നബാർഡിൽ സഹകരണ വികസന ഓഫീസർ ഒഴിവുകൾ

Moonamvazhi

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌)ലക്‌നോവിലെ ഗ്രാമവികസനബാങ്കേഴ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ബേര്‍ഡ്‌്‌)സഹകരണവികസനഓഫീസര്‍മാരുടെ (കോഓപ്പറേറ്റീവ്‌ ഡവലപ്‌മെന്റ്‌ ഓഫീസേഴ്‌സ്‌ – സി.ഡി.ഒ) ഒഴിവുകളുണ്ട്‌. ജൂലൈ 12നകം അപേക്ഷിക്കണം. ബേര്‍ഡിന്റെ സഹകരണസ്ഥാപനങ്ങള്‍ക്കായുള്ള പ്രൊഫഷണല്‍ മികവിന്റെ കേന്ദ്രത്തിലാണ്‌ (സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എക്‌സലന്‍സ്‌ ഇന്‍ കോഓപ്പറേറ്റീവ്‌സ്‌ – സി-പിസി) ഒഴിവുകള്‍. രണ്ടുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ഒരുവര്‍ഷംകൂടി നീട്ടിയേക്കാം. സി.ഡി.ഒ-ലെവല്‍ 1 തസ്‌തികയില്‍ മൂന്നും സി.ഡി.ഒ. ലെവല്‍ 2 തസ്‌തികയില്‍ രണ്ടും ഒഴിവുകളാണുള്ളത്‌. സി.ഡി.ഒ. ലെവല്‍ ഒന്നിന്റെ പ്രായപരിധി 50 വയസ്സും ലെവല്‍ രണ്ടിന്റെത്‌ 62 വയസ്സുമാണ്‌. ധനശാസ്‌ത്രം, കോമേഴ്‌സ്‌, മാനേജ്‌മെന്റ്‌, കൃഷി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയില്‍ ബിരുദമുള്ളവര്‍ക്കു സി.ഡി.ഒ. ലെവല്‍ 1 തസ്‌തികയില്‍ അപേക്ഷിക്കാം. സഹകരണത്തിലോ വിവരസാങ്കേതികവിദ്യയിലോ അനുബന്ധമേഖലകളിലോ അധികയോഗ്യതകളുള്ളവര്‍ക്കു മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിചയം ഉണ്ടായിരിക്കണം. സഹകരണസ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണം. സഹകരണവായ്‌പാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സഹകരണസ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതപരിശോധനകളുടെ നടത്തിപ്പ്‌, സഹകരണമേഖലയ്‌ക്കാവശ്യമായ വിവര-വിദ്യാഭ്യാസ-ആശയവിനിമയസാഗ്രികളുടെ തയ്യാറാക്കലും വികസിപ്പിക്കലും എന്നീ കാര്യങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. സഹകരണം, ബാങ്കിങ്‌ മേഖലകളില്‍ അധികയോഗ്യതകളുണ്ടെങ്കില്‍ അതു വ്യക്തമാക്കണം.

ധനശാസ്‌ത്രം, കോമേഴ്‌സ്‌, ഗ്രാമീണവികസനം, ഫിനാന്‍സ്‌, വികസനപഠനങ്ങള്‍, മാനേജ്‌മെന്റ്‌, ബാങ്കിങ്‌ തുടങ്ങിയവയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കു സി.ഡി.ഒ. ലെവല്‍ 2 തസ്‌തികയില്‍ അപേക്ഷിക്കാം. എംഫിലോ പിഎച്ച്‌ഡിയോ തുല്യയോഗ്യതകളോ അക്കാദമികപ്രസിദ്ധീകൃതകൃതികളോ ഉള്ളവര്‍ക്കു മുന്‍ഗണന. സഹകരണസ്ഥാപനങ്ങള്‍, സഹകരണപരിശീലനം, ഗ്രാമീണധനകാര്യം, കാര്‍ഷികധനകാര്യം, സഹകരണബാങ്കിങ്‌, അനുബന്ധമേഖലകളില്‍ നാലുവര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം. സഹകരണസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സഹകരണമേഖലയിലെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരിശോധനകള്‍, സഹകരണമേഖലയ്‌ക്കാവശ്യമായ വിവര-വിദ്യാഭ്യാസ-ആശയവിനിമയസാമഗ്രികള്‍ തയ്യാറാക്കലും വികസിപ്പിക്കലും എന്നീകാര്യങ്ങളില്‍ രണ്ടുവര്‍ഷമെങ്കിലും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

എഴുത്തുപരീക്ഷയുടെയും പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ മികവിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ശമ്പളം സി.ഡി.ഒ ലെവല്‍ ഒന്നിന്‌ മാസം 65000 രൂപ. ലെവല്‍ രണ്ടിന്‌ 85000 രൂപ. 590രൂപയാണ്‌ അപേക്ഷാഫീസ്‌. ജിഎസ്‌ടി അടക്കമാണിത്‌. രണ്ടു തസ്‌തികക്കും അപേക്ഷിക്കുന്നവര്‍ അപേക്ഷയില്‍ അതു പറയണം. രണ്ടുതസ്‌തികയ്‌ക്കും ഫീസ്‌ അടയ്‌ക്കുകയും വേണം. അതായത്‌ 1180 രൂപ. ഓണ്‍ലൈനായാണ്‌ ഫീ അടക്കേണ്ടത്‌. ഇ-മെയിലിലാണ്‌ നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും അയക്കേണ്ടത്‌. ബേര്‍ഡിന്റെ ഡയറക്ടര്‍ക്കാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാമാതൃകയും ആരുടെ പേര്‍ക്കാണു ഫീയടക്കേണ്ടതെന്ന കാര്യവും മറ്റു വിവരങ്ങളും www.nabard.orghttp://www.nabard.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 481 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!