കേരളബാങ്ക്‌ ക്ലര്‍ക്ക്‌-കാഷ്യര്‍ നിയമനം: ജീവനക്കാര്‍ക്കുള്ള സംവരണാര്‍ഹത പാക്‌സ്‌, അര്‍ബന്‍ബാങ്ക്‌ ജീവനക്കാര്‍ക്കുമാത്രം-ഹൈക്കോടതി

Moonamvazhi

കേരളബാങ്ക്‌ ക്ലര്‍ക്ക്‌-കാഷ്യര്‍നിയമനത്തില്‍ സഹകരണസംഘംജീവനക്കാര്‍ക്കുള്ള സംവരണം പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും (പാക്‌സ്‌) അര്‍ബന്‍സഹകരണബാങ്കുകളിലെയും ജീവനക്കാര്‍ക്കായി പരിമിതപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ്‌ ഡി.കെ. സിങ്ങിന്റെതാണ്‌ ഉത്തരവ്‌.

കേരളബാങ്കിലെ ഓഫീസ്‌ അറ്റന്റന്റ്‌, ക്ലര്‍ക്ക്‌-കാഷ്യര്‍ തസ്‌തികളിലേക്ക്‌ അപേക്ഷ ക്ഷണിച്ചുള്ള പി.എസ്‌.സി.വിജ്ഞാപനം റദ്ദാക്കണമെന്നഭ്യര്‍ഥിച്ചു കേരളബാങ്കിലെ നോമിനല്‍ അംഗങ്ങളും അസോസിയേറ്റ്‌ അംഗങ്ങളുമായ സംഘങ്ങളിലെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണിത്‌. കേരളബാങ്ക്‌ നിയമനച്ചട്ടംപ്രകാരം ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലെ ഒഴിവുകളില്‍ 3:1 എന്ന അനുപാതത്തില്‍ പി.എസ്‌.സി.വഴി നേരിട്ടുള്ള നിയമനവും, താഴെത്തലജീവനക്കാരില്‍ നിര്‍ദിഷ്ടയോഗ്യതയും ബന്ധപ്പെട്ട തസ്‌തികകളില്‍ മൂന്നുവര്‍ഷത്തെ സേവനവും ഉള്ളവരില്‍നിന്നു സംയോജിതസീനിയോറിട്ടിയുടെ അടിസ്ഥാനത്തിലുള്ള നിയമനവുമാണ്‌. പി.എസ്‌.സി.വഴിയുള്ള നിയമനത്തിനായി നീക്കിവച്ചിട്ടുള്ള ഒഴിവുകളില്‍ പകുതി അംഗസംഘങ്ങളായ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും (പാക്‌സ്‌) അര്‍ബന്‍സഹകരണസംഘങ്ങളിലെയും സമാനതസ്‌തികകളിലോ ഉയര്‍ന്നതസ്‌തികകളിലോ ജോലിചെയ്യുന്നവര്‍ക്കുള്ളതാണ്‌. ഇവര്‍ അംഗീകൃതതസ്‌തികയില്‍ മൂന്നുവര്‍ഷത്തെ റെഗുലര്‍ സര്‍വീസ്‌ ഉള്ളവരായിരിക്കണം. ഡ്രൈവര്‍-കം-ഓഫീസ്‌ അറ്റന്റന്റ്‌ തസ്‌തികയിലെ ഒഴിവുകളില്‍ 50% പി.എസ്‌.സി.വഴിയുള്ള നേരിട്ടുള്ള നിയമനത്തിനും ബാക്കി 50% ബന്ധപ്പെട്ട തസ്‌തികയില്‍ യോഗ്യതയും മൂന്നുവര്‍ഷത്തെ സേവനവുമുള്ള ഓഫീസ്‌ അറ്റന്റന്റുമാരിലും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാരിലുംനിന്നു സീനിയോറിട്ടി അടിസ്ഥാനത്തിലുള്ള നിയമനത്തിനുമുള്ളതാണ്‌. ഓഫീസ്‌ അറ്റന്റന്റുമാരുടെ കാര്യത്തില്‍ 60ശതമാനം തസ്‌തികകള്‍ പി.എസ്‌.സി.വഴിയുള്ള നേരിട്ടുനിയമനത്തിനുള്ളതാണ്‌. 40%തസ്‌തികകള്‍ അംഗസംഘങ്ങളിലെ തുടര്‍ച്ചയായി മൂന്നുവര്‍ഷം സേവനമുള്ള ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ളതാണ്‌. സംഘംജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഒഴിവുകളില്‍ വേണ്ടത്ര ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആ ഒഴിവുകളിലും നേരിട്ടുള്ള നിയമനം നടത്തും.

