സഹകരണ സ്ഥാപനജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു

Moonamvazhi

സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ച് ഉത്തരവു തയ്യാറായി. 2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ അഞ്ചുശതമാനവും നടപ്പാക്കാത്തിടങ്ങളില്‍ ഏഴുശതമാനവുമാണു ക്ഷാമബത്ത വര്‍ധിപ്പിച്ചത്. രണ്ടു ശമ്പള പരിഷ്‌കരണവും നടപ്പിലാക്കാത്തവര്‍ക്ക് അവരുടെ ജീവനക്കാരുടെ ശമ്പളം അവസാനമായി പരിഷ്‌കരിച്ചപ്പോള്‍ 24ശതമാനം ഡി.എ. അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചിരുന്നു. ഇവരുടെ കാര്യത്തിലുള്ള അപാകത ക്രമപ്പെടുത്തി നല്‍കുന്നതാണ്.ശമ്പളപരിഷകരണങ്ങള്‍ ഒന്നും നടപ്പിലാക്കാത്തവര്‍ക്കു 12 ശതമാനമാണു വര്‍ധിപ്പിച്ച ക്ഷാമബത്ത. ക്ഷാമബത്ത വര്‍ധനവിന് ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം വരുംവിധമാണ് ആദ്യം ഉത്തരവ് തയ്യാറാക്കിയിരുന്നത്. പിന്നീട് ഇത് 2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം വരുംവിധം ഭേദഗതി ഉത്തരവ് തയ്യാറാക്കി.

സഹകരണജീവനക്കാര്‍ക്കു ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതു സഹകരണസംഘങ്ങളുടെ തനതുഫണ്ട് ഉപയോഗിച്ചാണ്. സാമ്പത്തികഭദ്രതയുള്ള സംഘങ്ങളാണ് ക്ഷാമബത്തയും ആനുകൂല്യങ്ങളും അനുവദിക്കാറുള്ളത്. സര്‍ക്കാര്‍ജീവിക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ച് ഒരുമാസത്തിലേറെയായിട്ടും സഹകരണജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നില്ല. മൂന്നു ശമ്പളപരിഷ്‌കരണങ്ങളില്‍ ഡി.എ. ലയിപ്പിച്ചതിലുള്ള വ്യത്യാസംമൂലം സര്‍ക്കാര്‍ജീവക്കാര്‍ക്കു നല്‍കിയ നിരക്കിനെക്കാള്‍ മൂന്നുശതമാനംകൂടി ഉയര്‍ന്ന നിരക്കിനു സഹകരണജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് യൂണിയനുകളുടെ വാദം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലായിരുന്നു. ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഉത്തരവ് തയ്യാറായത്. മുന്‍കാലപ്രാബല്യം വരുമ്പോള്‍ അതനുസരിച്ചുള്ള വിഹിതം പെന്‍ഷന്‍ബോര്‍ഡിലേക്കു സംഘങ്ങള്‍ കൂടുതലായി നല്‍കേണ്ടിവരും.

 

Moonamvazhi

Authorize Writer

Moonamvazhi has 78 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News