കുടിശ്ശിക നിവാരണയജ്ഞവും ഒറ്റത്തവണതീര്‍പ്പാക്കലും പരിമിതപ്പെടുത്തിയേക്കും
- എ.ആര്‍.സി.കേസുകള്‍ ഫെബ്രുവരി 15നകം തീര്‍പ്പാക്കും
- മിസലേനിയസ് സംഘങ്ങളെയും നിക്ഷേപഗ്യാരണ്ടിയില്‍ ഉള്‍പ്പെടുത്തിയേക്കും
- ലാസ്റ്റ്‌ഗ്രേഡ്‌തസ്‌തികകളുടെ ഏകോപനം നിര്‍ദേശിക്കും
കുടിശ്ശികനിവാരണയജ്ഞവും ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതിയും ആവശ്യമുള്ള സംഘങ്ങള്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം പരിഗണനയില്‍. മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 28നു സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കെട്ടിക്കിടക്കുന്ന പരമാവധി ഏ.ആര്‍.സി. കേസുകള്‍ ഫെബ്രുവരി 25നകം തീര്‍പ്പാക്കാന്‍ നടപടി എടുത്തെന്നും അറിയിച്ചു. ഇതിനായി സെയില്‍ഓഫീസര്‍മാരുടെ യോഗം വിളിച്ച് ഇവ വേഗം തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചു. കേരളബാങ്ക് ലാഭത്തിലാകുന്ന മുറയ്‌ക്കു മിസലേനിയസ് സംഘങ്ങള്‍ക്കു ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേരളബാങ്ക് അറിയിച്ചതായും വ്യക്തമാക്കി. രജിസ്‌ട്രാര്‍ മിസലേനിയസ് സംഘങ്ങളുടെ ഏകോപനസമിതിക്കു നല്‍കിയ യോഗമിനിറ്റ്‌സില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യോഗത്തില്‍ 2024 മെയ് ഒമ്പതിനു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത നടപടികള്‍ വിശദീകരിച്ചു. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്കു (പാക്‌സ്) നല്‍കുന്ന അതേ പലിശനിരക്കിലാണു വായ്‌പേതരസംഘങ്ങള്‍ക്കും വായ്‌പ നല്‍കുന്നതെന്നു യോഗത്തില്‍ അറിയിച്ചു. സംഘങ്ങളുടെ കേരളബാങ്കിലെ സ്ഥിരനിക്ഷേപം കാലാവധിയാകുന്ന മുറയ്‌ക്കോ അപേക്ഷിക്കുന്ന മുറയ്‌ക്കോ തിരികെ നല്‍കാമെന്നും അറിയിച്ചു. വായ്‌പേതരസംഘങ്ങള്‍ക്കു കാര്‍ഷികവായ്‌പ ഒഴികെയുള്ള എല്ലാ വായ്‌പയും കേരളബാങ്ക് അനുവദിക്കുന്നുണ്ട്. നിയമാവലി പ്രകാരം സി ക്ലാസ് അംഗങ്ങള്‍ക്കു വോട്ടവകാശം ഇല്ലാത്തതുകൊണ്ടു വോട്ടവകാശം നല്‍കനാവില്ല. നിയമവ്യവസ്ഥപ്രകാരം പാക്‌സുകളിലെയും അര്‍ബന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ക്കുമാത്രമേ കേരളബാങ്ക്‌സ്ഥിരനിയമനങ്ങളില്‍ സംവരണം നല്‍കാനാവൂ.
ഓഡിറ്റ് യഥാസമയം തീര്‍ക്കാന്‍ ടീംഓഡിറ്റ് നടപ്പാക്കി. സംഘങ്ങളിലെ ഇന്‍സ്‌പെക്ഷന്‍ ശക്തമാക്കാന്‍ മൊബൈല്‍ ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ നടപ്പാക്കി. സംഘങ്ങളെ സംബന്ധിച്ചു കൂടുതല്‍ വിവരം ലഭ്യമാക്കാന്‍ ഫെബ്രുവരി 15നകം സഹകരണമാനുവല്‍ പ്രസിദ്ധീകരിക്കാന്‍ അടിയന്തരനടപടി എടുത്തിട്ടുണ്ട്.
