സാമൂഹ്യസുരക്ഷാപെന്‍ഷന്‍: പാക്‌സ് കണ്‍സോര്‍ഷ്യത്തില്‍നിന്നു 3000കോടി കടമെടുക്കും
സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണത്തിനായി കേരള സാമൂഹ്യസുരക്ഷാപെന്‍ഷന്‍ കമ്പനി പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും കണ്‍സോര്‍ഷ്യത്തില്‍ നിന്നു 3000 കോടിരൂപ കടമെടുക്കും. ഇതിനു സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കും. കമ്പനിക്ക് വായ്പ നല്‍കുന്നതിനായി ഇത്രയും തുക സമാഹരിക്കാന്‍ പാക്‌സുകളുടെയും പ്രാഥമികസഹകരണസംഘങ്ങളുടെയും കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിക്കൊണ്ട് നവംബര്‍ 29നു സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഉത്തരവായി. പെന്‍ഷന്‍കമ്പനി മാനേജിങ് ഡയറക്ടറുടെ അഭ്യര്‍ഥനപ്രകാരമാണു സര്‍ക്കാര്‍ തീരുമാനം. കണ്‍സോര്‍ഷ്യംഫണ്ടില്‍നിന്നു തുക പൂള്‍ ചെയ്യുന്നതിനായി ഫണ്ടുമാനേജരുമായി ചേര്‍ന്നു കേരളബാങ്കില്‍ സംയുക്ത അക്കൗണ്ട് തുറക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് ഗ്രാമീണസര്‍വീസ് സഹകരണബാങ്കാണു കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് മാനേജര്‍സ്ഥാപനം.
വായ്പാകാലാവധി, പലിശയടവു സമയക്രമം, വായ്പ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു ഫണ്ടുമാനേജരും പെന്‍ഷന്‍കമ്പനിയും കരാറുണ്ടാക്കും. തിരിച്ചടവു പ്രക്രിയ കാലാകാലാങ്ങളില്‍ സഹകരണസംഘം രജിസ്ട്രാര്‍ വിലയിരുത്തും. അതി്‌ന്റെ മുറയനുസരിച്ചാവും പെന്‍ഷന്‍കമ്പനിക്കു വായ്പത്തുകകള്‍ വിട്ടുനല്‍കാന്‍ പാക്‌സ് കണ്‍സോര്‍ഷ്യത്തിനു രജിസ്ട്രാര്‍ അനുമതി നല്‍കുക. ഒരുകൊല്ലമാണു വായ്പക്കാലാവധി. കമ്പനിക്ക് ആവശ്യമെങ്കില്‍ ഇതു പരസ്പരസമ്മതപ്രകാരം പുതുക്കാം. 9.1%ആയിരിക്കും വാര്‍ഷികപ്പലിശനിരക്ക്. ഇതു മാസത്തവണകളായി നല്‍കണം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വായ്പത്തുക മൊത്തമായി തിരിച്ചടക്കണം.