ജില്ലാസഹകരണബാങ്കുകള്‍ ഉണ്ടായിരുന്ന കാലത്ത്‌ അവയില്‍ അതാതുജില്ലകളിലെ പാക്‌സുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുംമാത്രമല്ല നോമിനല്‍ സംഘങ്ങള്‍ക്കും അസോസിയേറ്റ്‌ സംഘങ്ങള്‍ക്കും അംഗത്വമുണ്ടായിരുന്നുവെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. ജില്ലാബാങ്കുകളില്‍ അംഗസംഘങ്ങളിലെ ജീവനക്കാരില്‍നിന്നു നിയമിക്കാന്‍ നീക്കിവച്ചിരുന്ന ഒഴിവുകളില്‍ നിയമനം തേടാന്‍ ഇവയിലെ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടായിരുന്നു. ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിച്ചപ്പോള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള ഒഴിവുകള്‍ക്ക്‌ അര്‍ഹത പാക്‌സുകളിലെയും അര്‍ബന്‍ബാങ്കുകളിലെയും ജീവനക്കാര്‍ക്കു മാത്രമായി. ഇതു സഹകരണസംഘംചട്ടം 187നും ലയനത്തിന്റെ അന്തസ്സത്തയ്‌ക്കും കേരളബാങ്കിന്റെ നിര്‍വചനത്തിനും വിരുദ്ധമാണെന്നാണു ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ വാദം. സഹകരണസംഘംനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി നിയമം നിര്‍മിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്‌ ആവില്ല. ജില്ലാസഹകരണബാങ്കില്‍ നോമിനല്‍ അംഗങ്ങളും അസോസിയേറ്റ്‌ അംഗങ്ങളുമായിരുന്ന സംഘങ്ങള്‍ കേരളബാങ്കിലും നോമിനല്‍ അംഗങ്ങളും അസോസിയേറ്റ്‌ അംഗങ്ങളുമായി തുടരുകയാണ്‌. അംഗസംഘങ്ങളിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുള്ള കേരളബാങ്ക്‌നിയമനങ്ങളില്‍നിന്ന്‌ നോമിനല്‍/അസോസിയേറ്റ്‌ സംഘങ്ങളിലെ ജീവനക്കാരെ മാറ്റിനിര്‍ത്തുന്നതു നീതീകരിക്കാനാവില്ല. അതുകൊണ്ട്‌ ആ മട്ടിലുള്ളചട്ടങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുകയും വിജ്ഞാപനം റദ്ദാക്കുകയും വേണമെന്ന്‌ അവര്‍ വാദിച്ചു. ഹര്‍ജിക്കാര്‍ ജോലി ചെയ്യുന്ന സംഘങ്ങള്‍ക്കു ജില്ലാബാങ്കുകളിലും ലയനത്തിനുശേഷം കേരളബാങ്കിലും ഓഹരിയുണ്ട്‌. കേരളസഹകരണസംഘം ചട്ടങ്ങളിലെ 187-ാം ചട്ടം പ്രകാരം അപ്പെക്‌സ്‌ സംഘത്തിലെ അല്ലെങ്കില്‍ സെന്‍ട്രല്‍ സംഘത്തിലെ 50 ശതമാനം ഒഴിവുകള്‍ അംഗസംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ളതാണ്‌. നിര്‍ദിഷ്ടയോഗ്യതയും മൂന്നുവര്‍ഷമെങ്കിലും സര്‍വീസും ഉണ്ടായിരിക്കണം എന്നു മാത്രം.

