എം വി ആറിലെ കാൻസർ ചികിത്സക്കു ഫെഡറൽ ബാങ്കിന്റെ ഒരുകോടി സഹായധനം
ഫെഡറൽ ബാങ്കിന്റെ സി എസ് ആർ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്കിന്റെ കെയർ ഫൗണ്ടേഷന് കീഴിലുള്ള എം വി ആർ കാൻസർ സെൻറർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ ചികിത്സ സഹായത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.ജൂലൈ 29 നു കോഴിക്കോട് പ്രസ് ക്ലബ്ബിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ, കെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ എൻ കെ മുഹമ്മദ് ബഷീറിന് ഇതിന്റെ ധാരണാപത്രം കൈമാറി.
കാൻസറിനെപ്പറ്റി ബോധവൽക്കരണവും ചികിത്സക്കു സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയാണ് സഞ്ജീവനി. മലബാർ മേഖലയിലെ കാൻസർ ബാധിതരുടെ കൈത്താങ്ങായ എം വി ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നതിൽ അഭിമാനമുണ്ടെന്നു സുതീഷ് എ പറഞ്ഞു.ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തം നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമാവുമെന്നും കാൻസർ രോഗികൾക്ക് രോഗനിർണയം അടക്കമുള്ള ചികിത്സാ ചെലവുകൾക്കായി ഫെഡറൽ ബാങ്കിന്റെ സഹായധനം വിനിയോഗിക്കുമെന്നും കെയർ ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.
ഫെഡറൽ ബാങ്കിന്റെ സി എസ് ആർ മേധാവി ഷാജി കെ വി, കോഴിക്കോട് റീജിയണൽ മേധാവി പ്രമോദ് കുമാർ ടി വി, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം, ബാങ്കിന്റെ കുന്ദമംഗലം ശാഖാ മാനേജർ റിതു ജോയ്, എം വി ആർ കാൻസർ സെൻറർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യട്ട് മെഡിക്കൽ ഡയറക്ടർ ഡോ നാരായണൻകുട്ടി വാര്യർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ ജെ ബാബു, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ ഹമദ് ബിൻ ഖാലിദ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് അഡ്വ. ഭവിത പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.