ക്ഷേമപെന്‍ഷന്‍ ഫണ്ടിനായി രൂപവത്കരിച്ച സഹകരണ കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ അനുമതി

moonamvazhi

ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ രൂപവത്കരിച്ച സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. 2024 ജനുവരി 19ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് രൂപവത്കരിച്ച കണ്‍സോര്‍ഷ്യമാണ് അവസാനിപ്പിക്കുന്നത്. 1500 കോടിരൂപയാണ് ഈ കണ്‍സോര്‍ഷ്യം വഴി പെന്‍ഷന്‍ കമ്പനിയിലേക്ക് പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 835.02 കോടിരൂപയാണ് പിരിഞ്ഞുകിട്ടത്.

ഈ കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച്, ലഭിച്ച പണത്തിന് പലിശ കണക്കാക്കി നല്‍കുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് കണ്‍സോര്‍ഷ്യം ഫണ്ട് മാനേജര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2024 ഫിബ്രവരി 22നാണ് കത്ത് നല്‍കിയത്. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കാണ് ഫണ്ട് മാനേജര്‍. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളായ ബാങ്കുകള്‍ക്ക് മാസം അടിസ്ഥാനമാക്കി കണക്കാക്കിയാണ് പലിശ നല്‍കുന്നത്. ഇത് കൃത്യമായി ബാങ്കുകളിലെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. ഒരുവര്‍ഷത്തേക്കാണ് സഹകരണ ബാങ്കുകളില്‍നിന്നെടുക്കുന്ന വായ്പയുടെ കാലാവധി. ഇതിന്റെ മുതലിനത്തിനുള്ള തിരിച്ചടവ് ബുള്ളറ്റ് പേയ്‌മെന്റായി, വായ്പയുടെ കാലാവധിക്ക് ശേഷമാണ് നല്‍കുന്നത്.