കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ കൂട്ടി
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന പണത്തിന് പലിശ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പലിശയ്ക്ക് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് സഹകരണ ബാങ്കുകള്‍ അറിയിച്ചിരുന്നു. ഇതോടെ, സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും കെ.എസ്.ആര്‍.ടി.സി.യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെങ്കിലും സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
2023 നവംബര്‍ 29നാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ധാരണാപത്രം ഒപ്പിടുന്നത്. 8.8 ശതമാനത്തിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാമെന്നായിരുന്നു ഇതിലെ ധാരണ. ഫണ്ട് മാനേജരായി കേരളബാങ്കിനെ ചുമതലപ്പെടുത്തി. കണ്‍സോര്‍ഷ്യത്തിന് സഹകരണ സംഘം രജിസ്ട്രാറാണ് രൂപംനല്‍കേണ്ടത്. 9 ശതമാനം പലിശ വേണമെന്നായിരുന്നു തുടക്കത്തിലെ സഹകരണ ബാങ്കുകളുടെ നിലപാട്. എന്നാല്‍, ഇത്രയും പലിശ അനുവദിക്കാനാവില്ലെന്ന നിലപാടില്‍ ധനവകുപ്പ് ഉറച്ചുനിന്നു. എട്ടരശതമാനം നല്‍കാമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. സഹകരണ-ധനവകുപ്പുകള്‍ നല്‍കിയ ചര്‍ച്ചയിലാണ് 8.8 ശതമാനം നല്‍കാന്‍ ധാരണയായത്.
ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ സഹകരണ മേഖലയിലെ പലിശ നിരക്ക് ഉയര്‍ത്തി. എട്ടുശതമാനം പലിശയാണ് സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ഇതോടെ, 8.8 ശതമാനത്തിന് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ ഫണ്ടിലേക്ക് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ മടിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നതില്‍ ധനവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. 9.1 ശതമാനമായി പലിശ നിരക്ക് ഉയര്‍ത്തിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ക്ക് മൂന്നുമാസത്തെ പെന്‍ഷന്‍ നിലവില്‍ കുടിശ്ശികയാണ്. അടിയന്തരമായി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍, പുതിയ പലിശ നിരക്ക് അനുസരിച്ച് സഹകരണ ബാങ്കുകളില്‍നിന്ന് ഫണ്ട് ശേഖരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളബാങ്കാണ് പണം ശേഖരിക്കുക. കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന പെന്‍ഷന്‍കാരുടെ പട്ടിക അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയായിരിക്കും പെന്‍ഷന്‍ വിതരണം ചെയ്യുക.