മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ 28നു ചര്‍ച്ച
മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28നു സഹകരണസംഘം രജിസ്ട്രാറുമായി മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ചര്‍ച്ച നടത്തും. ആവശ്യങ്ങളുന്നയിച്ചു സംഘടന സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ക്കും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കുന്നതിലുള്ള വകുപ്പിന്റെ അനാസ്ഥമൂലം വായ്പകള്‍ തിരിച്ചടക്കേണ്ടതില്ലെന്ന പൊതുവികാരം സൃഷ്ടിക്കപ്പെട്ടിരിക്കയാണെന്നു നിവേദനത്തില്‍ പറയുന്നു. ജപ്തികളുടെയുംമറ്റും കാര്യത്തിലുള്ള നിയമഭേദഗതികള്‍ സംഘങ്ങള്‍ക്കു ബാധകമല്ലെങ്കിലും, സംഘങ്ങളിലെ വായ്പക്കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നു പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും രജിസ്ട്രാറും തയ്യാറാകുന്നില്ല. സഹകരണവകുപ്പ് സഹകരണമേഖലയുടെ വിശ്വാസത്തകര്‍ച്ച കൂട്ടുകയാണ്. നിവേദനങ്ങളില്‍ നടപടിയില്ല. സഹകരണമേഖലയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ അടിയന്തരനടപടിയെടുക്കണം.
വായ്പക്കുടിശ്ശിക തീര്‍ക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുക, ആര്‍ബിട്രേഷന്‍കേസുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കുടിശ്ശിക പിരിക്കുന്നതിലുള്ള വകുപ്പിന്റെ അനാസ്ഥ ഒഴിവാക്കുക, ആര്‍ബിട്രേഷന്‍കേസുകളിലെ കാലതാമസം കണക്കിലെടുത്തു കേസിലെ തുകയുടെ 50% സര്‍ക്കാര്‍ നല്‍കുക, സഹകരണവകുപ്പുജീവനക്കാരെവച്ചു യുദ്ധകാലാടിസ്ഥാനത്തില്‍ കുടിശ്ശിക പിരിക്കാന്‍ പ്രത്യേകപദ്ധതിയുണ്ടാക്കുക, മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം രൂപവത്കരിക്കുക, പി.എസ്.സി.നിയമനസംവരണം പുനസ്ഥാപിക്കുക, കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേരളബാങ്കിലെ മിസലേനിയസ് സംഘങ്ങളുടെ നിക്ഷേപം തിരിച്ചുതരികയോ സ്ഥിരനിക്ഷേപമാക്കുകയോ ചെയ്യുക, എസ്.ബി.അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുക, കേരളബാങ്കിന്റെ പലിശനിര്‍ണയത്തിലെ അപാകം പരിഹരിക്കുക, ക്ലാസിഫിക്കേഷന്‍ പരിഷ്‌കരിക്കുക എന്നിവയാണു നിവേദനത്തിലെ ആവശ്യങ്ങള്‍.