എന്നാല്‍ കേരളസഹകരണസംഘം നിയമത്തിലെ 2(എം) വകുപ്പു പ്രകാരം അസോസിയേറ്റ്‌ അംഗങ്ങള്‍ അഥവാ നോമിനല്‍ അംഗങ്ങള്‍ക്കുള്ളത്‌ നിയമാവലിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള പ്രത്യേകാനുകൂല്യങ്ങളും അവകാശങ്ങളും മാത്രമാണ്‌. അവയ്‌ക്ക്‌ അതനുസരിച്ചുള്ള ബാധ്യതകളുമേയുള്ളൂ. ജില്ലാസഹകരണബാങ്കുകളിലെ അംഗത്വം പ്രാഥമികവായ്‌പാസഹകരണസംഘങ്ങള്‍ക്കുമാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ലയനത്തിനുശേഷം നോമിനല്‍ അഥവാ അസോസിയേറ്റഡ്‌ അംഗങ്ങളായ സംഘങ്ങളിലെ ജീവനക്കാര്‍ക്കു പുതിയ അവകാശങ്ങളൊന്നും കൈവന്നിട്ടില്ല. ജില്ലാസഹകരണബാങ്കുകള്‍ കേരളബാങ്കില്‍ ലയിച്ചപ്പോള്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍സഹകരണസംഘങ്ങള്‍ക്കുംമാത്രമാണു വോട്ടവകാശം അനുവദിച്ചിട്ടുള്ളത്‌. നോമിനല്‍ അഥവാ അസോസിയേറ്റ്‌ സംഘങ്ങളെ വോട്ടവകാശത്തില്‍നിന്നും കേരളബാങ്കിന്റെ ഭരണത്തില്‍പങ്കാളിത്തം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ഇങ്ങനെ ഒഴിവാക്കിനിര്‍ത്തുന്ന ഭേദഗതിക്കെതിരായ ഫിലിപ്പ്‌ കെ.ജെ.യും കേരളസര്‍ക്കാരും മറ്റുള്ളവരും തമ്മിലുള്ള കേസില്‍ നോമിനല്‍ അംഗങ്ങളെയും അസോസിയേറ്റ്‌ അംഗങ്ങളെയും വോട്ടവകാശം നല്‍കുന്നതില്‍നിന്ന്‌ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഭേദഗതി ഹൈക്കോടതി അംഗീകരിക്കുകയാണു ചെയ്‌തിട്ടുള്ളത്‌. ജീവനക്കാര്‍ക്കു സംവരണം നല്‍കാനുള്ള ഉദ്ദേശ്യം പ്രശംസനീയമാണ്‌. പാക്‌സുകളിലെയും അര്‍ബന്‍സംഘങ്ങളിലെയും ജീവനക്കാര്‍ക്കു ന്യായമായ സ്ഥാനക്കയറ്റസാധ്യതകളും സര്‍വീസില്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളും അതു പ്രദാനം ചെയ്യും. എന്നാല്‍ സംസ്ഥാനസഹകരണബാങ്കിന്റെ കാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ അവകാശമില്ലാത്ത നോമിനല്‍ അഥവാ അസോസിയേറ്റ്‌ സംഘങ്ങളിലെ ജീവനക്കാര്‍ക്ക്‌ സംവരണം അവകാശപ്പെടാനാവില്ല. കാരണം അവര്‍ അംഗസംഘങ്ങളിലെ ജീവനക്കാരല്ല.

സഹകരണസംഘം നിയമത്തിലെ 80(3എ) പ്രകാരം ഒന്നാംപട്ടികയിലുള്ള സംഘങ്ങളുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഒഴികെയുള്ള നേരിട്ടുള്ള നിയമനങ്ങള്‍ പി.എസ്‌.സി.ലിസ്റ്റില്‍നിന്നാണു നടത്തേണ്ടത്‌. ഒന്നാംപട്ടികയിലുള്ള സംഘങ്ങളില്‍ 14 ജില്ലാസഹകരണബാങ്കുകളും ഉള്‍പ്പെടുന്നു. ജില്ലാസഹകരണബാങ്കുകള്‍ കേരളബാങ്കില്‍ ലയിച്ചതോടെ ഒന്നാംപട്ടികയിലും മാറ്റംവന്നു. ജില്ലാസഹകരണബാങ്കുകളിലേക്കു പി.എസ്‌.സി. നിയമനവ്യവസ്ഥ ഇല്ലാതായി.

