വനിതാഫെഡിന്റെ സൂതികാമിത്രം അടക്കമുള്ള പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം
രോഗീപരിചരണത്തിനും പ്രസവശുശ്രൂഷക്കും കൂട്ടിരിപ്പിനും ആളില്ലാത്തവര്‍ക്കു തുണയായി സൂതികാമിത്രങ്ങളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി സംസ്ഥാന വനിതാസഹകരണഫെഡറേഷന്‍ (വനിതാഫെഡ്). ആയുഷ് വകുപ്പിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. പ്രസൂതിതന്ത്രം അഥവാ ഗര്‍ഭകാലശുശ്രൂഷയിലും വാര്‍ധക്യകാലപരിചരണത്തിലുമാണ് ആയുഷുമായി സഹകരിച്ചു പരിശീലനം നല്‍കുക. കുറഞ്ഞചെലവില്‍ ഹോംനഴ്‌സ് സേവനം ലഭ്യമാക്കലാണു ലക്ഷ്യം. സന്നദ്ധരായ വനിതകള്‍ക്കു ശാസ്‌ത്രീയപരിശീലനം നല്‍കി വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണ്. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 30 വനിതകള്‍ക്കു പരിശീലനം നല്‍കും. ആയുഷിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് നേടുന്നവരെ വനിതാഫഡില്‍ രജിസ്റ്റര്‍ ചെയ്യിക്കും. രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് ഒഡേപെക് വഴി വിദേശത്തുള്‍പ്പെടെ തൊഴിലവസരങ്ങള്‍ കണ്ടെത്തും. ഇതോടൊപ്പം അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) സഹകരിച്ചു പ്ലമ്പിങ്, ഇലകട്രീഷ്യന്‍ പരിശീലനങ്ങള്‍ നല്‍കുന്ന പദ്ധതിയുമുണ്ടെന്നു വനിതാഫെഡ് ചെയര്‍ പേഴ്‌സണ്‍ കെ. ശ്രീജ അറിയിച്ചു. ഇവയിലേക്കൊക്കെ ഇപ്പോള്‍ അപേക്ഷിക്കാം. ഏതു പരിശീലനത്തിനാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ജൂലൈ 31 നകം അപേക്ഷിക്കണം. വെള്ളക്കടലാസില്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. മാനേജിങ് ഡയറക്ടര്‍, കേരള വനിതാസഹകരണഫെഡറേഷന്‍ (വനിതാഫെഡ്), എട്ടാംനില, ജവഹര്‍ സഹകരണഭവന്‍, ഡി.പി.ഐ.ജങ്‌ഷന്‍, തൈക്കാട് പി.ഒ. തിരുവനന്തപുരം – 695014 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.