മിസലേനിയസ് സംഘങ്ങള്‍ കേരളബാങ്കില്‍ നിക്ഷേപിച്ച ഓഹരികള്‍ക്കു ലാഭവീതം നല്‍കാനാവാത്തതിനാല്‍ അവ തിരികെനല്‍കണം, അംഗങ്ങള്‍ക്കു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അനുവദിക്കണം, അപ്പെക്‌സ് സംഘം രൂപവല്‍ക്കരിക്കണം, വായ്‌പക്കുടിശ്ശികക്കാര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണം, വര്‍ഷങ്ങളായി തീര്‍പ്പാകാത്ത എ.ആര്‍.സി. കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കണം, 25% കുടിശ്ശികയെങ്കിലും പിരിച്ചെടുക്കണം, തീര്‍പ്പുകള്‍ വൈകുന്നതിനാല്‍ 50% തുക സര്‍ക്കാര്‍ ലഭ്യമാക്കണം, കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, പി.എസ്.സി. സംവരണം ഏര്‍പ്പെടുത്തണം, വായ്‌പവാങ്ങിയവര്‍ തിരിച്ചടക്കാതെവരുമ്പോള്‍ നിക്ഷേപകര്‍ക്കു പണം മടക്കിക്കൊടുക്കാന്‍ വൈകുന്നതിന്റെ യഥാര്‍ഥകാരണം അന്വേഷിക്കാതെ ഭാരവാഹികളെ വിശ്വാസവഞ്ചനക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്ന പ്രശ്‌നം പരിഹരിക്കണം, മിസലേനിയസ് സംഘങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം എന്നീ ആവശ്യങ്ങളാണു കോഓര്‍ഡിനേഷന്‍ കമ്മറ്റി ഉന്നയിച്ചത്.
പി.എസ്.സി. നിയമനസംവരണം പുനസ്ഥാപിക്കലും അപ്പെക്‌സ് സംവിധാനം രൂപവല്‍ക്കരിക്കലും ക്ലാസിഫിക്കേഷനും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കേരളബാങ്കിന്റെ നയപരമായ തീരൂമാനങ്ങളില്‍ ഇടപെടാനാവില്ലെന്നും വ്യക്തമാക്കി. മിസലേനിയസ് സംഘങ്ങളെ നിക്ഷേപ-വായ്‌പാഗ്യാരണ്ടിസ്‌കീമില്‍ ഉള്‍പ്പെടുത്തുന്നകാര്യം അടുത്തയോഗത്തില്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. മിസലേനിയസ് സംഘങ്ങളിലെ അംഗങ്ങള്‍ക്കു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അനുവദിക്കണമെന്ന ആവശ്യത്തിലും പരിശോധിച്ചു നടപടി എടുക്കും. എ.ആര്‍.സി. കാലതാമസത്തിന്റെപേരില്‍ 50% തുക അനുവദിക്കാനാവില്ല. പുനരുദ്ധാരണനിധിയില്‍നിന്നു തുക അനുവദിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. കളക്‌ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും സ്ഥാനക്കയറ്റസാധ്യത വര്‍ധിപ്പിക്കാന്‍ പ്യൂണ്‍ തസ്‌തികയ്‌ക്കു പുറമെ, അറ്റന്റര്‍, സെയില്‍സ്‌മാന്‍, നൈറ്റ് വാച്ച്‌മാന്‍, സെക്യൂരിറ്റി തുടങ്ങി എല്ലാ ലാസ്റ്റ്‌ഗ്രേഡ് തസ്‌തികയും ഒന്നാക്കി മള്‍ട്ടിസോഷ്യല്‍വര്‍ക്കര്‍ തസ്‌തിക സൃഷ്ടിക്കാനും 25% ക്ലര്‍ക്ക് സ്ഥാനക്കയറ്റം നടത്താനും മികവിന്റെ അടിസ്ഥാനത്തില്‍ കളക്ഷന്‍ ഏജന്റുമാരെ നിയമിക്കാനുമുള്ള വ്യവസ്ഥ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
റവന്യൂറിക്കവറിയുടെ കാര്യത്തില്‍ ജപ്‌തിനടപടികളിലെ നിയമഭേദഗതി സഹകരണസംഘങ്ങളുടെ വായ്‌പ പിരിച്ചെടുക്കലിനു ബാധകമല്ലെന്നു പ്രസ്‌താവന ഇറക്കുന്നതു പരിഗണിക്കും.സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു കേരളബാങ്ക് സംഘങ്ങള്‍ക്കു നല്‍കുന്ന പലിശനിരക്കു പുതുക്കുന്നതു പുന:പരിശോധിച്ച് പലിശനിരക്കു വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേരളബാങ്കിലേക്കു മാറ്റിയ മിസലേനിയസ് സംഘങ്ങളുടെ ഓഹരിത്തുക പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാരുമായി ആലോചിച്ചു തീരമാനിക്കുമെന്നും രജിസ്‌ട്രാര്‍ അറിയിച്ചു.
ഉപഭോക്തൃവിഭാഗത്തിലെയും വായ്‌പാവിഭാഗത്തിലെയും അഡീഷണല്‍ രജിസ്‌ട്രാര്‍മാരും കോഓര്‍ഡിനേഷന്‍ കമ്മറ്റി പ്രതിനിധികളായി നെല്ലിമൂട് പ്രഭാകരന്‍, ഉണ്ണി ആറ്റിങ്ങല്‍, വിജയകുമാര്‍ ടി.എസ്, കരുംകുളം വിജയകുമാര്‍, എന്‍. വിശ്വനാഥന്‍, കാരാട് ധര്‍മരാജ് തുടങ്ങിയവരൂം യോഗത്തില്‍ പങ്കെടുത്തു.