കേരളത്തിലും സഹകരണസംഘങ്ങളുടെ പെട്രോള്‍പമ്പുകളും ജന്‍ഔഷധികേന്ദ്രങ്ങളും വരും
കേരളത്തിലും സഹകരണസംഘങ്ങളുടെ കീഴില്‍ പെട്രോള്‍പമ്പുകളും ജന്‍ഔഷധികേന്ദ്രങ്ങളും വരും. രണ്ടിനും ആവശ്യമായ ക്രമീകരണങ്ങളെയും മറ്റു കാര്യങ്ങളെയുംപറ്റി ആലോചിക്കാന്‍ സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബുവിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്‌ച സഹകരണ വകുപ്പുദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം നടത്തി.പെട്രോള്‍പമ്പുകളുടെ കാര്യത്തില്‍ വ്യക്തിയിതരഅപേക്ഷകരാകാന്‍ സഹകരണസംഘങ്ങള്‍ക്കും കഴിയും. വ്യക്തിയിതരസ്ഥാപനങ്ങള്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹതയെങ്കിലും പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്ക് (പാക്‌സ്) ഓപ്പണ്‍ കമ്പൈന്റ് കാറ്റഗറി-2ല്‍വരുന്ന പ്രദേശങ്ങളിലും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി അറ്റലാഭമുണ്ടാക്കിയിരിക്കണമെന്നുംമറ്റുമുള്ള വ്യവസ്ഥകളുണ്ട്. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ പാക്‌സുകള്‍ സഹകരണസംഘം രജിസ്‌ട്രാറുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സ്ഥലം സ്വന്തമായുള്ളതോ ദീര്‍ഘകാലപ്പാട്ടത്തിലുള്ളതോ ആയിരിക്കണം.
നേരത്തേ എണ്ണപ്രകൃതിവാതകക്കമ്മീഷന്റെ എംആര്‍പിഎലിന്റെ പെട്രോള്‍പമ്പ് നടത്തിപ്പിനുള്ള അനുമതിക്കായി കടന്നമണ്ണ സര്‍വീസ് സഹകരണബാങ്ക് മഞ്ഞളാംകുഴി അലി എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സഹകരണമന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കിയിരുന്നു.ജന്‍ഔഷധികേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ വിശദവിവരങ്ങള്‍ WWW.JANAUSHADHI.GOV.IN എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ (പിഎംബിഐ)ജീവനക്കാരും പ്രതിനിധികളും ഏജന്റുമാരും ആണെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചിലര്‍ സാമ്പത്തികമുതലെടുപ്പിനായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും WWW.JANAUSHADHI.GOV.IN എന്നതു മാത്രമാണ് ഇതിനായുള്ള ഔദ്യോഗികവെബ്‌സൈറ്റ് എന്നും പിഎംബിഐ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
പ്രതിമാസവില്‍പനയുടെ നിശ്ചിതശതമാനം ഇന്‍സന്റീവ്, എംആര്‍പിയുടെ നിശ്ചിതശതമാനം പ്രവര്‍ത്തനലാഭം, വനിതാസംരംഭകര്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്കു സ്‌പെഷ്യല്‍ ഇന്‍സന്റീവ്, ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളുംമറ്റും സ്ഥാപിക്കാന്‍ റീംഇമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പാക്‌സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള നടപടിക്രമങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍നമ്പരും പ്രത്യേകമായിത്തന്നെ സൈറ്റില്‍ ലഭ്യമാണ്.