അന്തരിച്ചവരുടെ അക്കൗണ്ടുകളിലെ ക്ലെയിം: പുതിയ കരടുനിര്‍ദേശങ്ങളായി
അന്തരിച്ച അക്കൗണ്ടുടമകളുടെ പണവും സാധനങ്ങളും അവകാശികള്‍ക്കു കൊടുക്കുന്നതുസംബന്ധിച്ചു റിസര്‍വ് ബാങ്ക് പുതിയ കരടുനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. അക്കൗണ്ടിലുള്ള തുകയും സേഫ് ഡെപ്പോസിറ്റ് ലോക്കറിലോ സേഫ് കസറ്റഡിയിലോ ഉള്ള സാധനങ്ങളും അവകാശപ്പെട്ടവര്‍ക്കു നല്‍കാനുള്ള നടപടികള്‍ ലളിതമാക്കാനാണു നിര്‍ദേശങ്ങള്‍. ഒരു നിശ്ചിതപരിധിവരെയുള്ള തുക കാര്യമായ നടപടിക്രമങ്ങളില്ലാതെ ബാങ്കുകള്‍ക്കു നല്‍കാമെന്നു കരടിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ പല ബാങ്കിനും പല നടപടിക്രമങ്ങളാണ്. അവ ഏകീകരിക്കുകയും ലളിതമാക്കുകയുമാണു ചെയ്‌തിട്ടുള്ളത്. ഇതെപ്പറ്റി നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമുള്ളവര്‍ ഓഗസ്റ്റ് 27നകം അറിയിക്കണം. റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴിയോ ഇ-മെയില്‍വഴിയോ അറിയിക്കാം.
2026 ജനുവരി ഒന്നിനുമുമ്പ് ഇവ നടപ്പാക്കും. സഹകരണബാങ്കുകള്‍ക്കും വാണിജ്യബാങ്കുകള്‍ക്കും ഇവ ബാധകമായിരിക്കും.നോമിനികളെ വച്ചിട്ടുള്ള അക്കൗണ്ടുകളിലെയും പിന്തുടര്‍ച്ചക്കാരെപ്പറ്റി വ്യവസ്ഥയുള്ള അക്കൗണ്ടുകളിലെയും തുക അവര്‍ക്കു നല്‍കാന്‍ തടസ്സമില്ല. പക്ഷേ, മരണംസംബന്ധിച്ചും നോമിനികളുടെ/പിന്തുടര്‍ച്ചക്കാരുടെ ഐഡന്റിറ്റി സംബന്ധിച്ചും രേഖാമൂലം ഉറപ്പുവരുത്തണം. ഇതിനായി നോമിനികള്‍/ പിന്തുടര്‍ച്ചക്കാര്‍ ഒപ്പിട്ട ക്ലെയിംഫോം, മരണസര്‍ട്ടിഫിക്കറ്റ്, നോമിനികളുടെ/ പിന്തുടര്‍ച്ചക്കാരുടെ പേരും മേല്‍വിലാസവും പരിശോധിക്കാവുന്ന ഔദ്യോഗികരേഖ എന്നിവ ആവശ്യപ്പെടാം. തുക നല്‍കുന്നതിനെതിരെ കോടതിവിധിയില്ലെന്നും ഉറപ്പാക്കണം. നിയമപരമായ അവകാശികളുടെ ട്രസ്റ്റി എന്ന നിലയില്‍മാത്രമാണു നോമിനികളെ/ പിന്തുടര്‍ച്ചക്കാരെ പണം ഏല്‍പിക്കുന്നതെന്ന് അവരെ രേഖാമൂലം അറിയിക്കണം. പണം നല്‍കുന്നത് ആര്‍ക്കെങ്കിലും നോമിനികളില്‍നിന്നോ അവകാശികളില്‍നിന്നോ പണം കിട്ടാനുള്ള അവകാശത്തെ ബാധിക്കില്ലെന്നും രേഖയില്‍ ഉണ്ടായിരിക്കണം. അന്തരിച്ച അക്കൗണ്ടുടമ മരണപത്രം എഴുതിയിട്ടില്ലെന്നും ഉറപ്പാക്കണം. അക്കൗണ്ടില്‍ പണം എത്രയുണ്ടെങ്കിലും, ഇവ ഉറപ്പാക്കി പണം കൊടുക്കുന്നതോടെ ബാങ്കിന്റെ ഉത്തരവാദിത്വം തീര്‍ന്നു. പിന്തുടര്‍ച്ചാവകാശസര്‍ട്ടിഫിക്കറ്റും നോക്കിനടത്തല്‍രേഖയും അധികാരപ്പെടുത്തല്‍രേഖയുമൊന്നും ചോദിക്കണ്ട. ഇന്‍ഡംനിറ്റി ബോണ്ടോ ജാമ്യമോ ആവശ്യപ്പെടേണ്ട.
