ഹരിയാനയില്‍ താങ്ങുവിലയ്ക്കു നെല്ല് സംഭരിക്കാന്‍ എന്‍.സി.ഡി.സി. 6836.48 കോടി അനുവദിച്ചു

Deepthi Vipin lal

2021 – 22 കാലത്തു ഹരിയാനയില്‍ നെല്ല് സംഭരണത്തിനായി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( നാഷണല്‍ കോ – ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ – എന്‍.സി.ഡി.സി ) 6836.48 കോടി രൂപ അനുവദിച്ചു. കുറഞ്ഞ താങ്ങുവില നല്‍കിയായിരിക്കും നെല്ലു സംഭരിക്കുക.

നെല്ലു സംഭരിക്കാനായി ആയിരം കോടി രൂപ ഇതിനകം രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തുകഴിഞ്ഞെന്നും ബാക്കി തുക ഉടനെ നല്‍കുമെന്നും എന്‍.സി.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് നായക് പറഞ്ഞു. കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിച്ച ശേഷം ഇതാദ്യമായാണ് കുറഞ്ഞ താങ്ങുവില പ്രകാരം ഭക്ഷ്യധാന്യ സംഭരണത്തിനായി കര്‍ഷകരെ പിന്തുണയ്ക്കാന്‍ എന്‍.സി.ഡി.സി. തയാറാവുന്നത്. കോവിഡ് -19 മൂലം പ്രയാസത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണു എന്‍.സി.ഡി.സി. ലക്ഷ്യമിടുന്നത്.

ഹരിയാനയില്‍ കുറഞ്ഞ താങ്ങുവിലയ്ക്കുള്ള നെല്ലു സംഭരണം ഒക്ടോബര്‍ മൂന്നിനാണ് ആരംഭിച്ചത്. എന്‍.സി.ഡി.സി. യുടെ സമയോചിതമായ ഈ നടപടി സഹകരണ സംഘങ്ങളിലൂടെ നെല്ലു സംഭരണം തുടങ്ങാനുള്ള സംസ്ഥാന ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ എന്‍.സി.ഡി.സി.യുടെ ഈ ഹ്രസ്വകാല വായ്പകള്‍ ഉപയോഗിക്കും. അപ്പപ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് പണം കൊടുക്കാന്‍ സംഭരണ ഏജന്‍സികള്‍ക്ക് കഴിയും. നെല്ലു വിറ്റ പണത്തിനായി കര്‍ഷകര്‍ക്കു കാത്തിരിക്കേണ്ടിവരില്ല.

സഹകരണ സംഘങ്ങള്‍ക്കു മാത്രമായുള്ള ധനകാര്യ സ്ഥാപനമായ എന്‍.സി.ഡി.സി. ഇതുവരെ ഭക്ഷ്യധാന്യ സംഭരണത്തിനായി രാജ്യമാകെ 98,071 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഹരിയാനയ്ക്ക് മാത്രം 20,844 കോടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News