 

സഹകരണസംഘം നിയമത്തിലെ 74എച്ച്‌ വകുപ്പിലെ 14-ാംഉപവകുപ്പു പ്രകാരമുള്ള അധികാരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സഹകരണസംഘം ചട്ടങ്ങള്‍ ഭേദഗതി ചെയ്‌ത്‌ ചട്ടം 28എ പ്രകാരം കേരളബാങ്കുമായി ബന്ധപ്പെട്ടു പ്രത്യേകവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതിലെ 28എ(5) പ്രകാരം കാലാകാലങ്ങളില്‍ സഹകരണസംഘം രജിസ്‌ട്രാറുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‌ പി.എസ്‌.സി.യുമായി ആലോചിച്ച്‌ കേരളബാങ്കിന്റെ നിയമനച്ചട്ടങ്ങളിലും സ്‌റ്റാഫ്‌ വ്യവസ്ഥകളിലും സ്ഥാനക്കയറ്റനയത്തിലും സ്ഥാപനപരമായ മറ്റുകാര്യങ്ങളിലും ഗസറ്റ്‌ വിജ്ഞാപനംവഴി മാറ്റം വരുത്താം. ഈ അധികാരം ഉപയോഗിച്ച്‌ 2021 ഓഗസ്‌റ്റ്‌ രണ്ടിന്‌ കേരളബാങ്കിനായി പ്രത്യേകനിയമനച്ചട്ടങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്‌. പി.എസ്‌.സി.യുടെ ശുപാര്‍ശയുടെയും രജിസ്‌ട്രാറുടെയും കേരളബാങ്കിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ 2023 മാര്‍ച്ച്‌ 24നു നിയമനച്ചട്ടങ്ങള്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്‌. സഹകരണസംഘംനിയമനത്തിലെ 74എച്ച്‌ വകുപ്പിന്റെ 18-ാംഉപവകുപ്പുപ്രകാരം ഈ നിയമത്തില്‍ പറയുന്നതെന്തായാലും, ഈ അധ്യായത്തിലെ മേല്‍പറഞ്ഞ വ്യവസ്ഥകള്‍ക്ക്‌ ഈ നിയമത്തിലെ മറ്റെല്ലാവ്യവസ്ഥകളുടെയുംമുകളില്‍ പ്രാബല്യമുളവാകുന്നതാണ്‌. അതുകൊണ്ടു 74എച്ച്‌ പ്രകാരം സര്‍ക്കാര്‍ ഇറക്കിയ ചട്ടങ്ങള്‍ക്ക്‌ ഹര്‍ജിക്ക്‌ ആധാരമായ നിയമത്തിലെ 80-ാംവകുപ്പിലും 187-ാംചട്ടത്തിലും ഉള്ള വ്യവസ്ഥകള്‍ക്കുമുകളില്‍ പ്രാബല്യമുണ്ട്‌. 2023ലെ കേരളസഹകരണബാങ്ക്‌ ചട്ടങ്ങള്‍ സ്വേച്ഛാപരമല്ല, കേരളസഹകരണസംഘംചട്ടങ്ങള്‍ക്കു വിരുദ്ധവുമല്ല. സഹകരണസംഘംചട്ടങ്ങളിലെ 187-ാംചട്ടത്തിന്റെ ലംഘനം ഇതിലില്ല. 74എച്ച്‌ വകുപ്പിന്‌ നിയമത്തിലെയും ചട്ടങ്ങളിലെയും മറ്റെല്ലാ വ്യവസ്ഥകള്‍ക്കും അതീതമായ പ്രാബല്യമുണ്ട്‌. ജില്ലാസഹകരണബാങ്കുകളെ സംസ്ഥാനസഹകരണബാങ്കില്‍ ലയിപ്പിച്ചതു സഹകരണവായ്‌പാഘടനയിലെ തട്ടുകള്‍ കുറയ്‌ക്കാനാണ്‌. ലയനദിവസംമുതല്‍ ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാതായതുകൊണ്ട്‌ പഴയജില്ലാസഹകരണബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട സഹകരണസംഘനിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ നിലവിലില്ലാതായി. അതിനാല്‍ ഹര്‍ജിക്കാര്‍ക്ക്‌ അംഗസംഘങ്ങളിലെയും കേരളബാങ്കില്‍ അംഗസംഘമായ അര്‍ബന്‍സഹകരണബാങ്കിലെയും ജീവനക്കാര്‍ക്കായി സംവരണംചെയ്‌ത ഒഴിവുകളില്‍ നിയമനത്തിന്‌ അവകാശമുന്നയിക്കാനാവില്ലെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കി. 46സമാനഹര്‍ജികള്‍ ഒരുമിച്ചു കണക്കിലെടുത്താണു വിധി.

 

Moonamvazhi

Authorize Writer

Moonamvazhi has 277 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News