ആപത്തില്‍ ഉപകാരപ്പെടുക സഹകരണപ്രസ്ഥാനം: മന്ത്രി ശിവന്‍കുട്ടി

Moonamvazhi

കേരളത്തില്‍ ഇത്രയേറെ വാണിജ്യബാങ്കുകള്‍ ഉണ്ടായിട്ടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനിരയായവരുടെ വായ്‌പ എഴുതിത്തള്ളി സഹായിച്ചതു സഹകരണസ്ഥാപനമായ കേരളബാങ്ക്‌ ആണെന്നതു തന്നെ കോര്‍പറേറ്റുകളല്ല സഹകരണസ്ഥാപനങ്ങളാണു ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുക എന്നതിനു തെളിവാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായി കോര്‍പറേറ്റുകള്‍ക്കു ജനാധിപത്യബദലായി സഹകരണപ്രസ്ഥാനം എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തരിക്കുന്ന സഹകരണസംഘാംഗങ്ങളുടെ കടത്തില്‍ ഒരു നിശ്ചിതപരിധിവരെയുള്ള മുതലും പലിശയും ഒഴിവാക്കിക്കൊടുക്കുന്ന റിസ്‌ക്‌ഫണ്ടും കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെമാത്രം പ്രത്യേകതയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവിഷയമായ സഹകരണത്തില്‍ കടന്നുകയറുകയാണെന്ന്‌ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വലതുതീവ്രവാദത്തിനും വാണിജ്യയുദ്ധങ്ങള്‍ക്കുമുള്ള സോഷ്യലിസ്‌റ്റ്‌ മറുമരുന്നാണു സഹകരണപ്രസ്ഥാനമെന്നു മുഖ്യപ്രഭാഷണത്തില്‍ ആസൂത്രണബോര്‍ഡംഗം ഡോ. രവിരാമന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിസ്‌മയാവഹമായ സാമ്പത്തികാഭിവൃദ്ധിക്കു കാരണം സഹകരണപ്രസ്ഥാനമാണ്‌. കേരളത്തിനൊരു സഹകരണാത്മകമാനവീയതയുണ്ട്‌. ആ മാനവീയത സഹകരണത്തിന്റെ ശക്തിയാണ്‌. അതു കോര്‍പറേറ്റുകള്‍ക്കില്ല. ജപ്പാന്‍, തെക്കന്‍കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലൊക്കെ സഹകരണപ്രസ്ഥാനങ്ങള്‍ ബഹുരാഷ്ട്രക്കുത്തകകളോടു കിടപിടിക്കുന്ന വളര്‍ച്ചയാണു നേടിയിട്ടുള്ളത്‌. സഹകരണതത്വങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ ബഹുരാഷ്ട്രസഹകരണസരംഭങ്ങളായി വളരാമെന്ന്‌ ഇതു തെളിയിക്കുന്നു. ലാഭാര്‍ത്തിയാണു കോര്‍പറേറ്റുകളുടെ മുഖമുദ്രയെങ്കില്‍ സാമ്പത്തികജനാധിപത്യമാണു സഹകരണത്തിന്റെ മുഖമുദ്ര. കോര്‍പറേറ്റുകള്‍ക്കെതിരെ സഹകരണമാനവീയത പുനരുല്‍പാദിപ്പിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഡയറിമേഖല തുറന്നുകിട്ടണമെന്നു വാണിജ്യയുദ്ധത്തിന്റെ ഭാഗമായി ബഹുരാഷ്ട്രക്കുത്തകകള്‍ ആവശ്യപ്പെട്ടുവരികയാണെന്ന്‌ ഏഴാംധനകാര്യകമ്മീഷന്‍ സിഇഒ ഡോ. കെ.എന്‍. ഹരിലാല്‍ പറഞ്ഞു. മുതലാളിത്തത്തിന്റെ ഉല്‍പാദനസംവിധാനത്തിനു ഫലപ്രദമായ ബദല്‍ രൂപപ്പെടുത്താനായിട്ടില്ല. നേരത്തേ കെയ്‌നീഷ്യന്‍ സാമ്പത്തികരീതികളും ക്ഷേമരാഷ്ട്രമുതലാളിത്തരീതികളും വഴി അതിനൊരു സ്വയംനിയന്ത്രണമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. അതുകൊണ്ടാണു യുദ്ധഭീതിയും വാണിജ്യയുദ്ധങ്ങളും ഉണ്ടാകുന്നത്‌. അമിതലാഭം എന്നതു മുതലാളിത്തത്തിന്റെ ദീനമാണ്‌. ആ ദീനം പരിഹരിക്കാനുള്ള ബദല്‍സാമൂഹികഘടനയാണു സഹകരണപ്രസ്ഥാനം. അതിന്‌ ആ നയത്തോട്‌ അനുഭാവമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാവുക എന്നതു പ്രധാനമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ കോര്‍പറേറ്റുകളുടെ വന്‍ബാധ്യതകള്‍ എഴുതിത്തള്ളുന്നതു ചര്‍ച്ച ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം നിമര്‍ശിച്ചു.

കാര്‍ബണ്‍മലിനീകരണത്തിനു ബദലായി 10ലക്ഷം വൃക്ഷത്തൈകളാണ്‌ ഇഫ്‌കോ വച്ചുപിടിപ്പിക്കുന്നതെന്നത്‌ സഹകരണപ്രസ്ഥാനത്തിന്റെ സാമൂഹികപ്രതിബദ്ധതയ്‌ക്കു തെളിവാണെന്ന്‌ അതിന്റെ ജനറല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ ശുക്ല പറഞ്ഞു. അടുത്ത 32വര്‍ഷവും 20ശതമാനം ലാഭവിഹിതം നല്‍കുമെന്നു മുന്‍കൂറായി പ്രഖ്യാപിക്കാന്‍മാത്രം ശക്തമാണ്‌ ഇഫ്‌കോ. കേരളത്തിലെ പല സഹകരണസ്ഥാപനങ്ങളും ആഗോളതലത്തിലേക്ക്‌ ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ആരോഗ്യപരിചരണസഹകരണസ്ഥാപനങ്ങള്‍ക്കു വലിയ സാധ്യതയുണ്ടെന്ന്‌ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്ത ന്യൂകാസില്‍ സര്‍വകലാശാല നിയമ-നീതി പഠനവിഭാഗം ലക്‌ചറര്‍ ഡോ. ആന്‍ ആപ്‌സ്‌ അഭിപ്രായപ്പെട്ടു. നയങ്ങളും സഹകരണമനോഭാവമുള്ള ജനങ്ങളുംചേര്‍ന്നാണു കമ്പോളങ്ങളെ സ-ഷ്ടിക്കുന്നതെന്നതിനാല്‍ നിയമസംവിധാനം സാമൂഹികനീതിയില്‍ അധിഷ്‌ഠിതമാകേണ്ടതു പ്രധാനമാണെന്ന്‌്‌ അവര്‍ പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 325 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!