പരപ്പനങ്ങാടി ബാങ്കിനു കേരളബാങ്കിന്റെ പാക്‌സ്‌ പുരസ്‌കാരം

Moonamvazhi

2024-25 സാമ്പത്തികവര്‍ഷത്തെ മികവിന്റെ അടിസ്ഥാനത്തിലുള്ള കേരളബാങ്കിന്റെ ഏറ്റവുംമികച്ച പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘത്തിനുള്ള പുരസ്‌കാരം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോഓപ്പറേറ്റീവ്‌ സര്‍വീസ്‌ ബാങ്കിനു (ക്ലിപ്‌തം നമ്പര്‍ എഫ്‌ 2302) ലഭിച്ചു. കണ്ണൂര്‍ജില്ലയിലെ കതിരൂര്‍ സര്‍വീസ്‌ സഹകരണബാങ്കിനാണ്‌ (ക്ലിപ്‌തം നമ്പര്‍ എഫ്‌ 1262) രണ്ടാംസ്ഥാനം. കോഴിക്കോട്‌ ജില്ലയിലെ ബേപ്പൂര്‍ സര്‍വീസ്‌ സഹകരണബാങ്കിനു (ക്ലിപ്‌തം നമ്പര്‍ എല്‍എല്‍35) മൂന്നാംസ്ഥാനം ലഭിച്ചു. അര്‍ബന്‍ബാങ്കുകള്‍ക്കുള്ള സംസ്ഥാനഅവാര്‍ഡുകള്‍ക്ക്‌ കൊല്ലംജില്ലയിലെ ദി ക്വയ്‌ലോണ്‍ കോഓപ്പറേറ്റീവ്‌ അര്‍ബന്‍ബാങ്ക്‌ ക്ലിപ്‌തം നമ്പര്‍ 960 (ഒന്നാംസ്ഥാനം), കൊല്ലംജില്ലയിലെതന്നെ ദി കോസ്‌റ്റല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ക്ലിപ്‌തം നമ്പര്‍ 3036(രണ്ടാംസ്ഥാനം), കണ്ണൂര്‍ ജില്ലയിലെ ദി കണ്ണൂര്‍ കോഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്ക്‌ ക്ലിപ്‌തം നമ്പര്‍ 1534(മൂന്നാംസ്ഥാനം) എന്നിവ അര്‍ഹമായി.

പാലക്കാട്‌ കരികുളം എംആര്‍ മന്‍സിലില്‍ മുഹമ്മദ്‌ റാഫിക്കു മികച്ച നെല്‍കര്‍ഷകനുള്ള സംസ്ഥാനഅവാര്‍ഡു ലഭിച്ചു. സംസ്ഥാനതലത്തില്‍ മികച്ച ക്ഷീരകര്‍ഷകപുരസ്‌കാരം വയനാട്‌ പളളിക്കുന്ന്‌ കണ്ണാടിക്കര ജിഷാജോസഫിനും, പച്ചക്കറിക്കര്‍ഷകപുരസ്‌കാരം ആലപ്പുഴ കഞ്ഞിക്കുഴി ശ്രുതിലയത്തില്‍ കെ.പി. ശുഭകേശനും, മികച്ച തോട്ടവിളക്കര്‍ഷകപുരസ്‌കാരം ഇടുക്കി അടിമാലി ചെറുകുന്നേല്‍ സി.എം. ഗോപിക്കും, മികച്ച മല്‍സ്യക്കര്‍ഷകപുരസ്‌കാരം വയനാട്‌ കാര്യമ്പാടി ഓലിക്കുഴി എല്‍ദോക്കും, മികച്ചസമ്മിശ്രകര്‍ഷകപുരസ്‌കാരം കോട്ടയം കുര്യനാട്‌ ഇടത്തനാല്‍ രശ്‌മിമാത്യുവിനും ലഭിച്ചു. വിവിധ പ്രാഥമികസഹകരണസംഘങ്ങളില്‍ അംഗങ്ങളാണു പുരസ്‌കാരജേതാക്കള്‍.

കേരളബാങ്കിന്റെ മികച്ച റീജണല്‍ ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം കോഴിക്കോട്‌ (ഒന്നാംസ്ഥാനം), കണ്ണൂര്‍ (രണ്ടാംസ്ഥാനം), തിരുവനന്തപുരം (മൂന്നാംസ്ഥാനം) റീജണല്‍ ഓഫീസുകള്‍ക്കാണ്‌. മികച്ച സിപിസികള്‍ക്കുള്ള ഒന്നുണ്ടുംമൂന്നുംസ്ഥാനങ്ങള്‍ യഥാക്രമം പാലക്കാട്‌, വയനാട്‌, കൊല്ലം സിപിസികള്‍ നേടി. മികച്ച ശാഖകള്‍ക്കുള്ള ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരി ശാഖ നേടി. തിരുവനന്തപുരം ജില്ലയിലെ കല്ലറ ശാഖയും വയനാട്‌ ജില്ലയിലെ കാവുമന്നം ശാഖയും രണ്ടാംസ്ഥാനം പങ്കുവച്ചു. മൂന്നാംസ്ഥാനം വയനാട്‌ ജില്ലയിലെ വെള്ളമുണ്ട ശാഖയ്‌ക്കാണ്‌. 14 ജില്ലകളിലും വിവിധ പ്രാഥമികകാര്‍ഷികവായ്‌പാ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ജില്ലാതലത്തില്‍ ഒന്നാംസ്ഥാനത്തിനും രണ്ടാംസ്ഥാനത്തിനും മൂന്നാംസ്ഥാനത്തിനും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.കേരളബാങ്കിന്റെ 121 ശാഖകള്‍ പ്രസിഡന്‍ഷ്യല്‍ ക്ലബ്ബില്‍ അംഗത്വം നേടി. ഒക്ടോബര്‍ ഏഴിനു തിരുവനന്തപുരത്തു കേരളബാങ്ക്‌ ആസ്ഥാനത്തു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!