വിശ്വദീപ്‌തി മള്‍ട്ടി സ്റ്റേറ്റ്‌ അഗ്രികോഓപ്പറേറ്റീവ്‌ പൂട്ടുന്നു

Moonamvazhi

തമിഴ്‌നാട്‌ അണ്ണൂര്‍ കാരിയപാളയം കോവൈ മെയിന്‍ റോഡ്‌്‌ വിഗ്നേശ്വര കോംപ്ലക്‌സ്‌ മേല്‍വിലാസമായി രേഖപ്പെടുത്തിയ വിശ്വദീപ്‌തി മള്‍ട്ടി സ്റ്റേറ്റ്‌ അഗ്രികോഓപ്പറേറ്റീവ്‌ സൊസൈറ്റി അടച്ചുപൂട്ടാന്‍ നടപടിയെടുക്കാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കണമെന്നു രജിസ്‌ട്രാര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഉത്തരവില്‍ വ്യക്തമാക്കി. 2025 മാര്‍ച്ച്‌ 27നു സംഘത്തെപ്പറ്റി ഫിലോമിനാ വര്‍ഗീസ്‌, ലില്ലി ചുമ്മാര്‍, ചെല്ലക്കുടം സാനിക്കുട്ടി ചുമ്മാര്‍, എന്നീ അംഗങ്ങള്‍ സംഘത്തിനെതിരെ പരാതി നല്‍കിയിരുന്നു. നിക്ഷേപം തിരിച്ചു തരുന്നില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന്‌ ഏഴുദിവസത്തിനകം നടപടിയെടുക്കണമെന്നു സംഘത്തോട്‌ ആവശ്യപ്പെട്ടു.

നടപടിയുണ്ടായില്ല. പരാതികളുടെ പകര്‍പ്പുകള്‍ ഏപ്രില്‍ നാലിനു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാനും അയച്ചു. വേറെയും നിരവധി പരാതികള്‍ സംഘത്തെപ്പറ്റി വന്നു. നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ലെന്നു തന്നെയായണ്‌ അവയിലും പരാതി. തുടര്‍ന്നു മെയ്‌ 19നു ചെന്നൈയിലെ ദേശീയസഹകരണവികസനകോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സച്ചിന്‍ ശര്‍മയെ പരിശോധനയ്‌ക്കയച്ചു. രജിസ്‌റ്റര്‍ ചെയ്‌ത മേല്‍വിലാസത്തില്‍ ഇങ്ങനെയൊരു സംഘമില്ലെന്നായിരുന്നു അദ്ദേഹം ഓഗസ്‌റ്റ്‌ അഞ്ചിനു നല്‍കിയ റിപ്പോര്‍ട്ട്‌. ബോര്‍ഡോ സംഘത്തെസംബന്ധിച്ച എന്തെങ്കിലും സൂചനകളോ ഉണ്ടായിരുന്നില്ല. രജിസ്‌റ്റര്‍ ചെയ്‌ത മേല്‍വിലാസത്തില്‍ സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നാണു വ്യക്തമാകുന്നതെന്നു റിപ്പോര്‍ട്ടില്‍ അറിയിച്ചു. കോയമ്പത്തൂരിലെ വിശ്വദീപ്‌തി മള്‍ട്ടി സ്റ്റേറ്റ്‌ അഗ്രികോഓപ്പറേറ്റീവ്‌ സൊസൈറ്റിയെപ്പറ്റി പി. രാജഗോപാല്‍മേനോന്‍, പി. ചന്ദ്രശേഖരന്‍, എ.എസ്‌.ഗീത, ചെല്ലക്കുടം സാനിക്കുട്ടി ചുമ്മാര്‍, ലില്ലി ചുമ്മാര്‍. ഫിലോമിനാവര്‍ഗീസ്‌ തുടങ്ങിയവര്‍ നല്‍കിയ പരാതികളില്‍ മെയ്‌ അഞ്ചിനു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാനും പരിശോധനക്ക്‌ ഉത്തരവിട്ടിരുന്നു. നിക്ഷേപം പലിശസഹിതം തിരിച്ചുകൊടുക്കണമെന്നായിരുന്നു ഉത്തരവ്‌. സംഘം പണം തിരിച്ചുകൊടുത്തില്ല. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ്‌ അടച്ചുപൂട്ടല്‍ നടപടിയെടുക്കാനുള്ള ഉത്തരവ്‌.

