സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ എന്‍.സി.ഡി.സി. 84579 കോടി നല്‍കി

Moonamvazhi

ദേശീയ സഹകരണ വികസനകോര്‍പറേഷന്‍ (എന്‍സിഡിസി) 2024-25 സാമ്പത്തികവര്‍ഷം 84579 കോടിരൂപയുടെ ധനസഹായം നല്‍കി. കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചതാണിത്‌. ജനുവരി 28വരെയുള്ള കണക്കാണിത്‌. ഛത്തിസ്‌ഗഢിനാണ്‌ ഏറ്റവും കൂടുതല്‍്‌ – 28081കോടി. തെലങ്കാനക്ക്‌ 20982 കോടിയും ആന്ധ്രയ്‌ക്ക്‌ 14732 കോടിയും കിട്ടി. സ്വയംസഹായസംഘങ്ങള്‍ക്കു സ്വയംശക്തി സഹകാര്‍, ദീര്‍ഘകാലകാര്‍ഷികവായ്‌പയ്‌ക്കു ദീര്‍ഘവതി കൃഷക്‌ സഹകാര്‍, ക്ഷീരമേഖലയ്‌ക്കുവേണ്ടി ഡയറി സഹകാര്‍ തുടങ്ങിയവ തുടങ്ങി.

ഫിഷറീസ്വകുപ്പുമായി ചേര്‍ന്ന്‌ ആഴക്കടല്‍ട്രോളര്‍പദ്ധതികള്‍ക്കു ധനസഹായം നല്‍കുന്നു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഫിഷറീസ്‌ സഹകരണസംഘങ്ങള്‍ക്ക്‌ 44 ആഴക്കടല്‍ ട്രോളറുകള്‍ വാങ്ങാന്‍ 25.95 കോടി അനുവദിച്ചു. എഥനോല്‍ ഉല്‍പാദനത്തെ സഹായിക്കാന്‍ കേന്ദ്രസഹകരണമന്ത്രാലയം 875 കോടിയും എന്‍സിഡിസി 80വായ്‌പകളിലായി 9169.76 കോടിയും അനുവദിച്ചു. 44സഹകരണപഞ്ചസാരമില്ലുകള്‍ക്കാണിത്‌.

1100 കര്‍ഷകഉല്‍പാദകസ്ഥാപനങ്ങള്‍ക്ക്‌ (എഫ്‌പിഒ) അനുമതിയായി. പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്കു കീഴിലാണിവ. നിലവിലുള്ള കര്‍ഷകഉല്‍പാദകസ്ഥാപനങ്ങള്‍ക്കു പുറമെയാണിത്‌. 2025 ജനുവരി 27വരെ 958 പുതിയ എഫ്‌പിഒകള്‍ രജിസ്റ്റര്‍ ചെയ്‌തു. എന്‍സിഡിസി നേരത്തേതന്നെ 730 എഫ്‌പിഒകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ എഫ്‌പിഒകളുടെ എണ്ണം 1688 ആയി. സഹകരണസംഘങ്ങള്‍ക്കു കാലപരിധിവായ്‌പകളും നിക്ഷേപവായ്‌പകളും സബ്‌സിഡികളും എന്‍സിഡിസി നല്‍കുന്നുണ്ട്‌. യുവസഹകാര്‍പദ്ധതിയെയും പ്രോല്‍സാഹിപ്പിക്കുന്നു. ഇതില്‍ അഞ്ചുവര്‍ഷത്തേക്കു ദീര്‍ഘകാലവായ്‌പ രണ്ടുശതമാനം പലിശയിളവോടെ നല്‍കുന്നു. 2023-24 സാമ്പത്തികവര്‍ഷം യുവസഹകാര്‍ പദ്ധതിയില്‍ 295.90ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. 2024-25 സാമ്പത്തികര്‍ഷം ഡിസംബര്‍ 31വരെ 241.91 ലക്ഷം അനുവദിച്ചു. ഇതില്‍ 2023-24ല്‍ 136.30ലക്ഷവും 2024-25ല്‍ 103.53ലക്ഷവും വിതരണം ചെയ്‌തുവെന്നും അമിത്‌ഷാ അറിയിച്ചു.എന്‍സിഡിസിയുടെ സഹകരണധനസഹായയത്‌നങ്ങള്‍ക്കു പിന്‍ബലമേകുമെന്നു ധനമന്ത്രി നിര്‍മലാസീതാരാമന്‍ ബജറ്റ്‌ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 169 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News