കോഴിക്കോട്ടെ സഹകരണആര്‍ബിട്രേഷന്‍ കോടതി പുന:സ്ഥാപിക്കണം: കേരള സഹകരണഫെഡറേഷന്‍
കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍കോടതി നിര്‍ത്തിലാക്കിയ നടപടി പുന:പരിശോധിക്കണമെന്നു കേരള സഹകരണഫെഡറേഷന്‍ സഹകരണമന്ത്രി വി.എന്‍. വാസവനോട് ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹകരണനിയമപ്രകാരം രൂപവല്‍കരിച്ചതാണ് ആര്‍ബിട്രേഷന്‍ കോടതി. തുടക്കത്തില്‍ സാമ്പത്തികവും അല്ലാത്തതുമായ തര്‍ക്കങ്ങള്‍ കൈകാര്യംചെയ്‌തിരുന്നത് ആര്‍ബിട്രേഷന്‍കോടതി(രജിസ്‌ട്രാര്‍) ആയിരുന്നു. പിന്നീടു തിരഞ്ഞെടുപ്പ്, സീനിയോറിട്ടി തുടങ്ങി സാമ്പത്തികേതരകാര്യങ്ങളിലെ തര്‍ക്കങ്ങള്‍ കൈകാര്യംചെയ്യാനായിമാത്രം 2003മെയ് 12നു പ്രത്യേകആര്‍ബിട്രേഷന്‍കോടതി നിലവില്‍വന്നു. സാമ്പത്തികമല്ലാത്ത എല്ലാ തര്‍ക്കവും ഈ കോടതിയാണു കൈകാര്യം ചെയ്യുന്നത്. പരിചയസമ്പന്നരായ അഭിഭാഷകരാരെയെങ്കിലും കോടതിയുടെ പ്രൊസീഡിങ് ഓഫീസറായി നിയമിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ആര്‍ബിട്രേഷന്‍ കോടതി വടക്കന്‍ ജില്ലകള്‍ക്കും തെക്കന്‍ജില്ലകള്‍ക്കും പ്രത്യേകമാക്കി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകള്‍ക്കായുള്ള കോടതി 2010 ഓഗസ്‌റ്റ് 18നു കോഴിക്കോട് സ്ഥാപിച്ചു. എരഞ്ഞിപ്പാലത്തു ഹൗസ്‌ഫെഡിന്റെ വലിയകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. ബാക്കി ഏഴുജില്ലകള്‍ക്കായി തിരുവനന്തപുരത്തും കോടതി തുടങ്ങി. സഹകരണമേഖലയുടെ വിവിധ കോണുകളില്‍നിന്നുള്ള നിര്‍ദേശങ്ങളെയും ആവശ്യങ്ങളെയും തുടര്‍ന്നു കോടതിയുടെ പ്രിസൈഡിങ് ഓഫീസര്‍ സിവില്‍ജഡ്‌ജ് ജൂനിയര്‍ ഡിവിഷന്‍ റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസറായിരിക്കണമെന്നു തത്വത്തില്‍ തീരുമാനിക്കുകയും അതിനു ഹൈക്കോടതിയുടെ അനുമതി തേടുകയും ചെയ്‌തു.
തിരുവനന്തപുരം ആസ്ഥാനമായി സിവില്‍ ജഡ്‌ജിയെ (സീനിയര്‍ ഡിവിഷന്‍) നിയമിച്ചു. പക്ഷേ, കോഴിക്കോട്ടെ കോടതി നിര്‍ത്തല്‍ ചെയ്‌തു. കാസര്‍ഗോഡ്‌മുതല്‍ തൃശ്ശൂര്‍വരെയുള്ള ജില്ലക്കാര്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചു തിരുവനന്തപുരത്തു പോകേണ്ട സ്ഥിതിയാണ്. കോഴിക്കോട്ടെ കോടതിയുമായി ബന്ധപ്പെട്ട് ഇത്തരം കേസുകളില്‍ ഹാജരായിരുന്ന അഭിഭാഷകരും അവരുടെ ഗുമസ്‌തരും ഇതുമൂലം ബുദ്ധിമുട്ടിലാണ്.
സഹകരണനിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന ഒരു കോടതി ഒരു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയതു ശരിയല്ലെന്നു നിവേദനത്തില്‍ പറയുന്നു. കോഴിക്കോട്ടുണ്ടായിരുന്ന കോടതി അവിടെ പുനസ്ഥാപിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.