ആഗോളവല്‍ക്കരണ നയം സഹകരണ മേഖലയെ തകര്‍ത്തു – മുഖ്യമന്ത്രി
രാജ്യത്തു നടപ്പാക്കിയ ആഗോളവല്‍ക്കരണ നയമാണു സഹകരണ മേഖലയെ തകര്‍ത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയില്‍ നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശ്ശൂരിലെ പഴയന്നൂരില്‍ നിര്‍മിച്ച 40 ഫ്ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമ്പോഴാണു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
സഹകരണ പ്രസ്ഥാനത്തെ നെഹ്റുവിന്റെ കാലം തൊട്ട് കേന്ദ്ര സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആഗോളവല്‍ക്കരണ നയം രാജ്യം അംഗീകരിക്കുംവരെ ഇതു തുടര്‍ന്നു. പക്ഷേ, ആഗോളവല്‍ക്കരണ നയം അംഗീകരിച്ചതോടെ അതുവരെയുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതു പൊതുമേഖലയ്ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ്. ആഗോളവല്‍ക്കരണ നയം അംഗീകരിക്കുംമുമ്പ് സഹകരണ മേഖലയെ പരിപോഷിപ്പിക്കാന്‍ കേന്ദ്രം ഒരുപാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയെല്ലാം സഹകരണ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനായിരുന്നു. എപ്പോള്‍ ആഗോളവല്‍ക്കരണനയം അംഗീകരിച്ചോ അതിനുശേഷം ഏര്‍പ്പെടുത്തിയിട്ടുള്ള പഠനങ്ങളെല്ലാം സഹകരണ മേഖലയെ തകര്‍ക്കുന്ന നിര്ദേശങ്ങളുമായാണു വന്നത് – അദ്ദേഹം പറഞ്ഞു.
രാജ്യമിപ്പോള്‍ അംഗീകരിച്ചിട്ടുള്ള ആഗോളവല്‍ക്കരണനയവും അതിന്റെ ഭാഗമായുള്ള ഉദാരവല്‍ക്കരണനയവും അതിന്റെ തുടര്‍ച്ചയായ സ്വകാര്യവല്‍ക്കരണനയവും ഏറ്റവും പ്രതികൂലമായി ബാധിച്ചതു സഹകരണ മേഖലയെയാണ്. നമ്മുടെ നാടിന്റെ ജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുനില്ക്കുന്ന സഹകരണ മേഖലയെ ഇങ്ങനെ തുടരാനനുവദിച്ചുകൂടാ എന്നു ചിന്തിക്കുന്ന അവസ്ഥ രാജ്യത്തുണ്ടായിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പൊതുസംവിധാനങ്ങള്‍ ഇവയെ തകര്‍ക്കാനുള്ള നിര്‍ദേശങ്ങളുമായി വരുന്നു. ഈയവസ്ഥ നമ്മള് ഗൗരവമായി കാണണം. ഇതു പൊതുവേ കേരളത്തിനെതിരായ നീക്കമാണ്. കാരണം കേരളത്തില്‍ മാത്രമാണു സഹകരണ മേഖല ശക്തിപ്പെട്ടു നില്‍ക്കുന്നത്. ഇപ്പോഴത്തെ നടപടികള്‍ സഹകരണ മേഖലയ്ക്ക് എതിരായിട്ടുള്ളതാണ്. ഇവിടെ നമ്മള്, കേരളത്തിലെ ജനങ്ങള്‍, ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഈ ഓരോ സ്ഥാപനവും നമ്മുടേതാണ്. നാടിന്റേതാണ്. ജനങ്ങളുടേതാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് ഇവ നിലകൊള്ളുന്നത്. അതുകൊണ്ടാണു കെയര്‍ഹോം പോലെ ജനോപകാരപ്രദമായ നടപടികളിലേക്കു സഹകരണ മേഖലയ്ക്കു കടക്കാന്‍ കഴിയുന്നത്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മളില്നിന്നുയരണം. ജനവികാരം തകര്‍ത്തുകളയാം എന്നു വിചാരിച്ചവര്‍ക്കു ജനം തന്നെ അവരുടെ കരുത്തിലൂടെ മറുപടി നല്കിയ കാലമാണിത്. എല്ലാറ്റിനും മീതെ ജനങ്ങളുടെ കരുത്താണു നിലനില്‍ക്കുന്നത് – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ സഹകരണ മേഖലയുടെ മുഖം ജനകീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഇവ ജനങ്ങളെയാണു സേവിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഏതെങ്കിലും വിധത്തില്‍ പലിശ പിടുങ്ങി ലാഭം കുന്നുകൂട്ടുക എന്നു ചിന്തിക്കുന്ന ആര്‍ത്തിപ്പണ്ടാരത്തിന്റെ നിലയല്ല സ്വീകരിക്കുന്നത്. എപ്പോഴും ജനങ്ങളെയാണ് അവ മുന്നില്‍ക്കാണുന്നത്. ഗ്രാമങ്ങള്‍തോറും നമുക്കു സംഘങ്ങളുണ്ട്. ഇത്തരമൊരു ക്രെഡിറ്റ് മേഖല കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ് – മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഫ്ളാറ്റ് / ഭവന സമുച്ചയങ്ങള്‍ പണിയുമെന്നു അദ്ദേഹം അറിയിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, കെ. രാജന്, മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി. വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 40 ഗുണഭോക്താക്കള്‍ക്കു ഫ്ളാറ്റിന്റെ താക്കോല്‍ ചടങ്ങില്‍ കൈമാറി. സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് സ്വാഗതവും ലളിതാംബിക ടി.കെ. നന്ദിയും പറഞ്ഞു.
കെയര്‍ഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പഴയന്നൂരില്‍ 40 ഫ്ളാറ്റുകളുടെ സമുച്ചയമാണു ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കു തിങ്കളാഴ്ച കൈമാറിയത്. 1.06 ഏക്കര്‍ സ്ഥലത്താണ് ഇവ പണിതത്. 4.63 കോടി രൂപ ചെലവായി. പത്തു ബ്ലോക്കുകളിലായി 40 ഫ്ളാറ്റാണുള്ളത്. ഓരോന്നിനും 432 സ്ക്വയര്‍ഫീറ്റ് വരും. കെയര്‍ഹോം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സഹകരണ വകുപ്പ് 2074 വീടുകളാണു പണിതു നല്‍കിയത്.