സഹകരണമേഖലയെ എൽ.ഡി.എഫ് സർക്കാർ കൊള്ളയടിക്കുന്നു: വി ഡി സതീശൻ
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റേത് എന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ ആരോപിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർച്ചയിലേക്ക് നയിക്കുന്ന സംസ്ഥാന സർക്കാരിനെയും കേരള ബാങ്കിൻ്റെയും നയങ്ങൾക്കെതിരെ കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ യുഡിഎഫിന്റെ സംഘങ്ങൾ പിടിച്ചെടുക്കുന്നത് പോലുള്ള സമീപനങ്ങൾ സ്വീകരിച്ചിട്ടും പ്രതിപക്ഷം സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചു. ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ സഹകരണ മേഖല ഉണ്ടാകുമായിരുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടുകളുടെ ഈടിൽ വായ്പ നൽകിയാൽ ജപ്തി ചെയ്യരുത് എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു.കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനു പകരം ഉപദ്രവിക്കുകയാണ് . അതിന്റെ ഉത്തമ ഉദാഹരണമാണ് കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കാത്തത്. പ്രാഥമിക സംഘങ്ങളുടെ ഓഹരി പോലും തിരിച്ചുനൽകുന്നില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഇത്.
പ്രാഥമിക സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്ന നയം സർക്കാർ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ പറഞ്ഞു. ധർണയിൽ സഹകരണ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ അഡ്വ. എം.പി.സാജു അധ്യക്ഷനായി.കരകുളം കൃഷ്ണപിള്ള, നെല്ലിമൂട് പ്രഭാകരൻ, സി.എ. അജീർ, വി. കെ. രവീന്ദ്രൻ, സാജു ജെയിംസ്, കെ. സുരേഷ് ബാബു, വികാസ് ചക്രപാണി, കെ. എ. കുര്യൻ, എ. നിസാർ, അഷ്റഫ് മണക്കടവ്, ജി. മുരളീധരൻ, എം. ആർ. മനോജ്, വിനോദ് കുമാർ, ഊഴമലയ്ക്കൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.