നോമിനിയോ പിന്തുടര്‍ച്ചാവ്യവസ്ഥയോ ഇല്ലാതെ ഉടമ (ജോയിന്റ് അക്കൗണ്ടുകള്‍ അടക്കം) അന്തരിച്ച അക്കൗണ്ടുകളുടെ കാര്യത്തില്‍ ഒരു നിശ്ചിതതുകവരെ കൊടുക്കാന്‍ ബാങ്കിനു തീരുമാനിക്കാം. എതിരവകാശവാദമില്ലാത്തതും, മരണപത്രമില്ലാത്തതും, പണം കൊടുക്കുന്നതും വാങ്ങുന്നതും തടയുന്ന കോടതിവിധി ഇല്ലാത്തതുമായ കേസുകളിലാണിത്. റിസ്‌ക് കൈകാര്യം ചെയ്യാനുള്ള ബാങ്കിന്റെ സംവിധാനമനുസരിച്ചു തുക നിശ്ചയിക്കാം. പരമാവധി 15ലക്ഷംരൂപവരെയാകാം. അവകാശപ്പെട്ടവര്‍ക്ക്/നിയമപരമായഅവകാശികള്‍ക്കു അനാവശ്യബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കാനാണിത്. അവകാശപ്പെടുന്നവര്‍ ഒപ്പിട്ട ക്ലെയിംഫോം, മരണസര്‍ട്ടിഫിക്കറ്റ്, അവകാശപ്പെടുന്നവരുടെ പേരും മേല്‍വിലാസവും പരിശോധിക്കാനുള്ള ഔദ്യോഗികരേഖ, അവകാശപ്പെടുന്നവര്‍ ഒപ്പിട്ട ഇന്‍ഡെംനിറ്റി/ജാമ്യബോണ്ട്, അവകാശം ഉന്നയിക്കാത്ത നിയമപരമായ അവകാശികളുണ്ടെങ്കില്‍ അവരില്‍നിന്നുള്ള നിര്‍ദിഷ്ട അവകാശവാദമില്ലായ്‌മാ/എതിര്‍പ്പില്ലായ്‌മാപത്രം, നിയമപരമായ അവകാശികളാണ് അപേക്ഷകരെന്ന ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് (അല്ലെങ്കില്‍ കുടുംബത്തെ അറിയാവുന്നവരും അവരുമായി ബന്ധമില്ലാത്തതും എന്നാല്‍ ബാങ്കിനു സ്വീകാര്യരുമായ സ്വതന്ത്രവ്യക്തികളില്‍നിന്നുള്ള പ്രസ്‌താവന) എന്നിവയുടെ അടിസ്ഥാനത്തില്‍ തുക കൊടുക്കാം. മൂന്നാംകക്ഷികളില്‍നിന്നുള്ള ഇന്‍ഡംനിറ്റി ബോണ്ടോ ജാമ്യബോണ്ടോ പാടില്ല.
നിശ്ചിതപരിധിയിലുംഉയര്‍ന്ന ക്ലെയിംതുകയുടെ കാര്യത്തില്‍ തര്‍ക്കമില്ലാത്ത മരണപത്രമുണ്ടെങ്കില്‍, മേല്‍പറഞ്ഞരേഖകള്‍ക്കു പുറമെ പ്രൊബേറ്റ് ഓഫ് വില്‍ അല്ലെങ്കില്‍ ലെറ്റര്‍ ഓഫ് അഡ്‌മിനിസ്‌ട്രേഷന്‍ ഏതാണോ ബാധകം അതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാം. നിയമങ്ങളുമായി പൊരുത്തക്കേടില്ലാത്തതും, മരണപത്രത്തെക്കുറിച്ചു തര്‍ക്കമില്ലാത്തതും, മരണപത്രത്തിന്റെ സത്യാവസ്ഥ ബാങ്കിനു ബോധ്യമുള്ളതുമായകേസില്‍ പ്രൊബേറ്റിനു നിര്‍ബന്ധം പിടിക്കേണ്ടതുമില്ല.തര്‍ക്കമുള്ള കേസുകള്‍, നിക്ഷേപകാലാവധിക്കുമുമ്പ് അക്കൗണ്ടുടമ അന്തരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, കാണാതായവരുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍, സേഫ്‌ഡെപ്പോസിറ്റ് ലോക്കറിലോ സേഫ് കസ്റ്റഡിയിലോ ഉള്ള സാധനങ്ങളുടെ ക്ലെയിംകാര്യങ്ങള്‍, തീര്‍പ്പാക്കല്‍ വൈകിയാലുള്ള നഷ്ടപരിഹാരം, ബോധവല്‍കരണം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും കരടിലുണ്ട്.