടുമുണ്ട്.അതുകൊണ്ടു ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ലാത്തതും തൊഴിലാളികള്‍ക്കു കിട്ടേണ്ടതുമായ ബാധ്യതകളെക്കാള്‍ മുന്‍ഗണന സര്‍ഫാസി നിയമപ്രകാരം ബാങ്കിനുണ്ട്. എങ്കിലും സ്വത്തു വിറ്റുകിട്ടുന്ന തുകയില്‍നിന്നു ഫസ്റ്റ് ചാര്‍ജ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമപ്രകാരമുള്ള ബാധ്യതകള്‍ തീര്‍ക്കാനാണ്. ഇതനുസരിച്ചു ഹൈക്കോടതിവിധിയില്‍ സുപ്രീംകോടതി ഭാഗികമായി മാറ്റം വരുത്തി. അതുകൊണ്ടു ലേലനടപടികളുമായി ബാങ്കിനു മുന്നോട്ടുപോകാം. ലേലം ചെയ്‌തു കിട്ടുന്ന തുകയില്‍നിന്നു ആദ്യം വീട്ടേണ്ടത് ഇപിഎഫ് ആന്റ് എംപി നിയമപ്രകാരമുള്ള ബാധ്യതകളാണ്. അതിനുശേഷം ബാങ്കിനു കിട്ടാനുള്ള വായ്‌പക്കുടിശ്ശിക ഈടാക്കാം. ഇപിഎഫ് ആന്റ് എംപി നിയമത്തിലേതിന് ഇതരമായ ബാധ്യതളുടെ കാര്യത്തില്‍ തുക കണക്കാക്കാനായി തൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയിലെ തൊഴിലാളിയൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും നീതിരഹിതമായ തൊഴില്‍നടപടികള്‍ തടയുന്നതിനുമുള്ള നിയമപ്രകാരം ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ കൊടുക്കാം. വൈകിയെന്ന കാരണം പറഞ്ഞ് അധികൃതര്‍ അവ പരിഗണിക്കാതിരിക്കരുത്. പിഎഫ് നിയമപ്രകാരം നല്‍കേണ്ട തുകയും അതിനുശേഷം ബാങ്കിന്റെ വായ്‌പത്തുക തിരിച്ചുപിടിക്കാനാവശ്യമായ തുകയും കഴിഞ്ഞു ബാക്കിത്തുക ലേലസംഖ്യയിലുണ്ടെങ്കില്‍ അത് അത്തരം ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കണമെങ്കില്‍ അത്തരമൊരു കണക്കെടുപ്പ് ആവശ്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

