മൂല്യവര്‍ധന കൃഷിക്കാര്‍ക്കു ഗുണപ്രദമാകണം:മന്ത്രി കൃഷ്‌ണന്‍കുട്ടി
മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ കൃഷിക്കാര്‍ക്കു ഗുണം ലഭിക്കുന്നവിധത്തിലായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്‌ണന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ25ന്റെ ഭാഗമായി മൂല്യവര്‍ധിതസംരംഭസാധ്യതകള്‍ സഹകരണത്തിലൂടെ എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിടകാര്‍ഷികോല്‍പന്നക്കമ്പനികളും ബഹുരാഷ്ട്രക്കുത്തകകളും കര്‍ഷര്‍ക്കു നാമമാത്രമായ വില മാത്രം നല്‍കി മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിച്ചു ഭീമമായ ലാഭമുണ്ടാക്കുകയാണ്. മൂല്യവര്‍ധിതോല്‍പന്നങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അതിനായാണു കൃഷികല്യാണ്‍സെസ് ഏര്‍പ്പെടുത്തിയത്. പക്ഷേ, ജിഎസ്‌ടി നടപ്പാക്കിയപ്പോള്‍ അത് എടുത്തുകളഞ്ഞു. മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളും ഭീഷണിയാണ്. അവയോടും ബഹുരാഷ്ട്രക്കമ്പനികളോടും മല്‍സരിക്കാന്‍ കേരളത്തിലെ സഹകരണസംരംഭങ്ങളെ പ്രാപ്‌തമാക്കുംവിധം നിയമത്തിലും ബൈലോകളിലും മാറ്റം വരുത്തുന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍മാത്രമല്ല, ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും മില്‍മയുടെ മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ക്കു വലിയ സ്വീകാര്യതയുണ്ടെന്നു മില്‍മഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. വിറ്റുവരവു 10,000 കോടിയിലേക്ക് ഉയര്‍ത്തുകയാണു ലക്ഷ്യം. ലാഭത്തിന്റെ 30-35ശതമാനം മൂല്യവര്‍ധിതോല്‍പന്നങ്ങളിലൂടെയാവണം എന്ന ലക്ഷ്യവുമുണ്ട്. ഇന്‍സ്റ്റന്റ് ഇടിയപ്പം, ഇന്‍സ്റ്റന്റ് ഉപ്പുമാവ് എന്നീ മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ ഈയിടെ വിപണിയിലിറക്കിയതായും അദ്ദേഹം അറിയിച്ചു.
ഉല്‍പാദനപ്രക്രിയയുടെ ഉടമസ്ഥതയും ബ്രാന്റിങ്ങും വിപണീനിയന്ത്രണവും കൈവരിക്കുന്നതിലൂടെ സഹകരണസ്ഥാപനങ്ങള്‍ക്കു സാമ്പത്തികമായും ഘടനാപരമായും ശക്തമാകാന്‍ കഴിയുമെന്ന് ഇന്‍ഡൊനേഷ്യയിലെ ഇങ്കുര്‍ മള്‍ട്ടിസെക്ടറല്‍ കോഓപ്പറേറ്റീവ് ഫെഡറേഷന്‍ സിഇഒ സുറാട്ടോ പറഞ്ഞു.
ഉല്‍പാദനവും വിതരണവും സംയോജിപ്പിച്ചുള്ള സമഗ്രവിപണനസംവിധാനം സഹകരണസംരംഭങ്ങള്‍ക്ക് അനിവാര്യമാണെന്നു റബ്‌കോചെയര്‍മാന്‍ കാരായി രാജന്‍ പറഞ്ഞു. ഇതുവഴി പ്രാദേശികഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്താം. കര്‍ഷകര്‍ക്കു നല്ല വില കിട്ടുകയും ചെയ്യും. റബര്‍കര്‍ഷകക്കൂട്ടായ്‌മയായ റബ്‌കോ റബ്ബര്‍സംഭരിക്കുന്നതില്‍മാത്രം ഒതുങ്ങാതെ മൂല്യവര്‍ധിതോല്‍പന്നങ്ങളിലൂടെ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളെ (പാക്‌സ്) ബിസിനസ് അധിഷ്‌ഠിതപാക്‌സുകളാക്കി മാറ്റണമെന്ന് ദേശീയസഹകരണയൂണിയന്റെ (എന്‍സിയുഐ) കൃഷിവിദഗ്‌ധന്‍ സാഗര്‍ വാട്‌കര്‍ പറഞ്ഞു. ജൈവോല്‍പന്നമേഖലയിലും വിത്തുകളുടെ മേഖലയും കയറ്റുമതിമേഖലയിലും പുതുതായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തു രൂപവല്‍കരിച്ച ദേശീയസഹകരണസംഘങ്ങളെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം. സഹകരണസംഘങ്ങള്‍തമ്മിലുള്ള പരസ്‌പരസഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണസംഘങ്ങള്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമത കൈവരിക്കണമെന്നും പരിശീലനങ്ങള്‍ നല്‍കി കഴിവുകള്‍ വര്‍ധിപ്പിക്കണമെന്നും വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങളിലും സേവനങ്ങളിലും വ്യത്യാസങ്ങള്‍ വരുത്തണമെന്നും കണ്ണൂര്‍ ഐസിഎമ്മിലെ വി.എന്‍. ബാബു പറഞ്ഞു.
കേരളത്തില്‍ നൂറിലേറെ സഹകരണസംഘങ്ങള്‍ മൂല്യവര്‍ധിതോല്‍പാദനരംഗത്തു സക്രിയമായതു വിപ്ലവകരമായ മാറ്റമാണെന്ന് മൂല്യവര്‍ധിതോല്‍പന്നങ്ങള്‍-സഹകരണമേഖലയുടെ വിജയഗാഥ എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്ക്, മറയൂര്‍ സര്‍വീസ് സഹകരണബാങ്ക്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, കേരളദിനേശ്, ഉദുമ വനിതാസര്‍വീസ് സഹകരണസംഘം, പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ അധ്യക്ഷര്‍ തങ്ങളുടെ വിജയകരുമായ സംരംഭങ്ങളുടെ പുരോഗതി വിവരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍.വി. സതീന്ദ്രകുമാറും സംസാരിച്ചു.