സഹകരണ ഇന്റേണ്‍ഷിപ്പ്: 221 ഇന്റേണുകളുടെ നിയമനനടപടികളായി
സഹകരണബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താന്‍ യുവപ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച ഇന്റേണ്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി 221 ഇന്റേണുകളെ നിയമനനടപടികളായി. 385 സഹകരണഇന്റേണുകളെയാണ് ആകെ തിരഞ്ഞെടുക്കുക. സംസ്ഥാനസഹകരണബാങ്കുകളിലും ജില്ലാസഹകരണബാങ്കുകളിലുമാണ് ഈ ഇന്റേണുകളെ നിയോഗിക്കുക. എംബിഎ യോ തുല്യയോഗ്യതയോ ഉള്ളവരെയാണു തിരഞ്ഞെടുത്തിട്ടുള്ളത്. ഒരുവര്‍ഷത്തേക്കാണു നിയമനം. 25000 രൂപയാണു പ്രതിമാസവേതനം. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ സഹകരണവിദ്യാഭ്യാസനിധിയില്‍നിന്നാണ് ഇതു നല്‍കുന്നത്. സഹകരണബാങ്കുകളുടെ പ്രവര്‍ത്തനമികവും ഡിജിറ്റല്‍ മികവും വര്‍ധിപ്പിക്കലാണു ലക്ഷ്യം. താഴെത്തലത്തില്‍ പ്രൊഫഷണല്‍ വൈദഗ്‌ധ്യം ലഭ്യമാക്കലും ലക്ഷ്യമാണ്. സഹകരണസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചു പ്രാഥമികസഹകരണസംഘങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ പിന്‍ബലമായി ഇവര്‍ വര്‍ത്തിക്കും. കമ്പ്യൂട്ടര്‍വല്‍കരണം, ബിസിനസ് ആസൂത്രണം, പ്രോജക്ടുകള്‍ തയ്യാറാക്കല്‍, ധനസഹായം, നിയമപരമായി വേണ്ട അനുമതികളും അംഗീകാരങ്ങളും നേടിയെടുക്കല്‍ തുടങ്ങിയ കാര്യങ്ങളിലാവും ഇവര്‍ സഹായിക്കുക. ഓരോ സംസ്ഥാനസഹകരണബാങ്കിനും ഓരോ ജില്ലാസഹകരണബാങ്കിനും അവയുടെ പരിധിയിലെ സഹകരണസ്ഥാപനങ്ങള്‍ക്കു സഹായമേകാനായി ഓരോ സഹകരണഇന്റേണുകളെ നിയമിക്കാനാണു കേന്ദ്രസഹകരണമന്ത്രാലയം അനുവദിച്ചിട്ടുള്ളത്. ബാങ്കിങ് സംവിധാനത്തെയും സഹകരണസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ സഹായിക്കും. വിവിധ സംസ്ഥാനങ്ങളിലായി ഇനി നിയമിക്കാനുള്ള 164 ഇന്റേണുകളെ വേഗം നിയമിക്കണമെന്നു അരുണാചല്‍ പ്രദേശ്, ഛത്തിസ്‌ഗഢ്, ഗോവ, ഗിമാചല്‍പ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.