ചികില്‍സാപരമായ അടിയന്തരാവശ്യത്തിനായി കാലാവധിയെത്തുംമുമ്പേ നിക്ഷേപം തിരിച്ചുനല്‍കണമെന്ന അംഗത്തിന്റെ അപേക്ഷയോടു പ്രതികരിക്കാതിരുന്ന തൃശ്ശൂര്‍ എആര്‍ മേനോന്‍ റോഡ്‌ പിഷാരടി ടവറിലെ തുഷാര മള്‍ട്ടിസ്റ്റേറ്റ്‌ അഗ്രോ ആന്റ്‌ മാര്‍ക്കറ്റിങ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയോടു 15ദിവസത്തിനകം നിക്ഷേപവും ഇതുവരെയുള്ള പലിശയും നല്‍കണമെന്നു കേന്ദ്രസഹരണഓംബുഡ്‌സ്‌മാന്‍ അലോക്‌ അഗര്‍വാള്‍ ഉത്തരവിട്ടിട്ടുണ്ട്‌. കോഴിക്കോട്‌ എടക്കാട്‌ പുനത്തില്‍വീട്ടില്‍ പി.അനിത എന്ന അംഗത്തിന്റെ പരാതിയിലാണു നടപടി. 2024 ഡിസംബര്‍ 21നു നാലുലക്ഷംരൂപ സ്ഥിരനിക്ഷേപം നടത്തി. ചികില്‍സാപരമായ അടിയന്തരാവശ്യം വന്നതിനാല്‍ പണം തരണമെന്നു 2025 ജനുവരി 28നു അപേക്ഷിച്ചു. സംഘം പണം കൊടുക്കുകയോ മറുപടി നല്‍കുകയോ ചെയ്‌തില്ല. ഓംബുഡ്‌സ്‌മാനു പരാതി നല്‍കിയതിനെത്തുടര്‍ന്നു ജൂണ്‍ 13നും ജുലൈ 17നും ഓംബുഡ്‌സ്‌മാന്‍ നോട്ടീസ്‌ അയച്ചു. പക്ഷേ, സംഘം വിശദീകരണം നല്‍കിയില്ല. അതിനാലാണു പണവും പലിശയും പതിനഞ്ചുദിവസത്തിനകം കൊടുക്കണമെന്ന്‌ ഉത്തരവിട്ടത്‌. സെപ്‌റ്റംബര്‍ 17നാണ്‌ ഉത്തരവ്‌.

ഇതേതരം ഉത്തരവ്‌ ന്യൂഡല്‍ഹിയിലെ ലോട്ടസ്‌ അഗ്രികള്‍ച്ചറല്‍ ആന്റ്‌ മാര്‍ക്കറ്റിങ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്കും ഓംബുഡ്‌സ്‌മാന്‍ നല്‍കിയിട്ടുണ്ട്‌. ശ്രാവണ്‍ റാം നല്‍കിയ പരാതിയിലാണിത്‌. മകന്‍ അമിത്‌കുമാറിന്റെ പ്രതിനിധിയായാണു ശ്രാവണ്‍റാം പരാതി നല്‍കിയത്‌. 2013 ജൂലൈ 31ന്‌ ഏഴുകൊല്ലത്തേക്ക്‌ ഒരുലക്ഷം രൂപ അമിത്‌കുമാര്‍ നിക്ഷേപിച്ചിരുന്നു. കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നു 2025 മെയ്‌ എട്ടിനു പണം ആവശ്യപ്പെട്ടു. സംഘം കൊടുത്തില്ല. തുടര്‍ന്ന്‌ ഓംബുഡ്‌സ്‌മാനോടു പരാതിപ്പെട്ടു. ജൂലൈ മൂന്നിന്‌ ഓംബുഡ്‌സ്‌മാന്‍ നോട്ടിസയച്ചു. അംഗങ്ങളുടെ പണംകൊണ്ടു ഭൂമി വാങ്ങിയെന്നും പക്ഷേ, സുപ്രീംകോടതിവിധിയെത്തുടര്‍ന്നുള്ള ലേലനടപടികളില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ ഭൂമിയിടപാടുകള്‍ നിയമനടപടികളില്‍ പെട്ടിരിക്കയാണെന്നും ഓഗസ്റ്റ്‌ ഒന്നിനു സംഘം മറുപടി നല്‍കി. ഭൂമി വിട്ടുകിട്ടിയാല്‍ ആസ്‌തി ലിക്വിഡേറ്റ്‌ ചെയ്‌തു പണം നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ സംഘത്തിന്റെ ബിസിനസ്‌പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നിക്ഷേപം തിരിച്ചുകൊടുക്കുന്നതിനു വിഘാതമാകരുതെന്ന്‌ ഓംബുഡ്‌സ്‌മാന്‍ നിരീക്ഷിച്ചു. 15ദിവസത്തിനകം നിക്ഷേപവും ഇതുവരെയുള്ള പലിശയും നല്‍കണമെന്ന്‌ ഓംബുഡ്‌സ്‌മാന്‍ സെപ്‌റ്റംബര്‍ 16ലെ ഉത്തരവില്‍ നിര്‍ദേശിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 627 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!